ഇൻസ്റ്റഗ്രാം താരം മൊബൈൽ ഫോൺ പൂർണമായും ഉപേക്ഷിച്ചത് മൂന്നു വർഷം; നേഹ ഇന്ന് ഐഎഎസുകാരി; നിശ്ചയദാർഢ്യത്തിലൂടെ ലക്ഷ്യം നേടിയെടുത്ത യുവതിയുടെ കഥ
ഈ ആധുനിക യുഗത്തിൽ മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയകളുമില്ലാത്ത നമ്മുടെ ദൈനംദിന ജീവിതം സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എന്നാൽ മറുവശത്ത്, ഈ ആധുനിക സാങ്കേതികവിദ്യയുടെ അത്ഭുതങ്ങൾ കരിയറും ജീവിത ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് പലർക്കും വെല്ലുവിളിയാകാറുമുണ്ട്. ഫോണിൽ നോക്കി വെറുതെ സമയം കളയുന്നവർ മുതൽ ഫോൺ അഡിക്ഷൻ വരെയുള്ള പലവിധ പ്രശ്നങ്ങളാണ് ഇന്ന് നിരവധിപേർ നേരിടുന്നത്. ഇത്തരം ആളുകൾക്ക് പ്രചോദനമേകുന്നതാണ് നേഹ ബെയ്ദ്‌വാൾ എന്ന യുവ ഐഎഎസുകാരിയുടെ ജീവിത കഥ.
മദ്ധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിനിയാണ് നേഹ. രാജസ്ഥാനിലെ ജയ്പൂരിലായിരുന്നു നേഹ ജനിച്ചത്. നേഹയുടെ പിതാവ് ശ്രാവൺ കുമാർ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ആദായ നികുതി വകുപ്പിൽ ഉദ്യോഗസ്ഥനായ പിതാവിന്റെ ജോലി സ്ഥലം മാറുന്നതിന് അനുസരിച്ച് കുടുംബത്തിനും ഒപ്പം മാറേണ്ടി വന്നു. സ്വന്തം അച്ഛന്റെ പാത പിന്തുടർന്ന് ഒരു സർക്കാർ ജീവനക്കാരിയാകണമെന്നും കേന്ദ്ര സർക്കാർ ജോലി നേടിയെടുക്കണമെന്നും നേഹ ചെറുപ്പം മുതൽ സ്വപ്‌നം കണ്ടിരുന്നു.
ഛത്തീസ്ഗഡിലെ ഡി.ബി ഗേൾസ് കോളജിൽ നിന്ന് ഏറ്റവും മികച്ച മാർക്കോടെയാണ് നേഹ കോളജ് പഠനം പൂർത്തിയാക്കിയത്. സോഷ്യൽമീഡിയ താരമായ ഈ യുവതിക്ക് നിരവധി ആരാധകരുമുണ്ടായിരുന്നു. ഐഎഎസുകാരിയാകുക എന്നത് ഈ യുവതിയുടെ ഒരു സ്വപ്നമായിരുന്നു. ബിരുദം പൂർത്തിയാക്കിയ ശേഷം യു.പി.എസ്.സി പരീക്ഷക്ക് തയാറെടുക്കാൻ തുടങ്ങി. എന്നാൽ തുടർച്ചയായി മൂന്നു തവണ സിവിൽ സർവീസ് പരീക്ഷ എഴുതിയെങ്കിലും പരാജയമായിരുന്നു ഫലം.
മൂന്ന് തവണ പരാജയപ്പെട്ടതിന്റെ കാരണം മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ആണെന്ന് നേഹ സ്വയം തിരിച്ചറിയുകയായിരുന്നു. ഇതോടെ പെൺകുട്ടി മൈബൈൽ ഫോണിനോട് പൂർണമായും വിടപറഞ്ഞു. പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ബന്ധുക്കളേയും സുഹൃത്തുക്കളേയും പോലും കാണാൻ സമയം കണ്ടെത്താൻ കഴിഞ്ഞില്ല. ഭൂരിഭാഗം സമയത്തും പഠനം മാത്രമായിരുന്നു നേഹയ്ക്ക് പ്രധാനം. ഒടുവിൽ ആ കഠിന പരിശ്രമത്തിന് ഫലം ലഭിക്കുകയും ചെയ്തു. 2021ൽ 569ാം റാങ്ക് നേടി നേഹ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു.
ഉന്നത വിജയം കരസ്ഥമാക്കുമ്പോൾ 24 വയസായിരുന്നു നേഹക്ക്. 960 മാർക്കാണ് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ ലഭിച്ചത്. സംവരണമുള്ളതിനാൽ താരതമ്യേന റാങ്ക് കുറഞ്ഞിട്ടും ഐ.എ.എസ് ലഭിച്ചു. തന്റെ ലക്ഷ്യം നേടിയെടുക്കുന്നതിനായി സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് ഉൾപ്പെടെ മാറി നിൽക്കാൻ തയ്യാറായ നേഹ ഇന്ന് സമൂഹമാദ്ധ്യമങ്ങളിലും താരമാണ്. ഇൻസ്റ്റഗ്രാമിൽ 28,000 ആളുകളാണ് നേഹയെ ഫോളോ ചെയ്യുന്നത്. പരീക്ഷ നേരിടാനുള്ള പൊടിക്കൈകൾ അവർ സ്വന്തം പ്രൊഫൈലിൽ പങ്കുവയ്ക്കാറുണ്ട്.
No Comment.