Skip to content

chithrodayamflashnews.com

Asnap 1409

യുദ്ധഭൂമിയിലെ നാലുമാസത്തെ വാസത്തിന് ശേഷം കുഞ്ഞു ഡാരിന അമ്മയുടെ മാറിലെ ചൂടറിഞ്ഞു; റഷ്യൻ യുവതിക്കും കുഞ്ഞിനും പുനസമാ​ഗമത്തിന് കാരണമായത് യുക്രൈൻ പൗരൻ

യുദ്ധഭൂമിയിലെ നാലുമാസത്തെ വാസത്തിന് ശേഷം കുഞ്ഞു ഡാരിന അമ്മയുടെ മാറിലെ ചൂടറിഞ്ഞു; റഷ്യൻ യുവതിക്കും കുഞ്ഞിനും പുനസമാ​ഗമത്തിന് കാരണമായത് യുക്രൈൻ പൗരൻ

കീവ്: നാലു മാസത്തെ യുദ്ധഭൂമിയിലെ വാസത്തിന് ശേഷം കുഞ്ഞു ഡാരിന അമ്മയുടെ മാറിലെ ചൂടറിഞ്ഞു. പട്ടാളക്കാരുടെ സാന്നിധ്യവും പൊട്ടിത്തെറിയുടെ ശബ്ദങ്ങളും നിറഞ്ഞ ലോകത്ത് നിന്നും ഈ മൂന്നുവയസുകാരിക്ക് അമ്മയുടെ സ്നേഹവും ലാളനകളും തിരിച്ചുകിട്ടിയിരിക്കുകയാണ്. അധിനിവേശഭൂമിയിൽ കുടുങ്ങിയ 46 റഷ്യൻ പൗരന്മാരെ തിരിച്ചയക്കാൻ യുക്രൈൻ തീരുമാനിച്ചതോടെയാണ് റഷ്യക്കാരിയായ അനസ്റ്റാസിയക്ക് തന്റെ പൊന്നോമനയെ തിരികെ ലഭിച്ചത്.

യുക്രൈൻ അതിർത്തി പ്രദേശമായ കുർസ്ക് സ്വദേശിനിയാണ് അനസ്റ്റാസിയ. യുക്രൈൻ – റഷ്യ യുദ്ധം രണ്ടരവർഷത്തോടടുക്കവേ, ഓഗസ്റ്റിൽ റഷ്യയെ ഞെട്ടിച്ചുകൊണ്ട് യുക്രൈൻ അപ്രതീക്ഷിതമായി കുർസ്കിൽ കരയധിനിവേശം ആരംഭിച്ചു. അപ്പോൾ തലസ്ഥാനമായ മോസ്കോയിൽ ജോലിതേടിപ്പോയിരിക്കുകയായിരുന്നു അനസ്റ്റാസിയ. കൊച്ചുഡാരിനയാകട്ടെ ആസമയം എഴുപത്തിയെട്ടുകാരിയായ മുതുമുത്തശ്ശി ടാറ്റിയാനയ്ക്കൊപ്പം കാഷ്ച്യ ഗ്രാമത്തിലെ വീട്ടിലും. യുക്രൈൻ പട്ടാളക്കാർ വീടിനുചുറ്റം കിടങ്ങുപണിയാൻ തുടങ്ങിയതോടെ ചെറുമകളെയും എടുത്ത് ടാറ്റിയാന സമീപപട്ടണമായ സുദ്ഷയിലെത്തി. സുരക്ഷയെക്കരുതി നാലുമാസത്തോളം അവർ ആക്രമണത്തിൽ പാതി തകർന്ന ഒരു സ്കൂളിൽ കഴിച്ചുകൂട്ടി. വിവിധഗ്രാമങ്ങളിൽനിന്നുള്ള നൂറിലേറെ അഭയാർഥികളുമുണ്ടായിരുന്നു ഒപ്പം. യുക്രൈൻ സൈനികർ ടിന്നിലടച്ച ഇറച്ചിയും റൊട്ടിയും കൊണ്ടുവന്നുകൊടുത്തതിനാൽ ഭക്ഷണത്തിന് മുട്ടുണ്ടായിരുന്നില്ലെന്ന് മുത്തശ്ശി പറയുന്നു. എങ്കിലും ഡാരിനയ്ക്കൊരുടുപ്പ് വാങ്ങാനായി യുദ്ധഭൂമിയിലെ ഒറ്റപ്പെട്ട കടകളന്വേഷിച്ച് അലഞ്ഞു.

‘അലക്സി’ എന്ന യുക്രൈൻകാരന്റെ രൂപത്തിൽ ദൈവമൊരുക്കിയതാണെണ് ഈ പുനഃസമാഗമം എന്നാണ് അനസ്റ്റാസിയ പറയുന്നത്. നാലുമാസത്തോളം അനസ്റ്റാസിയക്കും ഡാരിനയ്ക്കുമിടയിലെ ദൂതനായിരുന്നു യുദ്ധറിപ്പോർട്ടറായ അലക്സി. അനസ്റ്റീസിയ അയക്കുന്ന വീഡിയോകൾ കാണിച്ചാണ് അമ്മയെക്കാണാതെ കരഞ്ഞിരുന്ന കുഞ്ഞുഡാരിനയെ അലക്സി സമാധാനിപ്പിച്ചിരുന്നത്. ഡാരിനയുടെ കളിയും ചിരിയും പകർത്തി അനസ്റ്റാസിയക്കും അയച്ചുകൊടുത്തിരുന്നു.

ഡാരിനയെ യുക്രൈൻ അതിർത്തിപ്രദേശമായ സുമിയിലേക്ക് കൊണ്ടുപോകാൻ അനുവാദം നൽകണമെന്ന അലക്സിയുടെ ആവശ്യപ്രകാരം, അനസ്റ്റീസിയ സമ്മതമറിയിച്ച് വീഡിയോ അയച്ചതോടെയാണ് ഡാരിനയ്ക്ക് യുദ്ധഭൂമിയിൽനിന്ന് പുറത്തു കടക്കാനായത്. സൈന്യത്തിന്റെ സഹായത്തോടെ 40 കിലോമീറ്റർ അതിർത്തിതാണ്ടി ഇരുവരെയും യുക്രൈനിലെത്തിക്കുകയും പിന്നീട് ബെലറൂസ് വഴി റഷ്യയിലെത്തിക്കുകയും ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6