ഒരു വർഷത്തിനിടെ മൂന്ന് കിരീടങ്ങൾ; അമേരിക്കയിൽ മലയാളികൾക്ക് അഭിമാനമായി സ്മിത
നോർത്ത് കാരോലിന: അമേരിക്കയിലെ സൗന്ദര്യമത്സര വേദികളിൽ മലയാളികൾക്ക് അഭിമാനമായി മാറുകയാണ് സ്മിത ഭാസി സഞ്ജീവ് എന്ന യുവതി. ഒരു വർഷത്തിനിടെ അമേരിക്കയിൽ നടന്ന മൂന്നു സൗന്ദര്യമത്സരങ്ങളിൽ സ്മിതയാണ് കിരീടം ചൂടിയത്. മിസിസ് യുഎസ്എ എടിഎ നോർത്ത് കാരോലിന, മിസിസ് യുഎസ്എ എടിഎ നാഷനൽസ്, മിസിസ് യുഎസ്എ യൂണിവേഴ്സ് സൗത്ത് കാരോലിന തുടങ്ങിയ മത്സരങ്ങളിലാണ് സ്മിത ജേതാവായത്. ജീവിതത്തിലുണ്ടായ പ്രതിസന്ധികളെയും തിരിച്ചടികളെയുമെല്ലാം അതിജീവിച്ചാണ് ഈ നേട്ടമെന്നത് വിജയങ്ങൾക്കെല്ലാം ഇരട്ടിമധുരം നൽകുന്നു.
മിസിസ് യുഎസ്എ എടിഎ നോർത്ത് കാരോലിന മത്സരത്തിൽ ജേതാവായാണ് സ്മിത ആദ്യമായി സൗന്ദര്യ റാണിപട്ടം അണിയുന്നത്. ഈ വർഷം മേയിൽ നോർത്ത് കാരോലിനയിലെ റാലിഹിൽ നടന്ന സൗന്ദര്യ മത്സരത്തിലായിരുന്നു സ്മിതയുടെ കന്നി കിരീടധാരണം. എടിഎ പ്രസിഡന്റ് മധു ബൊമ്മിനെനിയാണ് കിരീടം സമ്മാനിച്ചതെന്ന് സ്മിത അഭിമാനത്തോടെ പറയുന്നു. തൊട്ടുപിന്നാലെ ജൂണിൽ മിസിസ് യുഎസ്എ എടിഎ നാഷനൽസിലും സ്മിത കിരീടം നേടി. അറ്റ്ലാന്റയിലെ ജോർജിയ വേൾഡ് കോൺഗ്രസ് സെന്ററിൽ നടന്ന മത്സരത്തിൽ സൂപ്പർതാരം വിജയ് ദേവരകൊണ്ടയാണ് സ്മിതയെ കിരീടമണിയിച്ചത്.
ന്യൂ ജഴ്സിയിൽ നവംബറിലായിരുന്നു മിസിസ് യുഎസ്എ യൂണിവേഴ്സ് സൗത്ത് കാരോലിനയെ കണ്ടെത്താനുള്ള മത്സരം. അവിടെയും വിജയം സ്മിതയ്ക്കൊപ്പമായിരുന്നു. അതോടൊപ്പം കടുത്ത മത്സരം നടക്കുന്ന മിസിസ് യുഎസ്എ യൂണിവേഴ്സ് മത്സരത്തിലെ ടോപ് ഫൈവിൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സൗന്ദര്യമത്സര രംഗത്തെ നേട്ടങ്ങൾക്കപ്പുറം കുച്ചിപ്പുടി നർത്തകി കൂടിയാണ് സ്മിത. തനതായ ഇന്ത്യൻ പാരമ്പര്യവും സമകാലിക വിഷയങ്ങളും കോർത്തിണക്കിയാണ് സ്മിതയുടെ കുച്ചിപ്പുടി നൃത്തം. വിവിധ സംസ്‌കാരിക പാരമ്പര്യമുള്ളവരും ഇഷ്ടപ്പെടുന്നതാണ് സ്മിതയുടെ നൃത്തനൃത്യങ്ങൾ.
സ്മിതയുടെ നേട്ടങ്ങൾക്ക് പത്തരമാറ്റ് തിളക്കമുണ്ട്. കാരണം വേദനയുടെ ആഴക്കടൽ നീന്തിയാണ് അവർ വിജയ തീരത്ത് അണഞ്ഞത്. സഹോദരന്റെ ദുരന്തപൂർണമായ വേർപാടും തുടർന്നുണ്ടായ മാനസികാഘാതവും സ്മിതയെ കുറച്ചൊന്നുമല്ല തളർത്തിയത്. ഒഴിഞ്ഞുമാറി ഏകാകിയായി പോയ അവസ്ഥ. തന്നിലുള്ള കലാകാരിയെപ്പോലും മറന്ന അവസ്ഥ.
എന്നാൽ ഇതിനെയെല്ലാം തരണം ചെയ്താണ് സ്മിത സൗന്ദര്യ മത്സരലോകത്തിലേക്ക് വീണ്ടും തിരിച്ചെത്തിയത്. അംഗീകാരങ്ങളെക്കാൾ കൂടുതലായി അവരുടെ അർപ്പണ മനോഭാവവും മറ്റുള്ളവരെക്കൂടി ഈ രംഗത്ത് കൈപിടിച്ചുയർത്താനുള്ള ആഗ്രഹവുമാണ് വീണ്ടും മത്സരരംഗത്തെത്താൻ കാരണമായത്. അതാകട്ടെ മൂന്നു കിരീട നേട്ടങ്ങളിലേക്ക് അവരെ കൈപിടിച്ചു നടത്തുകയും ചെയ്തു.
സൗന്ദര്യലോകത്തിന്റെ മാസ്മരികതയ്ക്കും വശ്യതയ്ക്കുമൊപ്പം വറ്റാത്ത മനുഷ്യസ്നേഹത്തിനുടമ കൂടിയാണ് സ്മിത. പെൺകുട്ടികൾക്കായി ‘മൈ പ്രിൻസസ് ഫൗണ്ടേഷൻ’ എന്നൊരു സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുകയാണ് സ്മിത. പലവിധ കാരണങ്ങളാൽ സമൂഹത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ടിരിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനൊപ്പം അവരെ സ്വയം പര്യാപ്തതരാക്കുന്നതിന് കഴിവുകൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന ഈ സംഘടനക്ക് ജന്മം നൽകിയത് നിഷ പിള്ളയാണ്.
സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അവരുടെ കഴിവുകൾ വികസിപ്പിച്ച് അവരെ ശാക്തീകരിക്കുന്നതിലൂടെ ശാശ്വതമായ മാറ്റങ്ങൾ കൊണ്ടുവരാമെന്ന് സ്മിത വിശ്വസിക്കുന്നു. മറ്റുള്ളവർക്ക് പ്രചോദനമാകുന്നതിലൂടെ അവരിലുണ്ടാകുന്ന യഥാർഥ മാറ്റമാണ് തനിക്കു ലഭിക്കുന്ന ആദരവെന്ന് സ്മിത പറയുന്നു.
കുടുംബത്തിന്റെ ശക്തമായ പിന്തുണയാണ് തന്റെ എല്ലാ നേട്ടങ്ങൾക്കും കാരണമെന്നാണ് സ്മിത പറയുന്നത്. ഭർത്താവ് സഞ്ജീവ് നായർ, മക്കളായ ആയുഷ്, ആര്യൻ, അയാൻഷ് എന്നിവരടങ്ങിയതാണ് കുടുംബം. തന്റെ എല്ലാ ശക്തിയുടെയും നേട്ടങ്ങളുടെയും പിന്നിലെ പ്രേരകശക്തി ഇവരാണെന്ന് സ്മിത ഉറച്ചുവിശ്വസിക്കുന്നു. വിവിധ ഭാഗങ്ങളിലുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും എന്നും പിന്തുണയേകുന്നതായി സ്മിത പറഞ്ഞു. തന്റെ ആഗ്രഹങ്ങൾക്കും ബോധ്യങ്ങൾക്കും പിന്നാലെ പോകുമ്പോഴും കുടംബത്തിന്റെ പ്രാധാന്യം ഒരിക്കലും മറക്കാറില്ലെന്നും സ്മിത കൂട്ടിച്ചേർക്കുന്നു.
No Comment.