Skip to content

chithrodayamflashnews.com

Asnap 1409

എവിടെയാണ് മനുഷ്യന്റെ പുരോഗതി. (ലേഖനം)

പറക്കമുറ്റാത്ത രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയായ ഒരു പാവം സ്ത്രീ,ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള എല്ലാ വഴികളും മുന്നിൽ കൊട്ടിയടക്കപ്പെട്ടപ്പോൾ തന്റെ എല്ലാമായ രണ്ട് പെണ്മക്കളെ മാറോട് ചേർത്തുപിടിച്ച് മരണത്തിന്റെ വായിലേക്ക് നടന്നുകയറിയിട്ട് ഏതാനും ദിവസങ്ങൾ മാത്രം.

സ്വന്തം മക്കളെയും മാറോട് ചേർത്തു പിടിച്ച് ട്രെയിന് മുന്നിൽ ചാടിമരിച്ച ഏറ്റുമാനൂർ സ്വദേശിനി ഷൈനിയും മക്കളും ഇന്ന് നാടിന്റെയാകെ നൊമ്പരമായി പടർന്നു കയറുന്നു. മദ്യാപാനിയായ ഭർത്താവിന്റെ മാനസികവും ശാരീരികവുമായ ക്രൂരപീഡനങ്ങളാൽ സഹികെട്ടപ്പോൾ ആ സ്ത്രീ ദാമ്പത്യജീവിതം മതിയാക്കി ഏതാണ്ട് ഒൻപത് മാസമായി കുഞ്ഞുങ്ങളെയും കൂട്ടി സ്വന്തം വീട്ടിൽവന്ന് താമസിച്ചു വരികയായിരുന്നു. മക്കളെ പോറ്റുവാൻ, ഒരു തികഞ്ഞ വിശ്വാസിയും ബി എ സി നേഴ്‌സുമായ അവർ സഭയുടെ തന്നെ നിരവധി വാതിൽപടികളിൽ കയറിയിറങ്ങിയിരുന്നു.എന്നാൽ അവിടെയെല്ലാം ഭർത്ത്സഹോദരൻ കൂടിയായ ഒരു വൈദികൻ തടയിടുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

ഒരു വൈദികൻ കടുംബത്തിൽ ഉണ്ടെകിൽ ഒരു സമൂഹത്തിന് മാത്രമല്ല ആ കുടുംബത്തിനും പ്രകാശമാകുവാനും സാധിക്കുന്നതാണ്, ഷൈനിയെന്ന ആ അമ്മയുടെ വൈവാഹിക പ്രശ്നങ്ങൾക്കും കുട്ടികളുടെ കാര്യങ്ങൾക്കും ഒരു പരിഹാരം കണ്ടെത്തി അവർക്ക് ആശ്വാസമാകേണ്ടതാണ്. എന്നാൽ ഇവിടെ അവർക്ക് അന്ധകാരം സമ്മാനിച്ചത് ആ വൈദികൻ തന്നെയാണ് എന്നാണ് മനസിലാക്കുവാൻ കഴിയുക.
ഇവരൊക്കെ ജനങ്ങളെ നോക്കി എന്ത് സാരോപദേശങ്ങളാണ് പറയുക. എന്തിനാണ് ഈ തിരുവസ്ത്രം അണിഞ്ഞു മറ്റ് വൈദികർക്ക് മോശമുണ്ടാക്കുന്നത്.

ഡിവോഴ്സിന് വേണ്ടി ഷൈനിയെന്ന ആ സ്ത്രീ കേസ് ഫയൽ ചെയ്തുവെങ്കിലും വര്ഷങ്ങളായിട്ടും അതിലൊന്നും സഹകരിക്കുകയോ ആ സ്ത്രീക്കും തന്റെ രക്തത്തിൽ പിറന്ന സ്വന്തം രണ്ടു പെൺകുഞ്ഞുങ്ങൾക്കും ചിലവുകളോ ജീവനാംശമോ കൊടുക്കാതെ ഒളിച്ചുകളിക്കുകയായിരുന്നു ഷൈനിയുടെ ഭർത്താവ് എന്ന ആ നാരാധമൻ ചെയ്തിരുന്നത്.
ഭർത്ത്ബന്ധം വിട്ട് കുഞ്ഞുങ്ങളോടൊപ്പം സ്വന്തം വീട്ടിൽ അഭയം തേടിയപ്പോൾ അവിടെയും
യഥാസ്ഥിതി വാദങ്ങളെ പുണർന്നെന്നപോലെ, ആ മകളെയും കുഞ്ഞുമക്കളെയും മനസിറിഞ്ഞു അംഗീകരിക്കുവാനോ സ്വീകരിക്കുവാനോ ഷൈനിയുടെ മാതാപിതാക്കൾക്കും കഴിഞ്ഞില്ല എന്നതും ഇവിടെ ശ്രദ്ധേയമാമാണ്.

മറ്റൊരു കാര്യം ഇവിടെ എടുത്തുപറയുവാനുള്ളത്, ഷൈനിയുടെ ജീവിതത്തിൽ അവരുടെ ഭർത്താവിനെ മറികടന്ന് നിരന്തരം പ്രതിബന്ധങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നത് ഭർത്താവിന്റെ സഹോദരൻ ആയിരുന്ന വൈദികൻ ആണെന്ന് ഇപ്പോൾ കൂടുതൽ ആക്ഷേപങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നു. എന്തായാലും അതിന്റെ പിന്നിലും ഒരു കാരണമുണ്ടെന്നത് വ്യക്തമാണ്.ഷൈനിയെയും കുഞ്ഞുങ്ങളെയും ഈ കൂട്ട ആത്മഹത്യയിലേക്ക് നയിച്ച ഭർത്താവ് എന്ന നാരാധമനെ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അതിദുഖകരമായ ഈ ദുരന്തത്തിന് പങ്കുചേർന്ന മറ്റുള്ളവരെയും തീർച്ചയായും നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവന്ന് ശിക്ഷകൾക്ക് വിധേയമാക്കേണ്ടതുണ്ട്.

സാമൂഹികമായും സാമ്പത്തികമായും ഏറെ പുരോഗമിച്ചു എന്നു നമ്മൾ അവകാശപ്പെടുന്ന ഈ ആധൂനിക സമൂഹത്തിൽ കള്ളന്മാരും കൊലപാതകികളും സാമ്പത്തിക തട്ടിപ്പുകാരും സസുഖം ഇവിടെ വിരാചിക്കുമ്പോഴാണ് ചേർത്തു നിത്തപ്പെടേണ്ടവരാൽ തന്നെ തഴയപ്പെട്ട് ഈ വിശ്വാസസമൂഹത്തിന്റെ ഭാഗമായിരുന്ന ഒരു സ്ത്രീ തന്റെ രണ്ടു പെൺകുഞ്ഞുങ്ങളെയും കൊണ്ട് നിരാശ്രയരായി ജീവിത വെപ്രാളവുമായി ഓടിനടന്നതെന്ന് ഓർക്കുമ്പോൾ അവരനുഭവിച്ച ദുഃഖവും വേദനയും മനസാഷിയുള്ളവരിലേക്ക് വീണ്ടും വീണ്ടും പടർന്നു കയറുന്നു. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ആ ഭർത്ത് വീട്ടുകാർക്കോ ആ സമൂഹത്തിനോ ഒഴിഞ്ഞുമാറുവാൻ കഴിയുമോ?

ഒരു പാവം സ്ത്രീയുടെ ജീവിതം ദുഃഖദുരിതപൂർണമാക്കി കശക്കിയേറിഞ്ഞു അവരെയും രണ്ടു മാലാഖകുഞ്ഞുങ്ങളെയും മരണത്തിന്റെ വായിലേക്ക് വലിച്ചെറിഞ്ഞ ഭർത്ത്വീട്ടുകാർക്കെതിരെ രൂക്ഷ വിമർശ്ശനങ്ങൾ ഉയർന്നപ്പോൾ സമൂഹം, “സംഭവത്തിന്റെ ചർച്ച വഴിമാറ്റുന്നു,കൂട്ട ആത്‍മഹത്യ ചെയ്ത ആ സ്ത്രീയുടെ മനക്കരുത്തില്ലായ്മ നമ്മൾ എന്തുകൊണ്ട് കാണുന്നില്ല” എന്നും പറഞ്ഞു സഭാനേതൃത്വം വഹിക്കുന്ന ഒരു പുരോഹിത പ്രമുഖൻ വന്നു പറഞ്ഞപ്പോൾ വിശ്വാസികളുടെ പൊങ്കാലയായിരുന്നു മറുപടി!. ആ പഴയ വിശ്വാസികൾമാറിപ്പോയത് ആ പാവം അറിഞ്ഞില്ല.
മരിച്ച ഷൈനിയുടെ മാനസികാരോഗ്യം അളന്ന് അവരെ ഒരുമാനസികരോഗിയാക്കി ചർച്ചനടത്തി ഷൈനിയുടെ ഭർത്ത് വീട്ടുകാരേയും അവിടെത്തെ ആ വൈദികനേയും എങ്ങിനെയും ഊരിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് വിശ്വാസികൾ മൊത്തം മനസിലാക്കികളഞ്ഞു!

ഏതായാലും ഇതൊക്കെ കാണുമ്പോൾ ഈ എളിയവന്റെ മനസിൽ ഒരു ചോദ്യമാണ് അവശേഷിക്കുന്നത്, പരിഷ്‌കൃത സമൂഹത്തിൽ വചനങ്ങൾ പ്രഘോഷിക്കുമ്പോഴും,നാടുനീളെ കൃപാസനാനുഗ്രഹങ്ങൾ വർഷിക്കുമ്പോഴും എന്തുകൊണ്ട് ഷൈനിമാർ നിരാശ്രയരായി സ്വന്തം മക്കളെയും ചേർത്തുപിടിച്ചുകൊണ്ട് പാഞ്ഞുവരുന്ന ട്രെയിനുമുന്നിൽജീവനോടുക്കേണ്ടി വരുന്നു?
എവിടെയാണ് മനുഷ്യൻ പുരോഗതി ആർജ്ജിച്ചിരിക്കുന്നത്.
പലവിധ കുപ്പായങ്ങളിലും വേഷങ്ങളിലും നടക്കുന്ന മനുഷന്റെ ഉള്ളിൽ ഇപ്പോഴും ആ പഴയ കാട്ടാളൻ തന്നെയാണുള്ളത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6