കണ്ണൂരിൽ തളിപ്പറമ്പിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്. 23കാരി സ്നേഹ മെർലിൻ അറസ്റ്റിൽ
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലാണ് സംഭവം. തളിപ്പറമ്പ് പുളിമ്പറമ്പിലെ സ്നേഹ മെർലിൻ (23) ആണ് പിടിയിലായത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 12കാരിയെ നിരന്തരം ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സർക്കിൾ ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പോക്സോ കേസിൽ യുവതിയെ പിടികൂടിയത്.
ലൈംഗീക ആക്രമണം നേരിട്ട ശേഷം കുട്ടിയിലുണ്ടായ ഭാവ മാറ്റമാണ് സംഭവം പുറത്തറിയാൻ കാരണമായത്. പെൺകുട്ടിയുടെ ബാഗിൽനിന്ന് അധ്യാപിക മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് സംശയം ഉയർന്നത്. അതിജീവിതയായ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അദ്ധ്യാപികക്ക് മാസങ്ങളായി സംശയം തോന്നിയിരുന്നു. ഇതേതുടർന്ന് കുട്ടിയുടെ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ്ലൈൻ അധികൃതർ നടത്തിയ കൗൺസലിങ്ങിലാണ് പീഡനം നടന്നത് സ്ഥിരീകരിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകി. പെൺകുട്ടിക്ക് യുവതി സ്വർണ ബ്രേസ്ലെറ്റ് വാങ്ങി നൽകിയതായും സൂചനയുണ്ട്.
പല തവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതേസമയം യുവതിക്കെതിരെ ഇതുകൂടാതെ നിരവധി ലൈംഗീകാതിക്രമ കേസുകൾ നിലവിലുണ്ട്. 14 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പീഡനത്തിന്റെ വിഡിയോ ചിത്രീകരിച്ച് ആൺകുട്ടിയെ ഭീഷണിപ്പെടുത്തി പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവത്രെ. നേരത്തെ അടിപിടി കേസിലും സ്നേഹ പ്രതിയായിരുന്നു. ഇതുകൂടാതെ സി.പി.ഐ നേതാവ് കോമത്ത് മുരളിയെ അക്രമിച്ച കേസിലും പ്രതിയാണ് യുവതി.
No Comment.