പാലക്കാട്ടെ ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിലേക്ക് ലോഡുമായി എത്തുന്ന ഒരു കൂറ്റൻ മഹീന്ദ്രാ നാവിസ്റ്റാർ ട്രക്ക് ഇപ്പോൾ നാട്ടുകാർക്ക് ഒരു കൗതുക കാഴ്ചയല്ല, പകരം വലിയൊരു പ്രചോദനമാണ്. കാരണം, ആ 14 ചക്രങ്ങളുള്ള ലോറിയുടെ സാരഥി ഒരു സ്ത്രീയാണ് – 45 വയസ്സുകാരിയായ യോഗിത രഘുവംശി.
ആഗ്രയിൽ നിന്ന് 2341 കിലോമീറ്റർ ദൂരം ഒറ്റയ്ക്ക് താണ്ടിയാണ് യോഗിത പാലക്കാട്ടെത്തുന്നത്. വഴിയിൽ അപകടങ്ങൾ പതിയിരിക്കുന്നതും സാധാരണയായി പുരുഷന്മാർ മാത്രം ഡ്രൈവ് ചെയ്യുന്നതുമായ ദുർഘടമായ പാതകളിലൂടെ ഒരു ക്ലീനർ പോലുമില്ലാതെയാണ് യോഗിതയുടെ ഈ യാത്ര. കോമേഴ്സിലും നിയമത്തിലും ബിരുദധാരിണിയായ ഈ ഉത്തർപ്രദേശുകാരി, 2000 മുതലാണ് ട്രക്ക് ഡ്രൈവിംഗ് ജീവിതം ആരംഭിച്ചത്.
ട്രക്ക് ഡ്രൈവറായിരുന്ന ഭർത്താവിന്റെ അപ്രതീക്ഷിത മരണശേഷം, അവകാശപ്പെട്ട സ്വത്ത് ബന്ധുക്കൾ തട്ടിയെടുത്തപ്പോൾ, രണ്ട് മക്കളെ പോറ്റാൻ യോഗിത കണ്ടെത്തിയ വഴി ഈ ജോലിയായിരുന്നു. അന്ന് മുതൽ ഇന്നുവരെ അഞ്ചര ലക്ഷം കിലോമീറ്ററിലധികം ദൂരം യോഗിത തന്റെ ട്രക്കോടിച്ചു കഴിഞ്ഞു, ഒറ്റയ്ക്ക്.
കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള ചങ്കൂറ്റവും ഉണ്ടെങ്കിൽ ഈ രാജ്യത്ത് ലക്ഷക്കണക്കിന് ‘യോഗിതമാർ’ ഉണ്ടാകുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ ധീരവനിത. യഥാർത്ഥത്തിൽ ഒരു ‘ലേഡി സൂപ്പർസ്റ്റാർ’ തന്നെയാണ് യോഗിത. അവർക്ക് ഒരു വലിയ സല്യൂട്ട്
https://shorturl.fm/uyMvT