Skip to content

chithrodayamflashnews.com

November 28, 2026 9:26 am

സോണിയക്കും അനിതക്കും ഓരോ തവണയും പ്രതിഫലമായി കിട്ടിയിരുന്നത് പതിനായിരം രൂപവീതം; വിവാഹിതയായ യുവതിയും ഡി​ഗ്രി വിദ്യാർത്ഥിനിയും കുടുങ്ങിയത് ഇങ്ങനെ…

കൊച്ചി: 37.5 കിലോ കഞ്ചാവുമായി കോളജ് വിദ്യാർത്ഥിനിയും യുവതിയും പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പശ്ചിമ ബം​ഗാളിലെ മൂർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താന (21), അനിത ഖാതൂൻ ബിബി (29) എന്നിവർ നേരത്തെയും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരുതവണ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതിന് ഒരാൾക്ക് പതിനായിരം രൂപയാണ് പ്രതിഫലം. കഞ്ചാവ് കേരളത്തിലെത്തിച്ച് കൈമാറുമ്പോൾ തന്നെ പണം ലഭിക്കുമെന്നും യുവതികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ഡി​ഗ്രി വിദ്യാർത്ഥിനിയാണ് സോണിയ. അനിത വിവാഹിതയാണ്. പോക്കറ്റ് മണിക്കായാണ് ഇവർ കഞ്ചാവ് കടത്തുകാരായതെന്നും മൊഴിനൽകിയിരുന്നു. വിനോദസഞ്ചാരത്തിനെന്ന വ്യാജേനയാണ് ഇരുവരുടെയും യാത്ര. ട്രെയിനിലാണ് കഞ്ചാവുമായി യാത്ര ചെയ്യുന്നതും. കേരളത്തിൽ കഞ്ചാവെത്തിച്ച് കൈമാറുന്നതോടെ പണം ലഭിക്കും. ഇതുമായി അടുത്ത ട്രെയിനിൽ ബം​ഗാളിലേക്ക് തിരികെ പോകുന്നതുമാണ് യുവതികളുടെ രീതി.

‌ഞായറാഴ്ച്ചയാണ് എറണാകുളം നോ‌ർത്ത് റെയിൽവേ സ്റ്റേഷനിൽ 37.5 കിലോ കഞ്ചാവുമായി യുവതികൾ പിടിയിലായത്. ഇരുവരെയും ഇന്നലെ എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കാക്കനാട്ടെ വനിതാ ജയിലിൽ റിമാൻഡ് ചെയ്തു.ഇവരുടെ മുർഷിദാബാദിലുള്ള ബന്ധുക്കളുമായി റെയിൽവേ പൊലീസ് ബന്ധപ്പെട്ടു. സോണിയാ സുൽത്താന ബിരുദവിദ്യാർത്ഥിനിയും അനിത വിവാഹിതയുമാണെന്നു സ്ഥിരീകരിച്ചു.

കൃഷ്ണരാജപുരത്ത് നിന്ന് തങ്ങൾ കയറിയ ട്രെയിനിന്റെ മറ്റൊരു കോച്ചിൽ കഞ്ചാവ് കടത്ത് സംഘത്തിൽപ്പെട്ട അന്യസംസ്ഥാനക്കാരൻ ഉണ്ടായിരുന്നതായി യുവതികൾ മൊഴി നൽകി. അനിതയും സോണിയയും പൊലീസ് പിടിയിലായതറിഞ്ഞ് ഇയാൾ മുങ്ങിയെന്നാണ് സംശയം. തുടരന്വേഷണത്തിന്റെ ഭാഗമായി നോർത്ത് സ്റ്റേഷനിലെ സി.സി ടിവി ക്യാമറകൾ പൊലീസ് പരിശോധിക്കും. അന്വേഷണം എറണാകുളം റെയിൽവേ ഇൻസ്‌പെക്ടറുടെ താത്കാലിക ചുമതലയുള്ള ഷൊർണ്ണൂർ റെയിൽവേ ഇൻസ്പെക്ടർക്ക് കൈമാറി.

ആർപിഎഫ് ക്രൈം സ്‌ക്വാഡ്, ഡാൻസാഫ് സംഘങ്ങൾ റയിൽവെസ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതികൾ കുടുങ്ങിയത്. ബംഗളൂരുവിൽ നിന്നാണ് യുവതികൾ ട്രെയിൻ കയറിയത്. പാലക്കാട് പരിശോധന കർശനമാക്കിയതോടെ റൂട്ട് മാറ്റി. എന്നാൽ, എറണാകുളത്ത് എത്തിയതോടെ യുവതികൾ കുടുങ്ങുകയായിരുന്നു. എറണാകുളത്ത് ഇറങ്ങിയയുടൻ സംശയം തോന്നിയ യുവതികൾ ബാഗമായി സ്ഥലം വിടാൻ ശ്രമിച്ചതോടെയാണ് പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചത്. ഓർഡർ അനുസരിച്ചാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്നതെന്നും യുവതികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6