മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ തടഞ്ഞുനിർത്തി ശമ്പളം വൈകുന്നതിനെക്കുറിച്ച് പരാതിപ്പെട്ട താത്കാലിക ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. സംഘം ചേർന്നുള്ള ബഹളവും, സംഘർഷ സാധ്യത ഉണ്ടാക്കിയെന്നും ആരോപിച്ചാണ് പോലീസ് നടപടി. സംഭവത്തിൽ കണ്ടാലറിയാവുന്ന ജീവനക്കാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ചൊവ്വാഴ്ച മെഡിക്കൽ കോളേജിൽ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിനായി മന്ത്രിയെത്തിയപ്പോഴാണ് സംഭവം. ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റിക്ക് (HDS) കീഴിൽ ജോലി ചെയ്യുന്ന നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ, എക്സ്-റേ ടെക്നീഷ്യൻമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള ജീവനക്കാരാണ് തങ്ങൾക്ക് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് മന്ത്രിയോട് നേരിട്ട് പരാതിപ്പെട്ടത്.
ഔദ്യോഗിക പരിപാടികൾക്ക് ശേഷം മന്ത്രി മടങ്ങാൻ ഒരുങ്ങിയപ്പോൾ ജീവനക്കാർ അവരെ തടഞ്ഞുനിർത്തി. തങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ തോതിൽ ശബ്ദമുയർത്തുകയും കൂട്ടംകൂടി നിൽക്കുകയും ചെയ്തത് സംഘർഷാവസ്ഥയ്ക്ക് വഴിവെച്ചുവെന്ന് പോലീസ് പറയുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽ രാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഞ്ചേരി പോലീസ് കേസ് എടുത്തത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. താത്കാലിക ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അധികൃതർ അനാസ്ഥ കാണിക്കുന്നുവെന്ന ആരോപണം നേരത്തെയും ഉയർന്നിരുന്നു.
No Comment.