വിധി തളർത്താൻ ശ്രമിച്ചപ്പോൾ മനക്കരുത്തുകൊണ്ട് അതിനെ തോൽപ്പിച്ച് മുന്നോട്ട് പോവുകയാണ് 25 വയസ്സുകാരിയായ ഡോ. മരിയ ബിജു. ഒരു അപകടത്തെ തുടർന്ന് അരയ്ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ടെങ്കിലും എംബിബിഎസ് പഠനം പൂർത്തിയാക്കി ഹൗസ് സർജനായി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് ഈ മിടുക്കി.
2015-ൽ തൊടുപുഴയിലെ അൽ-അസർ മെഡിക്കൽ കോളേജിൽ എംബിബിഎസ് കോഴ്സിന് ചേർന്നത് മരിയയുടെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൊന്നായിരുന്നു. എന്നാൽ 2016 ജൂൺ 5ന് ഹോസ്റ്റലിലെ നനഞ്ഞ ബാൽക്കണിയിൽ നിന്ന് തുണി കൊണ്ടിടുമ്പോൾ കാൽ വഴുതി താഴേക്ക് വീണതാണ് അവളുടെ ജീവിതം മാറ്റിമറിച്ചത്. പരീക്ഷാ തിരക്കിലായിരുന്ന സമയത്താണ് ഈ അപകടം സംഭവിച്ചത്. വീഴ്ചയിൽ മരിയയുടെ കഴുത്തിലെ കശേരുക്കൾക്കും തുടയെല്ലിനും പൊട്ടലുണ്ടായി. കഴുത്തിന് താഴെ സ്വാധീനം പൂർണ്ണമായി നഷ്ടപ്പെട്ടു.
നാല് മാസത്തെ ചികിത്സയ്ക്കും ഫിസിയോതെറാപ്പിക്കും ശേഷം മരിയ കോളേജിലേക്ക് മടങ്ങിയെത്തി. തുടർന്ന് പരീക്ഷ എഴുതാൻ സ്വന്തം കൈവിരലുകൾക്ക് സ്വാധീനം തിരിച്ച് കിട്ടാനായി അവൾ കഠിനമായി പരിശ്രമിച്ചു. സർവ്വകലാശാലയുടെ അനുമതിയോടെ പരീക്ഷ എഴുതാൻ ഒരാളെ കൂട്ടാൻ സാധിക്കുമായിരുന്നെങ്കിലും, അത് മറ്റൊരു വിദ്യാർത്ഥിയുടെ പഠനത്തെ ബാധിക്കുമെന്ന് കരുതി അവൾ ആ വഴിക്ക് പോയില്ല. അങ്ങനെ വീണ്ടും സ്വന്തം കൈകൊണ്ട് എഴുതാൻ പഠിച്ചു.
അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ മരിയ കഠിനാധ്വാനം ചെയ്ത് പഠിക്കുകയും 64% മാർക്കോടെ എംബിബിഎസ് പാസ്സാവുകയും ചെയ്തു. സർജൻ ആകണമെന്നായിരുന്നു അവളുടെ ആഗ്രഹം. എന്നാൽ, വിരലുകൾക്ക് വേണ്ടത്ര വേഗതയില്ലാത്തതുകൊണ്ട് ആ സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ഗൈനക്കോളജി ജൂനിയർ റസിഡൻ്റ് ആണ് മരിയ.
സ്‌കൂൾ കാലഘട്ടത്തിൽ മികച്ചൊരു കായികതാരം കൂടിയായിരുന്നു അവൾ. ഇപ്പോൾ ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് എന്നിവയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചിത്രങ്ങൾ വരയ്ക്കാൻ ഇഷ്ടമുള്ള മരിയ, അപകടത്തിന് ശേഷം സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചിത്രംവര വീണ്ടും തുടങ്ങിയത്. ഇപ്പോൾ വരച്ച ചിത്രങ്ങൾക്ക് 1000 രൂപ മുതലുള്ള ഓർഡറുകളും കിട്ടാറുണ്ടെന്ന് മരിയ പറയുന്നു.
കൂടുതൽ സ്ഥലങ്ങൾ തനിച്ച് യാത്ര ചെയ്യണമെന്നുള്ള ആഗ്രഹവും മരിയയ്ക്കുണ്ട്. പക്ഷെ ഭിന്നശേഷി സൗഹൃദ യാത്രാസൗകര്യങ്ങൾ നമ്മുടെ നാട്ടിൽ കുറവാണ്. കെഎസ്ആർടിസി എംഡിയുമായി ഇക്കാര്യം സംസാരിച്ചപ്പോൾ, പരിഹാരം കാണാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്നും മരിയ പറയുന്നു.
No Comment.