Skip to content

chithrodayamflashnews.com

November 28, 2026 6:49 am

തെരുവ് വീടാക്കിയ മലയാളിയുടെ പ്രിയകവി അയ്യപ്പൻ യാത്രപറഞ്ഞിട്ട് 15 വർഷം

സ്വന്തമായൊരു വീടില്ലാത്ത… അക്ഷരങ്ങളാല്‍ സ്വന്തമായൊരു കാവ്യപ്രപഞ്ചം സൃഷ്ടിച്ച…
തെരുവില്‍ നടന്ന്… തെരുവില്‍ കിടന്ന്…
തെരുവില്‍ മരിച്ച കവി എ. അയ്യപ്പൻ.

കാവിലിന്നുത്സവമാണ് ഒക്കത്ത് മറ്റൊരുത്തന്റെ കുട്ടിയുമായി അവളിന്ന് വരും….. അയ്യപ്പന്റെ കവിതകൾക്കെപ്പോഴും വിരഹത്തിന്റെയും വിഷാദത്തിന്റെയും രുചിയായിരുന്നു. പ്രേമത്തിന്റെയും കലാപത്തിന്റെയും ശിഥില ബിംബങ്ങൾ അദ്ദേഹം കവിതയിൽ നിറച്ചു. നഷ്ടപ്രണയത്തിന്റെ നൊമ്പരത്തോട് അയ്യപ്പൻ കവിതകളിലൂടെ പ്രതികാരം ചെയ്തു.

കവിതക്ക് പുറത്ത് കവിതയില്ലാത്ത മലയാളിയുടെ സാമാന്യ കവിധാരണകളെ തെരുവിൽ പിച്ചിച്ചീന്തിയ കാലഘട്ടത്തിന്റെ കവി അയ്യപ്പൻ്റെ ‘ഞാൻ’ എന്ന കവിതയിലെ വരികളാണിവ. പ്രകൃതിയും സ്വപ്നവും കാത്തിരിപ്പും നിദ്രയും ഒറ്റപ്പെടലും അയ്യപ്പന്റെ കവിതകളിൽ നിഴലിച്ച് കാണുന്ന…. ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എ. അയ്യപ്പൻ. 1949 ഒക്ടോബർ 27 ന് തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് ജനിച്ചു. അറുമുഖനും മുത്തമ്മാളുമായിരുന്നു മാതാപിതാക്കൾ. അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അച്ഛനും 15 വയസ്സുള്ളപ്പോൾ അമ്മയും മരിച്ചു. തുടർന്ന് മൂത്ത സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീഭർത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയിൽ നേമത്ത് വളർന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. ജീവിതത്തിൻെറ ഒരു ഘട്ടത്തിൽ അദ്ദേഹം 4 വർഷത്തോളം കണ്ണൂർ ജില്ലയിലെ മണത്തണയിൽ താമസിച്ച് കവിതകൾ എഴുതിയിരുന്നു. 2010 ലെ കവിതയ്ക്കുള്ള ആശാൻ പുരസ്കാരം അഹർനായിരുന്നു. 2010 ഒക്ടോബർ 23 ന് ചെന്നൈയിൽ പുരസ്കാരം ഏറ്റുവാങ്ങാനിരിയ്ക്കേ ഒക്ടോബർ 21 ന് വൈകീട്ട് 6 മണിയോടെ തിരുവനന്തപുരത്തു വച്ച് അന്തരിച്ചു. പോലീസിന്റെ ഫ്ലയിങ്ങ് സ്ക്വാഡ് വഴിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച അയ്യപ്പനെ തിരിച്ചറിഞ്ഞത് മരണശേഷമാണ്.

1992 – കനകശ്രീ അവാർഡ് / കവിത – പ്രവാസികളുടെ ഗീതം
1999 – കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം / കവിത – വെയിൽ തിന്നുന്ന പക്ഷി
2003 – പണ്ഡിറ്റ്‌ കെ പി കറുപ്പൻ പുരസ്ക്കാരം /കവിത -ചിറകുകൾ കൊണ്ടൊരു കൂട്
2007 – എസ്.ബി.ടി. അവാർഡ്‌
2008 – അബുദാബി ശക്തി അവാർഡ്‌ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കൃതികൾ : കറുപ്പ്, മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിങ്കുട്ടിയും, ബലിക്കുറിപ്പുകൾ, വെയിൽ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, ചിറകുകൾ കൊണ്ടൊരു കൂട്, മുളന്തണ്ടിന് രാജയക്ഷ്മാവ്, കൽക്കരിയുടെ നിറമുള്ളവൻ, തെറ്റിയാടുന്ന സെക്കന്റ് സൂചി (എ. അയ്യപ്പന്റെ ഓർമ്മക്കുറിപ്പുകൾ), പ്രവാസിയുടെ ഗീതം, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ, ജയിൽമുറ്റത്തെ പൂക്കൾ, ഭൂമിയുടെ കാവൽക്കാരൻ, മണ്ണിൽ മഴവില്ല് വിരിയുന്നു, കാലം ഘടികാരം, പല്ല്

അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി…
ചെന്നൈയിൽ വച്ച് ആശാൻ പുരസ്കാരം ലഭിക്കുന്ന വേളയിൽ അവതരിപ്പിക്കുവാൻ വേണ്ടി അദ്ദേഹത്തിന്റെ കൈമടക്കിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതാണീ കവിത.

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത
ഒരു രഹസ്യം പറയാനുണ്ട്
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളിൽ
പ്രേമത്തിന്റെ ആത്മതത്വം
പറഞ്ഞുതന്നവളുടെ ഉപഹാരം.. (എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്)

ജനനവും മരണവും ഇല്ലാത്തവൻ എന്ന് സ്വയം വിശേഷിപ്പിച്ച് വാറ്റു ചാരായത്തിന്റെ മണത്തോടെ നടന്നു കയറിയത് മലയാള സാഹിത്യത്തിന്റെ കെട്ടുകാഴ്ചകൾക്കുമപ്പുറമുള്ള വിശാല ലോകത്തേക്കാണ്. ജീവിതത്തെ സ്വാതന്ത്ര്യമെന്ന് ഒറ്റവാക്കിലൂടെ നിർവചിച്ച അയ്യപ്പൻ തന്റെ ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ മലയാളിക്കു മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളില്ലാത്ത മനുഷ്യനായി ജീവിച്ചു. ഓരോ പ്രണയാഘോഷത്തിലോ വിരഹത്തിലോ അയ്യപ്പൻ കവിതകൾ ഉരുവിടാത്ത ചുണ്ടുകൾ മലയാളത്തിൽ വിരളമാണ്. പ്രണയത്തിന്റെ സ്വർഗത്തുരുത്തുകളെയും നഷ്ടബോധത്തിന്റെ പാതാളഗർത്തങ്ങളെയും ആത്മാവ് കൊണ്ട് പകർത്തിയ അയ്യപ്പനെ ഒഴിവാക്കിയുള്ള പ്രണയവായനകൾ തീർച്ചയായും അപൂർണമായിരിക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6