നമ്മളൊരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ, അത് നേടിത്തരാൻ ഈ പ്രപഞ്ചം മുഴുവൻ നമ്മുടെ കൂടെയുണ്ടാകും എന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. ആർച്ചയുടെ ജീവിത കഥ കേൾക്കുമ്പോൾ ആരും ഓർത്ത് പോകുന്ന വാക്കുകളാണത്.
തിരുവനന്തപുരം വെഞ്ഞാറമൂടിലെ പിരപ്പനംകോട്, ഒരു സാധാരണ കൂലിപ്പണിക്കാരന്റെ മകളാണ് അർച്ച. അന്നന്നത്തെ വിശപ്പടക്കാൻ പാടുപെടുന്ന അച്ഛനും വീട്ടമ്മയായ അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം. അവിടെയാണ് ആർച്ച എന്ന പെൺകുട്ടി സ്വപ്നം കാണാൻ പഠിച്ചത്.
ഗവൺമെന്റ് സ്കൂളിലെ ടോപ്പറായിരുന്നെങ്കിലും, പ്ലസ് വൺ എത്തിയപ്പോൾ മുന്നോട്ട് എന്ത് ചെയ്യണമെന്നറിയാതെ അവൾ പകച്ചുനിന്നു. എന്നാൽ കോവിഡ് കാലത്ത് വാർത്തകളിൽ നിറഞ്ഞാടിയ ‘ഡോക്ടർ’ എന്ന വാക്ക് അവളുടെ ഉള്ളിൽ എവിടെയോ ഉടക്കി. ക്ലാസ്സിൽ ടീച്ചർ സ്വപ്നത്തെക്കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ അവൾ വിറയ്ക്കുന്ന കൈകളോടെ എഴുതി: “എനിക്കൊരു ഡോക്ടർ ആകണം”.
അതൊരു നിമിത്തമായിരുന്നു! ആ കുറിപ്പ് ഷൈനി എന്ന കെമിസ്ട്രി ടീച്ചറുടെ കണ്ണിൽ പെടുന്നു. വെറും പഠിപ്പ് മാത്രമല്ല, ആ കുട്ടിയുടെ കഷ്ടപ്പാടും തിരിച്ചറിഞ്ഞ ടീച്ചർ അവളോട് പറഞ്ഞു, “നീ നീറ്റ് (NEET) എഴുതണം”.
അവിടുന്നങ്ങോട്ട് ആർച്ചയ്ക്ക് തുണയായത് ഒരുപിടി നല്ല മനുഷ്യരാണ്. ഓൺലൈൻ ക്ലാസ്സിൽ പരാജയപ്പെട്ടപ്പോൾ, പണമില്ലെന്ന് പറഞ്ഞ് സ്വപ്നം ഉപേക്ഷിക്കാൻ തുനിഞ്ഞപ്പോൾ ഡാനി സാറും ഷൈനി ടീച്ചറും വഴി ബ്രില്യന്റ് പാലായിലെ സെബാസ്റ്റ്യൻ സാറിലേക്ക് ആർച്ച എത്തുന്നു.
“ഫീസൊന്നും ഓർത്ത് വിഷമിക്കണ്ട, നീ പോയി നന്നായി പഠിച്ചാൽ മതി…” എന്ന ആ വലിയ മനുഷ്യന്റെ വാക്കുകൾ അവൾക്ക് നൽകിയ ഊർജ്ജം ചെറുതല്ല.
പാലായിലെ ആശ മിസ്സിന്റെ കരുതലും കൂടിയായപ്പോൾ ആർച്ചയുടെ വാശി കൂടി. എന്നാൽ ഏറ്റവും കടുപ്പമേറിയ നീറ്റ് എക്സാം എന്ന് വിശേഷിപ്പിക്കപ്പെട്ട പരീക്ഷ കഴിഞ്ഞ് അവൾ ഇറങ്ങിയത് കണ്ണീരോടെയാണ്. പക്ഷേ, ഫലം വന്നപ്പോൾ അത് ആനന്ദക്കണ്ണീരായി മാറി! കേരളത്തിൽ 447-ാം റാങ്ക്! ചോദിച്ച കോളേജിൽ സീറ്റ്! ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് ക്ലാസ് മുറിയിൽ ആർച്ചയുണ്ട്.
“എന്റെ നാട്ടിൽ ഇതുവരെ ഒരു ഡോക്ടറില്ല. എന്റെ അനിയത്തി സ്കൂളിൽ ചെല്ലുമ്പോൾ ‘ഡോക്ടറുടെ അനിയത്തി’ ആണെന്ന് അഭിമാനത്തോടെ പറയണം…” – ആർച്ചയുടെ ഈ വാക്കുകളിലുണ്ട് അവളുടെ വിജയത്തിന്റെ തിളക്കം.
അതെ, ആർച്ചയുടേത് വെറുമൊരു വിജയമല്ല, ഒരു നാടിന്റെയും, കൂടെ നിന്ന കുറെ നല്ല അദ്ധ്യാപകരുടെയും, തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ഒരു പെൺകുട്ടിയുടെയും വിജയമാണ്.
No Comment.