ഉത്തര്‍പ്രദേശില്‍ ജനിച്ച് മഹാരാഷ്ട്രയില്‍ വളര്‍ന്ന യോഗിത രഘുവാന്‍ഷിയുടെ ജീവിതയാത്ര മാതൃത്വത്തിന്റെയും അതിജീവനത്തിന്റെയും അപൂര്‍വ്വ കഥയാണ്. കൊമേഴ്‌സിലും നിയമത്തിലും ബിരുദങ്ങള്‍ നേടി അഭിഭാഷകയായി ജീവിതം തുടങ്ങുമ്പോള്‍ അവളുടെ മുന്നില്‍ ഒരു സ്ഥിരതയുള്ള ഭാവിയുണ്ടായിരുന്നു. എന്നാല്‍ വിവാഹിതയായ യോഗിതയുടെ ജീവിതം 2000-ല്‍ ഒരു നിമിഷം കൊണ്ടു മാറിമറിഞ്ഞു-റോഡ് അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതോടെ രണ്ട് കുഞ്ഞുങ്ങളുമായി അവള്‍ ഒറ്റപ്പെട്ടു. വരുമാനം എന്നു പറയാന്‍ ഒന്നുമില്ലാത്ത അവസ്ഥ.
മുന്നില്‍ രണ്ട് വഴികളുണ്ടായിരുന്നു. ജൂനിയര്‍ അഭിഭാഷകയായി കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ ജീവിതം തള്ളി നീക്കണോ, അതോ ഭര്‍ത്താവ് വിട്ടുപോയ ഗതാഗത ബിസിനസിന്റെ ചുമതല ഏറ്റെടുക്കണോ? യോഗിത രണ്ടാമത്തേതാണ് തിരഞ്ഞെടുത്തത്. അത് സ്ത്രീ-പുരുഷ വ്യത്യാസങ്ങള്‍ തകര്‍ക്കാനുള്ള പ്രഖ്യാപനമായിരുന്നില്ല; മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ അടിയന്തിര സാമ്പത്തിക സ്ഥിരത ആവശ്യമായിരുന്നു എന്ന യാഥാര്‍ഥ്യബോധത്തിന്റെ തീരുമാനമായിരുന്നു അത്.
14-വീലര്‍ ട്രക്കുകള്‍, 30 ടണ്‍ ഭാരമുള്ള ചരക്കുകള്‍ ഇതെല്ലാം നിയന്ത്രിക്കാന്‍ അവള്‍ പഠിച്ചത് റോഡിലൂടെയായിരുന്നു. ചിറാപ്പുഞ്ചിയുടെ കുന്നുകളില്‍ നിന്ന് കേരളത്തിന്റെ തെക്കേ അറ്റം വരെ, അങ്ങനെ ഇന്ത്യയുടെ അതിര്‍വരമ്പുകളെല്ലാം അവളുടെ യാത്രകളായി. കടുത്ത കാലാവസ്ഥയും അപകടകരമായ പാതകളും ഇന്ത്യന്‍ ട്രക്കര്‍മാര്‍ നേരിടുന്ന അഴിമതിയും-എല്ലാം അവള്‍ നേരിട്ടു. തുടക്കത്തില്‍ റോഡിലെ സഹയാത്രികരുടെ അമ്പരപ്പും അവഗണനയും ഉണ്ടായിരുന്നെങ്കിലും, സ്റ്റിയറിംഗിന് പിന്നിലെ അവളുടെ പ്രാവീണ്യം വൈകാതെ തന്നെ ശ്രദ്ധ നേടി.
ഇരുപത് വര്‍ഷത്തിലേറെയായി ഹൈവേകളെ ജീവിതമാക്കിയ യോഗിത ഇന്ന് ലോജിസ്റ്റിക്സ് രംഗത്തെ ശക്തമായ സാന്നിധ്യമാണ്. ആവശ്യം വന്നാല്‍ ഒരു സ്ത്രീക്ക് അതിരുകളില്ലെന്നത് അവള്‍ തെളിയിച്ചു-ധൈര്യവും നിര്‍ണ്ണയശക്തിയും ചേര്‍ന്നാല്‍ ഏതു തൊഴിലും സ്വന്തം ആകാമെന്ന്, മക്കളുടെ നാളെയെ കാത്തുസൂക്ഷിക്കാന്‍ ഒരു അമ്മയ്ക്ക് ഹൈവേ പോലും വഴിയാകുമെന്ന്..
No Comment.