Skip to content

chithrodayamflashnews.com

Asnap 1409

വര്‍ത്തമാനകാലത്തെ വേനല്‍ക്കിളികള്‍

ഗ്രീഷ്മസുഗന്ധമെന്നെയലട്ടി
കവിളുവീര്‍ത്ത
ചുണ്ടു മലര്‍ന്ന
ചുവന്ന കണ്ണുകളുള്ള
വേനല്‍ കിളിയെന്നിലേക്കടുത്തു.

ചീര്‍ത്ത ശരീരമാകെ
ഉപ്പുനീര്‍ നനവു പടര്‍ന്നിരുന്നു.
കറപുരണ്ട
ഉടലിന്‍ പകുതിയും
ചിതല്‍ തിന്നിരുന്നു.

വേനല്‍ക്കിളിയുടെ
ചിരിയെന്നില്‍
ഭയത്തിന്‍ വിത്തുകള്‍ പാകി,
ദാഹം ശമിക്കാതെ മരണപ്പെട്ട
അനേകരില്‍ ഒരാളായി
തീരും നേരം.

പക്ഷികള്‍ അനേകം
പറന്നിറങ്ങി,
എന്നോ മരണപ്പെട്ട
ദാഹം ശമിക്കാത്ത ഉടലുകള്‍.

ഭൂമി മരിച്ചതറിഞ്ഞ്
പിണങ്ങി ഒഴിഞ്ഞ മഴയൊരു
ബാഷ്പാഞ്ജലി നല്‍കി മടങ്ങി,
ഇനിയൊരു ബന്ധവുമില്ലെന്നു ചൊല്ലി.

മരണപ്പെട്ട ഭൂമിയുടെ,
ചിത കത്തി തീരുംമുന്‍പ്
ഓരോ ഋതുക്കളും
യാത്ര ചൊല്ലി…

ഇനിയിവിടെ വേനല്‍ മതി.
കത്തുന്ന ഗ്രീഷ്മം മതി.
അഹസ്‌കരന്‍ അട്ടഹസിച്ചു.
ചത്തുപൊന്തിയ വേനല്‍ക്കിളികള്‍
അപ്പോഴും പുഞ്ചിരിച്ചു.

ഇനി ഇവിടെ
വിത്തൊരെണ്ണം മുളയ്ക്കരുത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6