കോഴിക്കോട് നഗരമധ്യത്തിൽ നിന്നും യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ നാല് സ്ത്രീകളടക്കം ആറുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. മർദനത്തിൽ യുവതിയുടെ മുൻനിരയിലെ നാല് പല്ലുകൾ കൊഴിഞ്ഞുപോയി.
കാക്കൂർ പാറന്നൂർ സ്വദേശിനി റഹ്‌മത്ത് (41), എറണാകുളം കാലടി സ്വദേശി അനിൽ കുമാർ (47), അന്നശ്ശേരി സ്വദേശിനി സുഹറ (42), ചക്കുംകടവ് സ്വദേശിനി അയിഷ (43), വെള്ളയിൽ സ്വദേശിനി സൗദ (45), മുക്കം സ്വദേശി സുബിരാജ് (46) എന്നിവരെയാണ് കസബ പൊലിസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അതിക്രമം നടന്നത്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിലെ കെട്ടിടത്തിൽ ശുചീകരണ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു യുവതി. ഈ സമയം, ഇവർക്ക് മുൻപരിചയമുള്ള പ്രതികൾ ഓട്ടോറിക്ഷയുമായി ഇവിടെയെത്തുകയും പെരിങ്ങളത്തേക്ക് പോകുകയാണെന്ന് പറഞ്ഞ് യുവതിയെ ഓട്ടോയിൽ കയറ്റുകയുമായിരുന്നു.
യാത്ര തുടങ്ങിയ ഉടൻ തന്നെ പ്രതികൾ യുവതിയെ ക്രൂരമായി മർദിക്കാൻ തുടങ്ങി. മുഖത്ത് മുഷ്ടി ചുരുട്ടി ഇടിച്ചതിനെത്തുടർന്നാണ് യുവതിയുടെ മുൻവശത്തെ നാല് പല്ലുകൾ പറിഞ്ഞുപോയത്. തുടർന്ന് യുവതി ധരിച്ചിരുന്ന ഒന്നേകാൽ പവന്റെ സ്വർണ്ണചെയിൻ, രണ്ടര പവന്റെ പാദസരം, ഒരു പവന്റെ ബ്രേസ്ലെറ്റ് എന്നിവ സംഘം ബലമായി പൊട്ടിച്ചെടുത്തു. ശേഷം യുവതിയെ ചേവായൂരിൽ വഴിയിൽ ഇറക്കിവിട്ട് സംഘം കടന്നുകളയുകയായിരുന്നു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കസബ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നുതന്നെയാണ് ആറംഗ സംഘത്തെ പൊലിസ്
വലയിലാക്കിയത് .
കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ
No Comment.