കൊല്ലം: സ്വത്ത് തർക്കത്തെ തുടർന്ന് മാതാപിതാക്കളെ വീട്ടിൽനിന്ന് പുറത്താക്കുകയും അമ്മയ്ക്കുമേൽ ചുടുവെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിക്കുകയും ചെയ്ത കൊല്ലം ആരൂർ സ്വദേശിനി അശ്വതി അച്ചു സ്ഥിരം കുറ്റവാളി.
നേരത്തെ വിവാഹ വാഗ്ദാനം നൽകി 68-കാരനിൽനിന്ന് പണം തട്ടിയ കേസിലും സാമൂഹിക മാധ്യമങ്ങളിൽകൂടി അശ്ലീല ചാറ്റ് നടത്തി പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും കുടുക്കിയ സംഭവത്തിലും അശ്വതിക്കെതിരെ പരാതി ഉയർന്നിരുന്നു.
സ്വത്ത് തർക്കത്തെത്തുടർന്ന് സ്വന്തം അമ്മയുടെ ദേഹത്ത് ചുടുവെള്ളം ഒഴിച്ച സംഭവത്തിലാണ് ഇപ്പോൾ അശ്വതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
അമ്മ രാധാമണിയാണ് പരാതി നൽകിയത്. മാതാപിതാക്കളുടെ പേരിലുള്ള വസ്തു സ്വന്തം പേരിലേക്ക് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് അശ്വതി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് രാത്രിയിൽ മാതാപിതാക്കളെ വീട്ടിൽനിന്ന് ഇറക്കിവിട്ട് ചുടുവെള്ളം ഒഴിക്കുകയായിരുന്നുവെന്നാണ് പരാതി.
ഇവരുടെ പരാതിയിൽ ചടയമംഗലം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അശ്വതിക്കും മകൾക്കുമെതിരെ കേസെടുത്തത്.
സാമൂഹിക മാധ്യമങ്ങളിലെ അശ്വതി അച്ചു സാമൂഹിക മാധ്യമങ്ങളിൽ അശ്വതി അച്ചു എന്ന പേരിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് ഉന്നതരുമായി അശ്ലീല ചാറ്റടക്കം നടത്തി ഹണി ട്രാപ്പിൽ പെടുത്തിയ സംഭവത്തിൽ നേരത്തെ അശ്വതിക്കെതിരെ പരാതി ഉയർന്നിരുന്നു.
2022 ലായിരുന്നു സംഭവം. ആദ്യഘട്ടത്തിൽ പരാതിയുമായി നിരവധി പേർ രംഗത്തെത്തിയെങ്കിലും പിന്നീട് അന്വേഷണവുമായി സഹകരിക്കാതെ വന്നതോടെ തുടർ നടപടികൾ വഴിമുട്ടി.
പോലീസുകാരെ ഉൾപ്പെടെ ഹണിട്രാപ്പിൽ കുടുക്കിയതായി അശ്വതി അച്ചുവിനെതിരെ നേരത്തെ പരാതികളുണ്ടായിരുന്നു.
തിരുവനന്തപുരത്തെ ഒരു റിട്ട.എസ്.ഐ.യും ഇവരുടെ ചതിയിൽപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാഹവാഗ്ദാനം നൽകി ഇദ്ദേഹത്തിൽനിന്നും വൻതുക വാങ്ങിയെടുക്കുകയും പിന്നീട് പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഇദ്ദേഹത്തിനെതിരെ പീഡനപരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.
യുവതിയുടെ ഹണിട്രാപ്പിൽ കുടുങ്ങിയ പല പോലീസുകാരും ഇവർക്കെതിരെ പരാതി നൽകിയിട്ടില്ല.

ചില പരാതികളെല്ലാം പിന്നീട് ഒത്തുതീർപ്പിലെത്തുകയും ചെയ്തു. 66-കാരനെ പറ്റിച്ച കേസിലും പ്രതി റിട്ട. ബാങ്ക് ജീവനക്കാരനെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിൽ അശ്വതി അറസ്റ്റിലായിരുന്നു.
പരാതിക്കാരൻ്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു.
രണ്ടുപെൺമക്കളിൽ ഒരാളുടെ വിവാഹം കഴിഞ്ഞു. മറ്റൊരു മകൾ ഭിന്നശേഷിക്കാരിയാണ്. ഈ മകളെ പരിചരിക്കാനും സംരക്ഷിക്കാനുമായാണ് പരാതിക്കാരൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
രണ്ടുഘട്ടങ്ങളിലായാണ് അശ്വതി അച്ചു 66-കാരനിൽനിന്ന് പണം തട്ടിയതെന്നാണ് വിവരം. ആദ്യം 25,000 രൂപ കൈക്കലാക്കി. പിന്നാലെ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്താനും രജിസ്റ്റർ വിവാഹം നടത്താമെന്നും അറിയിച്ചു.
വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പായി ഒരുദിവസം പൂവാറിലെ ആധാരം എഴുത്ത് ഓഫീസിൽ യുവതി എത്തി.
എന്നാൽ, ഫോട്ടോ എടുക്കാൻ മറന്നുപോയെന്ന് പറഞ്ഞ് രജിസ്റ്റർ വിവാഹത്തിനുള്ള നടപടിക്രമങ്ങൾ മുടക്കി. ഈ ദിവസമാണ് 15,000 രൂപകൂടി കൈക്കലാക്കിയത്.
ഈ പണവുമായി പോയ അശ്വതി അച്ചു പിന്നീട് അതിവിദഗ്ധമായി മുങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ അശ്വതി മാതാപിതാക്കളെ വീട്ടിൽനിന്ന് പുറത്താക്കി ചുടുവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിക്കുകയായിരുന്നുവെന്നാ ണ് പരാതി.
ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ചടയമംഗലം പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അശ്വതിക്കും മകൾക്കുംവേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
No Comment.