പട്ടാമ്പി സ്വദേശിനിയായ യുവതിയുടെ ആൺ സുഹൃത്തിനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കളെ കൊട്ടേഷൻ ഏൽപ്പിച്ച് തട്ടിക്കൊണ്ടു പോവുകയും മൊബൈൽ ഫോൺ കവർച്ച ചെയ്തു ക്രൂരമായി മർദ്ദിച്ച് വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കാമുകിയായ യുവതിയും സുഹൃത്തുക്കളും ഉൾപ്പെടെ പറവണ്ണ, തിരൂർ നോർത്ത് അന്നാര സ്വദേശികളായ അഞ്ചു പേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.

പട്ടാമ്പി സ്വദേശിനിയായ പനങ്ങാട്ട് തൊടി സഫാന(19), സുഹൃത്തുക്കളായ തിരൂർ നോർത്ത് അന്നാര സ്വദേശിനികളായ പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25) പറവണ്ണ സ്വദേശികളായ കുട്ടിയസന്റെ പുരക്കൽ ഇർഷാദ് (28), ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരെയാണ് ബുധനാഴ്ച പുലർച്ചെ തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരൂർ താഴെപാലത്ത് വച്ച് പിടികൂടിയത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ തന്റെ പെൺസുഹൃത്തിനെ അന്വേഷിച്ച് തിരൂരിൽ എത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെ സുഹൃത്തിന്റെ അടുത്ത് എത്തിക്കാം എന്നും പറഞ്ഞ് ബൈക്കിൽ കൂട്ടിക്കൊണ്ടു പോവുകയും പ്രതികൾ ഒത്തൊരുമിച്ചുള്ള സ്ഥലത്ത് എത്തി കാറിൽ കയറ്റി ക്രൂരമായി മർദ്ദിക്കുകയും ആയിരുന്നു.. താഴെപ്പാലം പുഴയോരത്ത് വച്ച് പ്രതികൾ യുവാവിനെ റോഡരികിൽ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. യുവാവ് ഉടനെ പോലീസിനെ വിവരമറിയിച്ചതിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.. പിടിയിലായ ഇർഷാദ്, അസറുദ്ദീൻ എന്നിവർ മയക്കുമരുന്ന് കടത്ത് കേസിൽ ഉൾപ്പെട്ട് മുൻപ് റിമാൻഡിൽ ആയിരുന്നു. ഇരുവരും തീരദേശ മേഖലയിലെ വധശ്രമം, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതികളാണ്.. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.. എസ്.ഐ മാരായ അനുഷ ഗോപിനാഥ്, മിഥുൻ, നസീർ, എ.എസ്.ഐ രജീഷ്, സി.പി.ഒ മാരായ ഉണ്ണിക്കുട്ടൻ, ആശിഷ് സ്റ്റീഫൻ, സൈജു, അനന്ദു, ആദർശ്, ദിൽജിത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
No Comment.