കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ ഭാര്യയെ ഒരുമാസത്തോളം ക്രൂരമായി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ചവറ പരിമണം മുണ്ടകത്ത് വീട്ടിൽ നന്ദു (28) അറസ്റ്റിൽ. നീണ്ടകര പുത്തൻതുറ പന്നയ്ക്കൽ തുരുത്ത് അനഘ മന്ദിരത്തിൽ അഞ്ജു (24) ആണ് പരാതി നൽകിയത്.
വിദേശത്തായിരുന്ന നന്ദുവിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇയാളെ ഷാഡോ പൊലീസ് തടഞ്ഞുവച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുക്കർ, ലാപ്ടോപ്പ് ചാർജർ, ഇടികല്ല് എന്നിവകൊണ്ട് ഭർത്താവ് മർദിച്ചെന്നാണ് അഞ്ജുവിന്റെ പരാതി. ശരീരത്തിൽ അടിയേറ്റ മുപ്പതോളം പാടുകളുണ്ടെന്നും സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്നും ആരോപിച്ച് കഴിഞ്ഞമാസം ആദ്യം പരാതി നൽകിയിരുന്നു. നന്ദുവിനും മാതാപിതാക്കളായ ദിനേഷ്, ജഗദമ്മ എന്നിവർക്കുമെതിരെ ചവറ പൊലീസ് ഗാർഹികപീഡനത്തിന് കേസെടുത്തിട്ടുണ്ട്.
ജൂലൈ 27നായിരുന്നു വിവാഹം. ഡേറ്റ അനലിറ്റിക്സിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അഞ്ജു വിവാഹിതയായത്. സൗദിയിലെ മറൈൻ കമ്പനിയിൽ ഓപ്പറേഷൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന നന്ദു സെപ്റ്റംബർ നാലിന് ഭാര്യയെ സൗദിയിലേക്ക് കൊണ്ടുപോയി. അവിടെ ഫ്ലാറ്റിൽവച്ചാണ് സ്ത്രീധനത്തിന്റെ പേരിലുള്ള മർദനം തുടങ്ങിയതെന്നാണ് പരാതി.

പലരുമായും ലൈംഗികബന്ധം പുലർത്തിയെന്നും ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിലുണ്ടെന്നും സെക്സ് റാക്കറ്റിൽ പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടെന്നും സ്വയം പറയാൻ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായി അഞ്ജു ആരോപിച്ചു. ഇങ്ങനെ പറയിപ്പിച്ച ദൃശ്യങ്ങൾ അഞ്ജുവിന്റെ ഫോണിൽനിന്ന് ഇരുവരുടെയും ബന്ധുക്കൾക്കും പരിചയക്കാർക്കും അയച്ചതായും പരാതിയിലുണ്ട്.
മകളെ നാട്ടിലേക്ക് മടക്കിയയക്കണമെന്നും വിവാഹബന്ധം തുടരാൻ താൽപ്പര്യമില്ലെന്നും അഞ്ജുവിന്റെ മാതാപിതാക്കൾ അറിയിച്ചു. സെപ്റ്റംബർ 30ന് നാട്ടിലെത്തിയ അഞ്ജു തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു
No Comment.