പീഡനത്തിന് കൂട്ടുനിന്ന രണ്ടാം പ്രതിക്കും തടവും പിഴയും; അന്വേഷണ മികവിന് ക്രൈംബ്രാഞ്ച് സംഘത്തിനും പ്രോസിക്യൂഷനും അഭിനന്ദനം.
പത്തനംതിട്ടയിൽ 14 വയസ്സുകാരിയെ ലോഡ്ജിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും. പീഡനത്തിന് സഹായം ചെയ്ത രണ്ടാം പ്രതിയായ സ്ത്രീക്ക് ആറുമാസം കഠിനതടവും 1,000 രൂപ പിഴയും വിധിച്ചു. ഒന്നാം പ്രതിക്ക് മറ്റ് വകുപ്പുകളിലായി എട്ടുവർഷം അധിക തടവും അനുഭവിക്കണം.
പത്തനംതിട്ട അതിവേഗ പോക്സോ കോടതി ജഡ്ജി മൻജിത് ടി.യുടേതാണ് വിധി.
റാന്നി അങ്ങാടി സ്വദേശി ജൈമോനാണ് ഒന്നാം പ്രതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി ദീപയാണ് രണ്ടാം പ്രതി. 2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
21 ക്രിമിനൽ കേസുകളിൽ പ്രതി
കൊലപാതകം, ബലാത്സംഗം, വധശ്രമം, പോക്സോ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലുൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 21 ഓളം കേസുകളിൽ പ്രതിയാണ് ജൈമോൻ. മറ്റൊരു പോക്സോ കേസിൽ നിലവിൽ ഇയാൾ ജയിൽശിക്ഷ അനുഭവിച്ചുവരികയാണ്.

അന്വേഷണ മികവിന് അംഗീകാരം
പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിർണായകമായ അന്വേഷണമാണ് നടത്തിയത്. അന്നത്തെ പത്തനംതിട്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഡി. ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് അന്നത്തെ പത്തനംതിട്ട ഡി.വൈ.എസ്.പി എസ്. നന്ദകുമാർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
കേസിൽ 25 സാക്ഷികളെ വിസ്തരിക്കുകയും 50 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ശക്തമായ അന്വേഷണവും കൃത്യമായ തെളിവുകളും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമായി.
പ്രോസിക്യൂഷനുവേണ്ടി പത്തനംതിട്ട അതിവേഗ പോക്സോ കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റോഷൻ തോമസ് ഹാജരായി. എസ്.ഐ ഹസീന കോടതി നടപടികളിൽ സഹായിച്ചു.
ക്രൈംബ്രാഞ്ച് പത്തനംതിട്ട യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. നന്ദകുമാർ, പോലീസ് ഇൻസ്പെക്ടർ ഡി. ഷിബുകുമാർ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റോഷൻ തോമസ് എന്നിവരുടെ ഔദ്യോഗിക സേവനത്തിന് ഈ വിധി മറ്റൊരു പൊൻതൂവലായി
കൃത്യമായ അന്വേഷണവും ശക്തമായ നിയമപോരാട്ടവും നീതിയുടെ വിജയത്തിന് വഴിയൊരുക്കി
No Comment.