Skip to content

chithrodayamflashnews.com

November 28, 2026 7:05 am

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ വിശ്വസിച്ച് വാങ്ങിയ ഫെയർനെസ് ക്രീം വില്ലനായി;

ചർമ്മത്തിലെ പാടുകൾ മാറാൻ ഒരു വർഷം ഉപയോഗിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം,’പ്രകൃതിദത്തം’ എന്ന് പറഞ്ഞ് വിറ്റ ക്രീമിൽ കണ്ടെത്തിയത് 1.5 ശതമാനം മാരക മെർക്കുറി!

​മലപ്പുറത്ത് ഓൺലൈൻ വഴി വാങ്ങിയ ഫെയർനെസ് ക്രീം തുടർച്ചയായി ഉപയോഗിച്ച 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചു. ക്രീമിൽ അമിതമായി അടങ്ങിയിരുന്ന മെർക്കുറി എന്ന രാസപദാർത്ഥം ശരീരത്തിലെത്തിയതോടെ, വൃക്കകളിൽ നിന്ന് മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടമാകുന്ന ‘മെംബ്രനസ് നെഫ്രോപതി’ എന്ന ഗുരുതര രോഗാവസ്ഥയാണ് പെൺകുട്ടിക്ക് പിടിപെട്ടത്. ചർമ്മത്തിലെ പാടുകൾ മാറാനും നിറം വർദ്ധിപ്പിക്കാനുമായി ഏകദേശം ഒരു വർഷത്തോളം പെൺകുട്ടി ഈ ക്രീം ഉപയോഗിച്ചിരുന്നു.

​ക്ലാസിലെ സഹപാഠികൾ വഴിയാണ് നല്ല ഫലം ലഭിക്കുന്ന ഒരു ക്രീമിനെക്കുറിച്ച് പെൺകുട്ടി ആദ്യമായി അറിയുന്നത്. തുടർന്ന് സമൂഹമാധ്യമങ്ങളിൽ പരിശോധിച്ചപ്പോൾ നിരവധി ഇൻഫ്ലുവൻസർമാർ ഈ ഉൽപ്പന്നത്തിന് വലിയ രീതിയിലുള്ള പ്രചാരണം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടു. പൂർണ്ണമായും പ്രകൃതിദത്തമായ ചേരുവകൾ മാത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നതെന്ന പരസ്യവാചകങ്ങളും ഇൻഫ്ലുവൻസർമാരോടുള്ള വിശ്വാസവും കാരണമാണ് പെൺകുട്ടി ഇത് വാങ്ങാൻ തീരുമാനിച്ചത്. സാധാരണ കടകളിൽ ലഭ്യമല്ലാത്ത ഈ ക്രീം, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ പരസ്യലിങ്കുകൾ വഴി ഓൺലൈനായാണ് ഓർഡർ ചെയ്തത്. ഉപയോഗിച്ചു തുടങ്ങിയപ്പോൾ തന്നെ വേഗത്തിൽ ഫലം കണ്ടതോടെ ഏകദേശം ഒരു വർഷത്തിനിടെ രണ്ടോ മൂന്നോ ബോട്ടിലുകൾ പെൺകുട്ടി തുടർച്ചയായി ഉപയോഗിച്ചു.

​എന്നാൽ മാസങ്ങൾ പിന്നിട്ടതോടെ പെൺകുട്ടിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങി. ആദ്യം കടുത്ത തലവേദനയാണ് അനുഭവപ്പെട്ടത്. യഥാർത്ഥ കാരണം തിരിച്ചറിയാതെ വേദന മാറാനായി വലിയ അളവിൽ പാരാസിറ്റമോൾ ഗുളികകൾ കഴിക്കേണ്ടി വന്നു. പിന്നീട് മുഖത്തും കാലുകളിലും നീര് വെക്കാൻ തുടങ്ങിയതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ശരീരത്തിൽ നിന്ന് പ്രോട്ടീൻ നഷ്ടമായതോടെ കടുത്ത ക്ഷീണം, രക്തസമ്മർദ്ദം കുറയൽ, തലകറങ്ങി വീഴൽ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ രൂക്ഷമാവുകയും കോളേജിൽ പോകാനോ ക്ലാസിൽ ഇരിക്കാനോ പോലും കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു.
​ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിലാണ് പെൺകുട്ടിയുടെ രക്തത്തിൽ മെർക്കുറിയുടെ അംശം കണ്ടെത്തിയത്. ഇത് എങ്ങനെയാണ് ശരീരത്തിലെത്തിയതെന്ന് അറിയാനായി പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫെയർനെസ് ക്രീം വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.

പരിശോധനാ ഫലം പുറത്തുവന്നപ്പോൾ ക്രീമിൽ ഒന്നര ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് വ്യക്തമായത്. സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഒട്ടും തന്നെ ഉപയോഗിക്കാൻ പാടില്ലാത്ത മാരക രാസപദാർത്ഥമാണ് മെർക്കുറി. പരിശോധനാ ഫലം ലഭിച്ച ശേഷം പെൺകുട്ടിയും കുടുംബവും ക്രീം വിൽപ്പനക്കാരുമായി ബന്ധപ്പെട്ടെങ്കിലും, തങ്ങളുടെ ഉൽപ്പന്നത്തിൽ പ്രകൃതിദത്ത ചേരുവകൾ മാത്രമാണുള്ളതെന്ന വാദത്തിൽ അവർ ഉറച്ചുനിൽക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിൽപ്പനക്കാർക്കെതിരെ പരാതിയുമായി നിയമനടപടിക്ക് ഒരുങ്ങുകയാണ് പെൺകുട്ടിയുടെ കുടുംബം.

​ചർമ്മത്തിൽ പുരട്ടുന്ന ഇത്തരം ക്രീമുകളിലെ മെർക്കുറി തൊലിയിലൂടെ വലിച്ചെടുക്കപ്പെട്ട് രക്തത്തിൽ കലരുമെന്നും, ഇൻഓർഗാനിക് മെർക്കുറി പ്രധാനമായും വൃക്കകളിലാണ് അടിഞ്ഞുകൂടുകയെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് നെഫ്രോട്ടിക് സിൻഡ്രോം, മെംബ്രനസ് നെഫ്രോപതി തുടങ്ങിയ ഗുരുതര വൃക്കരോഗങ്ങൾക്ക് കാരണമാകും. കൂടാതെ കേന്ദ്ര-പെരിഫറൽ നാഡീവ്യവസ്ഥകളെയും ഇത് ദോഷകരമായി ബാധിക്കാം. പെരിഫറൽ ന്യൂറോപ്പതി, കടുത്ത ക്ഷീണം, വിറയൽ, ഓർമ്മക്കുറവ്, ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ് എന്നിവയ്ക്കും മെർക്കുറി വിഷബാധ വഴിവെക്കും. ചർമ്മത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഇൻസ്റ്റാഗ്രാമിലും ആമസോണിലും മറ്റും കാണുന്ന പരസ്യങ്ങളിൽ വീണ് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാതെ, ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് കൃത്യമായ ചികിത്സ തേടണമെന്നും, ഏത് ഉൽപ്പന്നം വാങ്ങുന്നതിന് മുൻപും അതിലെ ചേരുവകളും ഗുണനിലവാരവും ഉറപ്പുവരുത്തണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6