
ഇറങ്ങി പോകുന്നതിന്റെ ഒരറ്റത്തു വെച്ച് കണ്ടു മുട്ടിയ ചില മനുഷ്യരുണ്ട്..
കാലിനടിയിലെ അവസാന മണൽ തരിയുമുതിർന്നു പോയിട്ടും
ഒരു ഗുരുത്വാകർഷണ ബലം പോലെ പിടിച്ചു നിർത്തുന്ന മനുഷ്യർ..
താഴ്‌വരയിലെ മനോഹരമായ വയലറ്റ് പൂക്കളെപ്പോലെയെവർ
ഇടയ്ക്കിടെ വസന്തം തീർക്കാറുണ്ട്..
ഒരില മാത്രമായൊതുങ്ങി പോയപ്പോഴൊക്കെയും
തണൽ കാറ്റ് വീശി തന്നിട്ടുണ്ട്..
വരണ്ടുണങ്ങി പൊട്ടിക്കീറിയ
ഗോതമ്പു പാടത്തേക്കവർ
കുടിനീരായ് പെയ്തിറങ്ങാറുണ്ട്..
വസന്തം മൊട്ടിട്ട ചില്ലകളിലവർ
ആരും കട്ടെടുക്കാതെ,
ആർക്കും കടം കൊടുക്കാതെ കാവലാകാറുണ്ട്..
തിരയും തീരവും പോലെ ചിലപ്പോഴൊക്കെ
ഓടിവന്നൊന്ന് കെട്ടിപ്പിടിക്കാറുണ്ട്..
കടലാഴങ്ങളിൽ ഒളിഞ്ഞു കിടന്ന മുത്തുച്ചിപ്പികളെയെല്ലാം
ഇടയ്ക്കവരെടുത്ത്
കരയിലേക്കിടാറുണ്ട്….
ഇറങ്ങിപ്പോവുന്നതിന്റെ അറ്റത്ത് വെച്ച്
കണ്ടു മുട്ടിയ ആ മനുഷ്യരിലായിരുന്നു
അന്ന് വരെയും അറിയാതിരുന്ന എന്തൊക്കെയോ കെട്ടിപിണഞ്ഞു കിടന്നിരുന്നത്…
ഒരു ചില്ലയങ്ങനെ നമുക്കായ് അവശേഷിപ്പിക്കാൻ
അവരിടങ്ങളിലേക്കും ഉണങ്ങിപോകാതെയൊരു
വേരിട്ടു കൊടുക്കണം..
നമ്മളിടങ്ങളിലെ മനുഷ്യർ എന്ന പദം അവരിലാണ് ഏറ്റവും മനോഹരമായി അലങ്കരിക്കപ്പെട്ടിരിക്കുന്നത്..
താഴ്‌വരയിലെ അതേ
വയലറ്റ് പൂക്കളെ പോലെ…..
അലീഷ മാഹിൻ
No Comment.