
നിസ്സഹായതയുടെ കൊടുമുടിയിൽ നിന്നൊരു
കവിത പിറവി കൊള്ളുന്നുണ്ട്..
വാശികൊണ്ടയക്ഷരങ്ങളിലപ്പോഴും
തണുത്ത് മരവിച്ച ചോരയുടെ മണമുണ്ട്..
നീയെന്നെയെഴുതാൻ ഏറെ വൈകിയത് കൊണ്ട് മാത്രം
ഞാനെന്നേ മരിച്ചു കഴിഞ്ഞുവെന്ന്
വിളിച്ചു പറഞ്ഞുകൊണ്ടൊരു
ഒറ്റ നക്ഷത്രം ചുവപ്പ് മാഞ്ഞു തുടങ്ങിയ ആകാശത്തപ്പോഴും കണ്ണു ചിമ്മുന്നുണ്ട്..
എഴുതി കൂട്ടിയ പുസ്തകത്താളിനെ
കുത്തിവരകൾക്കൊടുവിൽ
ഒരുമിച്ചു നിന്നയിടത്ത് നിന്നും
വലിച്ചു കീറിയെടുത്ത്
ചുരുട്ടിയെറിയുന്ന പോലെ
ആലോചനകൾക്കൊടുവിൽ ചില വരികളൊക്കെയും വേണ്ടെന്ന് വെക്കുന്നുണ്ട്..
നീ പകർത്തിയെഴുതുന്ന വരെയും
എനിക്ക് നിന്നോട് വാശിയെന്ന്
ആ വരികളെത്രയോ വട്ടം വിളിച്ചു പറഞ്ഞിരിക്കുന്നു..
ആഗ്രഹങ്ങകെയടക്കം ചെയ്ത ശവപ്പറമ്പിലിനിയും
കടം കൊണ്ട കുറെയക്ഷരങ്ങൾ പുനർജന്മം കാത്തു കഴിയുന്നുണ്ടത്രേ..
എത്രയൊക്കെ കുത്തിവരച്ചിട്ടും
മുനയൊടിയാതെ
മഷിവറ്റാത്തൊരു തൂലിക
ഇനിയുമവിടങ്ങളിൽ
പുസ്തകത്താളിനെയും
സ്വപ്നം കണ്ടു കിടപ്പുണ്ട്..
വാശികൊണ്ടയക്ഷരങ്ങളപ്പോഴും
മഷിപുരളാതെ
വരികളുടെ ആത്മാവിനെയും തേടിയലയുന്നുണ്ട്..
അലീഷ മാഹിൻ
No Comment.