
കവിത
സമയത്തിന് ഭ്രാന്ത് പിടിച്ചെന്ന് തോന്നുന്നു.
അതോ? മുറിവുകൾ
വേദന തന്നതിന്റെ ഭയത്തിലോ?
എന്തിനീ മരണയോട്ടം?
മൂന്ന് സൂചി തുമ്പുകൾ
പല്ലുകൾ ഉരസിയും
കണ്ണുകളുരുട്ടിയും
ക്രൂരമായി നോക്കുന്നു.
ഉറങ്ങാൻ കിടന്നിട്ടും
നേത്രങ്ങൾ ചലനമില്ലാതെ
കറങ്ങുന്ന ഫാനിൽ തറച്ചു നിന്നു.
ആരോ കതകിന്റെ
മറുപുറത്തായി താളത്തിൽ കൊട്ടുന്നു.
മിന്നാമിനുങ്ങിന്റെ വെളിച്ചത്തിൽ
വികസിച്ച മരണമുഖം
ജീവിതത്തോട് കലഹിക്കുന്നു.
രണ്ടാം നിലയിലെ
മൂന്നാമത്തെ മുറിയിൽ
തനിയെ ഞാനവയൊക്കെ
ശ്രദ്ധയോടെ കേട്ടിരുന്നു.
സമരത്തിന്റെ തീക്ഷ്ണത ഞാനറിഞ്ഞു.
ജീവിതം പ്രണയിച്ച
ഏതോ ഒന്നിന്റെ പേരുമാത്രം
കാതുകളിൽ പതിയാതെപോയി.

നിഥിൻകുമാർ ജെ പത്തനാപുരം
No Comment.