Skip to content

chithrodayamflashnews.com

November 29, 2026 8:47 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ആനന്ദം പരമാനന്ദം’ – ഫിലിം റിവ്യൂ

ചിരിക്കിടയില്‍ അല്പം കാര്യവും; പ്രേക്ഷകര്‍ക്ക് പകരുമിത് പരമാനന്ദം

ഉമ്മര്‍ വിളയില്‍


ഗൗരവമാർന്ന പ്രമേയവും നുറുങ്ങു തമാശകളും നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തിയ ‘ആനന്ദം പരമാനന്ദം.’ ഹിറ്റ് സംവിധായകൻ ഷാഫിയുടെ മലയാളത്തിലെ വ്യത്യസ്തമായ ഒരു കൈയൊപ്പ്. ഇന്ദ്രൻസും ഷറഫുദ്ദീനും അനഘ നാരായണനും അജു വർഗീസും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങൾ, ക്രിസ്മസ് ആഘോഷിക്കുന്നവർക്കൊരു വിരുന്നൊരുക്കാൻ തന്നെയാണ് വന്നത്.

പാലക്കാടിന്റെ ചേതോഹരമായ ഗ്രാമീണ പശ്ചാതലത്തിലൊരുക്കിയ സിനിമ നയന മനോഹരമായ ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുക. മനോഹരമായ ഒരു കുന്നിനു താഴെ എങ്ങും പച്ചപ്പു നിറഞ്ഞ ഭൂമി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചൊരിടം. അവിടെ കെട്ടിയുയർത്തിയ കള്ളുഷാപ്പിൽനിന്നാണ് കഥയാരംഭിക്കുന്നത്. അതിനെ ചുറ്റിപ്പറ്റിത്തന്നെയാണ് കഥയുടെ പുരോഗമനവും. പാലക്കാടിന്റെ ഗ്രാമ്യ ഭംഗി അതിന്റെ തന്മയത്വത്തോടെത്തന്നെ ഒപ്പിയെടുത്തിട്ടുണ്ട് ക്യാമറാമാൻ മനോജ് പിള്ളൈ.

മദ്യപാനം ആരോഗ്യത്തെയും കുടുംബ ജീവിതത്തെയുമൊക്കെ താറുമാറാക്കുമെന്ന കഥ തന്നെയാണ് ഈ സിനിമയും പറഞ്ഞുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ പ്രമേയത്തിൽ പുതുമയൊന്നുമില്ല. എന്നിട്ടും ചിത്രം പ്രേക്ഷകരെ സ്പർശിച്ചത്, അതിന്റെ വേറിട്ട അവതരണ രീതി കാരണമാണ്. രചന നിർവഹിച്ച എം. സിന്ധുരാജിനും പ്രത്യേകം കൈയടികൾ നൽകാം.

ദിവാകര കുറുപ്പായെത്തുന്ന ഇന്ദ്രൻസ്, മുഴു കുടിയനായ ഒരു കുടുംബനാഥനാണ്. നേരം വെളുത്തതു മുതൽ സന്ധ്യ മയങ്ങുന്നതുവരെ മിക്കവാറും അയാൾ ഷാപ്പിലായിരിക്കും. കുടിച്ച് ബോധം മറഞ്ഞേ രാത്രിയെന്നും വീട്ടിലെത്തൂ. തുടർന്ന് ടി.വി.യും തുറന്നുവെച്ച് സോഫയിൽക്കിടന്ന് മയങ്ങും. രാവിലെ വീണ്ടും പതിവു പരിപാടി. ദിവാകര കുറുപ്പിന്റെ മകളായ അനുപമയെ (അനഘ നാരായണൻ) കുടിയനായ ഗിരീഷ് (ഷറഫുദ്ദീൻ) വിവാഹം കഴിക്കുന്നു. ഇതേത്തുടർന്നുണ്ടാകുന്ന കുടുംബ പ്രശ്നങ്ങളും മാനസിക വിഭ്രാന്തിയും നിറഞ്ഞ രംഗങ്ങളാണ് സിനിമ. ഒറ്റക്കാഴ്ചയിൽത്തന്നെ ടൊവിനോ ചിത്രം തീവണ്ടിയുമായി സിനിമയ കണക്ട് ചെയ്യാനാവും. രണ്ടിന്റെയും പ്രമേയം ഏതാണ്ട് ഒന്നുതന്നെയാണെങ്കിലും അവതരിപ്പിച്ച രീതി വ്യത്യസ്തം.

ആദ്യപകുതിയിൽ ഇന്ദ്രൻസും രണ്ടാം പകുതിയിൽ ഷറഫുദ്ദീനും നിറഞ്ഞു നിൽക്കുന്നതാണ് ചിത്രം. ഇവർ രണ്ടുപേർക്കുമിടയിലെ നൂൽപ്പാലം എന്ന പോലെ പ്രവർത്തിക്കുന്നതാണ് അജു വർഗീസിന്റെ കഥാപാത്രം. മുളകിട്ട ഗോപി എന്നു നാട്ടുകാർ വിളിക്കുന്ന അജു വർഗീസ് ചിത്രത്തിൽ ഒന്നാന്തരം പാചകക്കാരനായുള്ള ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അല്ലറ ചില്ലറ തരികിടകളും തമാശകളുമായി ബൈജു സന്തോഷിന്റെ കഥാപാത്രവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. സിനോജ് വർഗീസ്, വനിത കൃഷ്ണചന്ദ്രൻ, സുർജിത്, സാദിഖ് എന്നിവരും ചിത്രത്തെ സമ്പന്നമാക്കുന്നുണ്ട്.

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ കണ്ടെത്തലാണ് അനഘ നാരായണൻ. ഈ ചിത്രത്തിലും പ്രേക്ഷകരുടെ മനം കീഴടക്കുന്ന പ്രകടനങ്ങൾ അവരിൽനിന്ന് കാണാം. കൂടാതെ ഷറഫുദ്ദീന്റെ കഥാപാത്രത്തിന്റെ അമ്മയായെത്തുന്ന നിഷ സാരംഗും ഒരു പുതിയ ഭാവുകത്വത്തെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. മലയാളത്തിൽ കണ്ടിട്ടില്ലാത്ത, വ്യത്യസ്തയായ ഒരമ്മയെ ഇവരിൽ കാണാം. അമ്മ സ്നേഹമാണ്, സമർപ്പണമാണ്, നമ്മെ ഒരിക്കലും വിട്ടുപോകില്ലെന്നുറപ്പുള്ള സത്യമാണ് എന്ന സാമൂഹിക പരികൽപനകളുടെയൊക്കെ മറുപുറമാണ് ഈയമ്മ.

ഗൗരവമാർന്ന ഒരു പ്രമേയം കൈകാര്യം ചെയ്യുമ്പോൾത്തന്നെ അല്പം ചില തമാശകളും ചിത്രത്തിൽ ഉൾച്ചേർത്തിട്ടുണ്ട്. ഷാഫി സ്പർശമുള്ള സിനിമയിൽ പ്രേക്ഷകർ അത് അനിവാര്യമായും പ്രതീക്ഷിക്കുന്നുമുണ്ട്. പക്ഷേ, ഷാഫിയുടെ മുൻ ചിത്രങ്ങൾപോലെ പൊട്ടിച്ചിരിപ്പിക്കുന്ന, ഓർത്തോർത്തു ചിരിക്കാൻ വക നൽകുന്ന തമാശപ്പടമല്ല ആനന്ദം പരമാനന്ദം എന്നുകൂടി അറിയേണ്ടതുണ്ട്. അത്യാവശ്യം തമാശകളും റൊമാൻസും വൈകാരിക മുഹൂർത്തങ്ങളും ഉൾക്കൈാണ്ട രണ്ടര മണിക്കൂറാണിത്. മദ്യപാനത്തിന്റെ കെടുതികളാണ് പറയുന്നതെങ്കിൽത്തന്നെയും പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന വിധത്തിലാണ് സിനിമയവസാനിക്കുന്നത്. ക്ലൈമാക്സ് രംഗം ഉള്ളിലൊരു നിർവൃതി സമ്മാനിച്ചേ നമ്മെ തിയേറ്റർ വിട്ടു പോകാൻ അനുവദിക്കൂ. ഒപ്പം കണ്ണുകൾക്ക് ഒരൽപം നനവും.

പഞ്ചവർണത്തത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്കു ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന ചിത്രമാണ് ആനന്ദം പരമാനന്ദം. സിന്ധുരാജും ഷാഫിയും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മനു രഞ്ജിതിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തോട് ഇഴചേർന്നു നിൽക്കുന്ന ഗാനവും പശ്ചാത്തല സംഗീതവും സിനിമയുടെ ആഴത്തിലേക്ക് നമ്മെ കൈപ്പിടിച്ചിരുത്തും.


ആനന്ദം പരമാനന്ദം’ – ഫിലിം റിവ്യൂ

പ്രേക്ഷകർക്കും പരമാനന്ദം; ആനന്ദം പരമാനന്ദം റിവ്യു

ആർ.ബി. ശ്രീലേഖ


മുഴുക്കുടിയനായ മദ്യപാനി പലർക്കും ഒരു കോമഡി പീസാണ്. എന്നാൽ എരിയാത്ത അടുപ്പുമായി നെരിപ്പോടെരിയുന്ന മനസ്സുമായി അയാളെ കാത്തിരിക്കുന്ന കുടുംബത്തിന് അയാൾ തീരാ ദുഃഖവും. കുടുംബ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച സിനിമകളുടെ സംവിധായകൻ ഷാഫി ഒരിടവേളക്ക് ശേഷം വീണ്ടുമെത്തിയത് മലയാളികളെ ചിരിപ്പിക്കാൻ തന്നെയാണ്. പക്ഷേ വെറും ചിരിക്കുമപ്പുറം കുറച്ച് ചിന്തയും ഹൃദയ ബന്ധങ്ങളുടെ ഉള്ളുരുക്കവും ഒളിപ്പിച്ചു വച്ചിരുന്നു എന്ന് മാത്രം. ഷറഫുദ്ദീൻ നായകനായെത്തി ഇന്ദ്രൻസ് പ്രധാന കഥാപാത്രമായ ആനന്ദം പരമാനന്ദം എന്ന ഷാഫി ചിത്രം പ്രേക്ഷകർക്ക് ആനന്ദവും കണ്ണിൽ അല്പം നനവും പകരുന്ന ചിത്രമാണ്.

നടന്നു മടുത്തപ്പോൾ വിആർഎസ് എടുത്ത പോസ്റ്റുമാൻ ആണ് ദിവാകരക്കുറുപ്പ്. പക്ഷേ നടന്നു മടുത്ത കുറിപ്പ് ഇരിപ്പ് പിടിച്ചത് മുളക് ഗോപിയുടെ കള്ളുഷാപ്പിലാണെന്ന് മാത്രം. . സ്നേഹമയിയായ ഭാര്യ വിമല ടീച്ചറും മകൾ അനുപമയ്ക്കും വീട്ടിൽ കാത്തിരിക്കുന്നുണ്ടെകിലും കുറുപ്പ് എന്നും വഴിതെറ്റാതെ കള്ളുഷാപ്പിൽ എത്തിച്ചേരും. ഭാര്യയും മകളും എത്ര ശ്രമിച്ചിട്ടും കുറുപ്പിന്റെ കള്ളുകുടി മാറ്റാൻ പറ്റുന്നില്ല. കുറുപ്പിന്റെ സ്വഭാവദൂഷ്യം കാരണമാണ് മകളുടെ വിവാഹം നടക്കാത്തത് എന്നാണ് അളിയൻ സുതന്റെ പക്ഷം. കള്ളുകുടിച്ച് തല്ലുണ്ടാക്കി സ്ഥലത്തു നിന്നും ദുബായിലേക്ക് വണ്ടി കയറിയ ഗിരീഷ് ഗൾഫ് മടുത്ത് തിരിച്ചെത്തിയപ്പോൾ ചെന്നെത്തിയതും കള്ളുഷാപ്പിൽ തന്നെ. ആകസ്മികമായി കുറുപ്പിന്റെ മകൾ അനുപമയെ കണ്ട ഗിരീഷിന് അനുപമയെ വിവാഹം കഴിച്ചാൽ കൊള്ളാമെന്ന് തോന്നുന്നു. പക്ഷേ കള്ളുകുടിയനാണെങ്കിലും പ്രിയപ്പെട്ട മകളെ ഒരു കള്ളുകുടിയന് പിടിച്ചു കൊടുക്കാൻ ആ അച്ഛൻ തയ്യാറാകുന്നില്ല.

പക്ഷേ അച്ഛന്റെ കള്ളുകുടി നിർത്തിയില്ലെങ്കിൽ ഗിരീഷിനൊപ്പം തന്നെ പോകുമെന്ന് മകൾ പറഞ്ഞെങ്കിലും പറഞ്ഞ വാക്ക് പാലിക്കാൻ അച്ഛന് കഴിയാതെ വന്നപ്പോൾ മകൾ വാക്കുപാലിക്കുന്നു. ഇനിയൊരിക്കലും മദ്യപിക്കില്ല എന്നവാക്ക് പാലിക്കാൻ ഒരു മദ്യപാനിക്ക് കഴിയില്ല എന്ന് അനുപമ തിരിച്ചറിയാൻ വൈകിപ്പോയിരുന്നു. അമ്മയെപ്പോലെ കള്ളുകുടിയൻ ഭർത്താവിനെ കാത്തിരിക്കലായി മകളുടെയും വിധി. ഒടുവിൽ കള്ളുകുടി നിർത്താൻ കഴിയില്ലെങ്കിലും മരുമകനെ നല്ലവനാക്കാൻ സ്വയം ഒടുങ്ങാൻ തന്നെ ആ അച്ഛൻ തീരുമാനിക്കുന്നു. അച്ഛൻ പോയിക്കഴിഞ്ഞാണ് സ്നേഹനിധിയായ അച്ഛന്റെ വില മകൾ മനസ്സിലാക്കുന്നത്. കുറുപ്പ് ഓരോർമ്മയായി മാറിയെങ്കിലും ഓരോ ദിവസവും വീട്ടിലെത്തിക്കാൻ കുറുപ്പ് സുഹൃത്തുക്കളെ ഏൽപ്പിച്ച കത്തുകളായി ഭാര്യയുടെയും മകളുടെയും ജീവിതത്തിൽ കുറുപ്പ് നിറയുകയാണ്. കുറുപ്പിന്റെ കത്തുകളിലൂടെ പല നിഗൂഢ രഹസ്യങ്ങളും ചുരുളഴിയുന്നു.

മനസ്സ് നിറഞ്ഞു പൊട്ടിച്ചിരിക്കാൻ ഏറെ സിനിമകൾ സമ്മാനിച്ച ഷാഫി തമാശയുടെ മർമം അറിയുന്ന സംവിധായനാണ് എന്ന് ആനന്ദം പരമാനന്ദത്തിലൂടെ ഒരിക്കൽ കൂടി തെളിയിക്കുകയാണ്. മുഴുക്കുടിയന്മാരായ കുറുപ്പും ഗിരീഷും കള്ളുഷാപ്പിലെ മറ്റു കുടിയന്മാരും മനം നിറഞ്ഞു ചിരിക്കാൻ വക നൽകുന്നുണ്ട്. കള്ളുഷാപ്പ് ഉടമയായി അജുവും കൗശലക്കാരനായ അമ്മാവനായി ബൈജുവും മടുപ്പുളവാക്കാത്ത ദ്വയാർഥങ്ങളില്ലാത്ത നർമ്മരംഗങ്ങളുമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ചെറു ചലനങ്ങളിൽ പോലും അഭിനയത്തിന്റെ അപാര സാദ്ധ്യതകൾ പുറത്തെടുക്കുന്ന ഇന്ദ്രൻസ് തന്നെയാണ് സിനിമയുടെ നട്ടെല്ല്. പ്രതിഭയും ആത്മവിശ്വാസവും കൊണ്ട് മലയാളസിനിമയിൽ പേരെടുത്തുകൊണ്ടിരിക്കുന്ന യുവതാരമാണ് ഷറഫുദ്ദീൻ. ഹാസ്യവും സീരിയസ് ക്യാരക്ടർ റോളുകളും ശക്തമായ വില്ലൻ വേഷങ്ങളും പകർന്നാൻ സ്വതസിദ്ധമായ ശൈലിയുള്ള ഷറഫിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തിലെ ഗിരീഷ്. കള്ളുകുടിയനായ മരുമകനായി ഷറഫ് ഇന്ദ്രൻസിന് ശക്തമായ പിന്തുണയായി ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. തിങ്കളാഴ്ച നിശ്ചയം എന്ന മികച്ച ചിത്രത്തിലൂടെ സിനിമയിലേക്ക് ചേക്കേറിയ അനഘ നാരായണനാണ് അനുപമ എന്ന ശക്തയായ സ്ത്രീ കഥാപാത്രമായി ചിത്രത്തിലെത്തുന്നത്. അനുവിന്റെ അമ്മയായി വനിതയും ഗിരീഷിന്റെ അമ്മയായി നിഷാ സാരംഗുമുണ്ട്. കേരളത്തിലെ കുടുംബ വ്യവസ്ഥയിലെ പക്കാ അമ്മായിയമ്മയെ പൊളിച്ചെഴുതുന്ന “നിനക്ക് വേണ്ടെങ്കിൽ അവനെ കളഞ്ഞിട്ടു പോ മോളെ” എന്ന് പറയുന്ന മാറുന്ന കാലഘട്ടത്തിലെ അമ്മയാണ് നിഷ സാരംഗിന്റെ കഥാപാത്രം. സിനോജ്, സുർജിത്ത്, കൃഷ്ണചന്ദ്രൻ സാദിഖ് തുടങ്ങി നിരവധി പ്രതിഭകൾ ചിത്രത്തെ സമൃദ്ധമാക്കുന്നുണ്ട്.

സപ്ത തരംഗ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച ആനന്ദം പരമാനന്ദത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം. സിന്ധുരാജ് ആണ്. മനോഹരമായ ഗ്രാമീണഭംഗി ഒപ്പിയെടുത്ത മനോജ് പിള്ളയുടെ ഛായാഗ്രഹണം ചിത്രത്തിന് ചാരുതയേകുന്നു. മനു മഞ്ജിത് എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകർന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരിടത്തും മുഴച്ചു നിൽക്കാതെ സിനിമയുടെ മൂഡിനോട് ഇണങ്ങിച്ചേരുന്നുണ്ട്. വി. സാജൻ ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

മദ്യപാനം പ്രമേയമായി ഏറെ സിനിമകൾ എത്തിയിട്ടുണ്ടെങ്കിലും വളരെ വ്യത്യസ്തമായ ആഖ്യാന ശൈലിയുമായാണ് സിന്ധുരാജും ഷാഫിയും ഇത്തവണ എത്തിയത്. കുടിക്കുമ്പോൾ ആനന്ദവും ബോധം പോകുമ്പോൾ പരമാനന്ദവും എന്ന അവസ്ഥയിൽ കഴിയുന്ന മദ്യപാനികളുടെ കണ്ണുതുറപ്പിക്കുന്ന ചിന്തകൂടി പകരുന്ന ചിത്രമാണ് ആനന്ദം പരമാനന്ദം. ഇന്ദ്രൻസും ഷറഫുദീനും അജു വർഗ്ഗീസും ബൈജുവും കൂടി ആനന്ദിപ്പിക്കുന്ന ഈ കൊച്ചു ചിത്രം ക്രിസ്മസ് വേളയിൽ പ്രേക്ഷകർക്ക് പരാമാനന്ദമായി മാറുമെന്ന് ഉറപ്പാണ്.


ആനന്ദം പരമാനന്ദം’ – ഫിലിം റിവ്യൂ

രസിപ്പിച്ചും ചിന്തിപ്പിച്ചും ഇന്ദ്രൻസും ഷറഫും, ജീവിതം തന്നെ ‘ആനന്ദം പരമാനന്ദം’


മലയാളി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചുകൊണ്ടുള്ള പ്രകടനം തുടരുകയാണ് ഇന്ദ്രൻസ്. കഥാപാത്രങ്ങള്‍ക്ക് ഓരോന്നിനും ഏറ്റവും അനുയോജ്യമായ രീതിയില്‍ ഒന്നിനൊന്ന് വ്യത്യസ്‍തമായ ഭാവപകര്‍ച്ചകള്‍ നല്‍കി അമ്പരപ്പിക്കുകയാണ് ഇന്ദ്രൻസ്. ‘ആനന്ദം പരമാനന്ദം’ എന്ന പുതിയ സിനിമയിലും ഇന്ദ്രൻസ് നിറഞ്ഞുനില്‍ക്കുകയാണ്. ഒപ്പം ഷാഫിയുടെ സംവിധാനത്തില്‍ ഷറഫുദ്ദീനും ചേരുമ്പോള്‍ ഒരു ക്ലീൻ ഫാമിലി എന്റര്‍ടെയ്‍നറായി മാറിയിരിക്കുകയാണ് ‘ആനന്ദം പരമാനന്ദം’.

കല്യാണാലോചനകള്‍ നടക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനാണ് പോസ്റ്റ്‍മാനായി വിരമിച്ച ‘ദിവാകര കുറുപ്പ്’. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ‘കുറുപ്പ്’ സ്ഥിരം മദ്യപാനമാണ്. രാവിലെ അമ്പലത്തിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി പകലിരവോളം കള്ള് ഷാപ്പില്‍ ചെലവിടുന്ന ‘കുറുപ്പ്’ രാത്രിയിലാണ് തിരിച്ചെത്തുക. മകള്‍ ‘അനുപമ’ക്ക് വരുന്ന വിവാഹ ആലോചനകള്‍ മുടങ്ങുന്നതും ‘ദിവാകര കുറുപ്പി’ന്റെ മദ്യപാനം കാരണമാണ്. സ്ഥിരം മദ്യപാനിയാണെങ്കിലും മകളുടെ വിവാഹ ചെലവുകള്‍ക്കായി പണം സ്വരൂപിച്ചുവച്ചിട്ടുമുണ്ട് ‘കുറുപ്പ്’. അങ്ങനെയിരിക്കെ മദ്യപാനിയായ പ്രവാസി യുവാവായ ‘ഗിരീഷി’ന് ‘അനുപമ’യോട് പ്രണയം തോന്നുന്നു. ‘ഗീരീഷ്’ വിവാഹാലോചനയുമായി സമീപിക്കുന്നുവെങ്കിലും അത് ‘ദിവാകര കുറുപ്പ്’ എതിര്‍ക്കുന്നു. അച്ഛൻ മദ്യപാനം നിര്‍ത്തിയില്ലെങ്കില്‍ ‘ഗിരീഷു’മായുള്ള വിവാഹത്തിന് താൻ തയ്യാറാകുമെന്ന് ‘അനുപമ’ പറയുന്നു. ‘കുറുപ്പി’ന് മദ്യപാനം നിര്‍ത്താനാകുമോ?. ‘ഗിരീഷു’മായി ‘അനുപമ’ വിവാഹിതയാകുമോ?.. രസകരവും സംഘര്‍ഷഭരിതവും ആകാംക്ഷയുണര്‍ത്തുന്നതുമായ തുടര്‍ സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.

ടൈറ്റില്‍ കാര്‍ഡില്‍ തുടങ്ങി സിനിമയുടെ സ്വഭാവം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് സംവിധായകൻ ഷാഫി. ഷാഫിയുടെ മുൻ സിനിമകളേതുപോലെ തന്നെ രസകരമായ രംഗങ്ങള്‍ കോര്‍ത്തുള്ള സിനിമയാണെങ്കിലും സാമൂഹ്യപ്രസക്തമായ ഒരു വിഷയത്തിനും ഇത്തവണ പ്രാധാന്യം നല്‍കിയിരിക്കുന്നു. ഷാഫിയെന്ന പക്വതയാര്‍ന്ന സംവിധായകന്റെ കയ്യടക്കം സിനിമയുടെ കഥ പറച്ചിലില്‍ പ്രകടമാണ്. കോമഡി സംഭാഷണങ്ങള്‍ക്ക് അപ്പുറം ഒരു രംഗത്തിന്റ ടോട്ടാലിറ്റിയില്‍ രസിപ്പിക്കുന്ന കഥാ സന്ദര്‍ഭങ്ങളും ആഖ്യാനവുമാണ് ‘ആനന്ദം പരമാനന്ദ’ത്തിന്റേത്. എം സിന്ധുരാജിന്റെ തിരക്കഥ രസകരമായ സിനിമാ കാഴ്‍ച ഒരുക്കുന്നതില്‍ ഷാഫിക്ക് മികച്ച പിന്തുണ തന്നെ നല്‍കിയിട്ടുണ്ട്. ലാളിത്യമുള്ള എഴുത്താണ് ഇത്തവണയും സിന്ധുരാജിന്റേത്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള കഥാ സന്ദര്‍ഭങ്ങള്‍ ബ്രില്യന്റായ ക്രാഫ്റ്റില്‍ ‘ആനന്ദ് പരമാനന്ദ’ത്തിനായി സിന്ധു രാജിന്റെ എഴുത്തിലുണ്ടായിട്ടുണ്ട്.

‘ദിവാകര കുറുപ്പാ’യി ഇന്ദ്രൻസ് ആണ് ചിത്രത്തില്‍ നിറഞ്ഞാടിയിരിക്കുന്നത്. അളന്നുമുറിച്ചുള്ള ഇന്ദ്രൻസിന്റെ പകര്‍ന്നാട്ടമാണ് പാളിപ്പോകാവുന്ന കഥാ സന്ദര്‍ഭങ്ങളെയും കൃത്യമായി പ്രതിഫലിപ്പിച്ചിരിക്കുന്നത്. മദ്യപാനാസക്തി പ്രകടമാക്കുന്ന രംഗങ്ങളില്‍ പോലും ഇന്ദ്രൻസ് മിത്വതമാര്‍ന്നതും എന്നാല്‍ കൃത്യമായി സംവദിപ്പിക്കപ്പെടുന്നതുമായ ഭാവപകര്‍ച്ചകളാണ് ‘കുറിപ്പി’നായി അവതരിപ്പിച്ചിരിക്കുന്നത്. മകളോടുള്ള ‘കുറുപ്പി’ന്റെ സ്‍നേഹം പ്രകടമാകുന്ന രംഗങ്ങളിലും ഇന്ദ്രൻസ് പ്രേക്ഷകരുടെ ഇഷ്‍ടം കൂടും. മറുവശത്ത് ‘ഗിരീഷ്’ എന്ന ചെറുപ്പക്കാരനായിട്ട് ഷറഫുദ്ദീനും മികച്ച പ്രകടനം പുറത്തെടുത്തിരിക്കുന്നു. ആല്‍ക്കഹോളിക്കായ ‘ഗിരീഷി’ന്റെ മാനറിസങ്ങള്‍ തീര്‍ത്തും ഷറഫുദ്ദീനില്‍ ഭദ്രമാണ്. ‘മുളക് ഗോപി’യായി അജു വര്‍ഗീസിനും ചിത്രത്തില്‍ മുഴുനീള വേഷമുണ്ട്. നിഷ സാരംഗിന്റെ പ്രകടനവും ആകര്‍ഷിക്കുന്നതാണ്. അനഘ നാരായണൻ ‘അനുപമ’യെന്ന കഥാപാത്രമായി ചിത്രത്തില്‍ തിളങ്ങുന്നു.

മനോജ് പിള്ളയുടെ ഛായാഗ്രാഹണം ഷാഫിയുടെ സിനിമയോട് ചേര്‍ന്നുനില്‍ക്കുന്ന തരത്തില്‍ തന്നെ. ചെറിയ ചുറ്റുപാടുകളില്‍ ചിത്രീകരിച്ച ഒരു സിനിമ ആയിട്ടും ‘ആനന്ദം പരമാനന്ദം’ മികച്ച തിയറ്റര്‍ കാഴ്‍ചയായി മാറുന്നത് മനോജ് പിള്ളയുടെ ഛായാഗ്രാഹണ മികവുകൊണ്ടും കൂടിയാണ്. ഷാൻ റഹ്‍മാന്റെ സംഗീതവും ഷാഫിയുടെ ചിത്രത്തെ ആസ്വാദ്യകരമാക്കുന്നു. മനു മഞ്‍ജിത്ത് എഴുതിയ ഗാനങ്ങള്‍ ചിത്രത്തിന്റെ വിവിധ ഭാവങ്ങള്‍ കൃത്യമായി പകര്‍ത്തുന്നു.

സാരോപദേശ വാക്കുകളാകാതെ, ഒരു സാമൂഹ്യ വിപത്തിനെ കുറിച്ച് സര്‍ഗാത്മകമായി പ്രേക്ഷകരെ ബോധവത്കരിക്കുക എന്ന ലക്ഷ്യവും ‘ആനന്ദം പരമാനന്ദം’ നിറവേറ്റുന്നുണ്ട്. ഏറ്റവും വലിയ ലഹരി ജീവിതം തന്നെ എന്നു പറഞ്ഞുവക്കുന്നു ചിത്രം. വിരസതയൊട്ടും തോന്നിപ്പിക്കാതെ ഇങ്ങനെയൊരു ദൗത്യം ചിത്രം നിര്‍വഹിച്ചിരിക്കുന്നത്. എന്തായാലും കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഒരുമിച്ച് ആസ്വദിക്കാനാകുന്ന രസകരമായ ഒരു ചിത്രം തന്നെയാണ് ‘ആനന്ദം പരാമനന്ദം’.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6