
കവിത
മറന്നു തുടങ്ങിയതിൽ ചിലത്
രചന
നിഥിൻകുമാർ ജെ പത്തനാപുരം
ഒരു വരിയിലെ
പ്രണയത്തിനും
മറുവരിയിലെ
വിരഹത്തിനും അർത്ഥം
തിരയുന്നവർക്കിടയിൽ
അലയേണ്ടി വന്നൊരുവന്റെ
ഹൃദയഭാരമറിയുമോ?
നിറങ്ങൾ
കൂട്ടമായി പറയുന്നതും
ഈണങ്ങൾ
കൂട്ടമായി കരയുന്നതും
ഉടൽ പൊതിഞ്ഞ
മധുരത്തിന്റെ കിനാവുകളെ
ചൊല്ലിയാണ്.
ദിശകൾ മറന്നതും
ഋതുക്കൾ മരിക്കുന്നതും
സമയസൂചിയുടെ
കിതക്കുന്ന കണ്ണുകൾ
പറയുമ്പോഴും
തളർന്നുറങ്ങിയ
മൗനത്തിന്റെ മനസ്സിലും
മണ്ണിന്റെ മടിയിലും
പുഴുവിന്റെ പുതിയ
ജന്മങ്ങൾ
പിറവികൊണ്ടിരുന്നു.
അസ്ഥിയുടഞ്ഞ
കരിയിലകൂട്ടത്തിന്റെ
അലർച്ചയും
വളർച്ച മുരടിച്ച
കാറ്റിന്റെ തുടർച്ചയും
ഇരുൾ വെന്ത മണവും
പൊന്നോലയുടെ
തുഞ്ചത്തിരുന്നു കൊണ്ടൊരു
കരിപുരണ്ട പ്രാവ്
കണ്ടിരുന്നു.
ഇവിടെ
ഈ നിമിഷങ്ങളിൽ
ഭ്രാന്തമായ ചിന്തകളുടെ
ചങ്ങലമണമുള്ള
പ്രണയത്തിനും
വിരഹത്തിനുമിടയിൽ
കാലം കാണാതെ പോയ
കണ്ണുകൾ കണ്ടു പോയ
ഹൃദയങ്ങൾ അറിയാതെ പോയ
മണ്ണും മഴയും തൊട്ടു പോയ
പുലരി പാടി പോയ
ഇളം തെന്നലും തഴുകി പോയ
പിറവികളെ മറന്നു
കളഞ്ഞുപോയി.
നേർത്ത വരകൾ പോലെ
പ്രണയത്തിന്റെ തലങ്ങളും
മാഞ്ഞു തുടങ്ങി.
ഈ നിമിഷങ്ങളിലും
ഏതോ ഗിരിയുടെ
ഗാനമുണരുന്നുണ്ട്.
അവയൊക്കെ
പ്രണയമായിരുന്നെങ്കിൽ.

No Comment.