Skip to content

chithrodayamflashnews.com

Asnap 1409

കഴുവേറിക്കാറ്റ് മൂളുന്നു…


കഴിവേറ്റപ്പെടുന്നവന്റെ ആത്മരോദനം
ബധിരവിലാപംപോലെ.. ആരുകേൾക്കാൻ..?
ശരിതെറ്റുകളുടെ നൂൽപ്പാലത്തിലൂടെ യാത്രചെയ്യുമ്പോൾ
കാൽതെറ്റിവീഴുമെന്നാരറിഞ്ഞു..?
കഴിവേറി
കാറ്റിന്റെ കഴുവേറിത്തരം
വിധിയുടെ വെളിപാടുകളെക്കാൾ
എത്രയോ മുന്നിലാണ്…
യമദൂതുമായെത്തിയ വാഹനത്തിനും
കാലത്തിന്റെ കവിയോട് അസൂയയോ..?
പ്രതികരിക്കുന്നവരെ മുമ്പേ തീർക്കുവാൻ
ഒറ്റുകാരനാകാൻ
കാലമേ നീയും കൂട്ടോ..?
സത്യത്തിന്റെ വായ്മൂടിക്കെട്ടാൻ
സത്യംപറഞ്ഞവന്റെ മരണംകൊണ്ടു തീർപ്പുകല്പിക്കുവാൻ
ആരോടാണു നീ അച്ചാരം വാങ്ങിയത്..?
തീച്ചാമുണ്ടിതെയ്യങ്ങളുടെയും
പടയണിക്കോലങ്ങളുടെയും വെളിപാടുതറയിൽ
എരിഞ്ഞുകത്തിയാളുന്ന അഗ്നികുണ്ടങ്ങളിൽ
ഉയിർകൊള്ളുന്ന നേരിന്റെ ചുട്ടെഴുത്തുകൾക്ക്‌
കഴിവേറികാറ്റിന്റെ ഈണമുണ്ടായിരുന്നു..
മകളുടെ സ്നേഹവും കണ്ണീരുമുണ്ടായിരുന്നു..
നേരിന്റെ അടയാളപ്പെടുത്തലുകളുണ്ടായിരുന്നു..
ഗദ്ഗദങ്ങളുടെ നനുത്ത ഞരക്കങ്ങളുണ്ടായിരുന്നു..
കുറത്തിയെ ഈണത്തിൽ ചൊല്ലുവാൻ
മകളെ അടക്കിപിടിച്ചു പദം ചൊല്ലുവാൻ
ഇനി നിന്റെ സ്വനമെവിടെ..?

പുതുവർഷത്തിന്റെ
വർഷമാപിനിയിൽ തുടക്കത്തിലേ
കാലമേ നീ മറുയാത്രകൊണ്ടുപോയവർക്കു കൂട്ടിനോ?
പരലോകത്തെ കവിയരങ്ങിന് മികവുകൂട്ടാനോ..?
ചൊല്ലിടത്തിന്റെ വാക്മയംതീർത്ത, കഴിവേറികാറ്റിന്റെ കൂട്ടുകാരനേയും കൈപിടിച്ചുനീ കൊണ്ടുപോയത്…?

എങ്കിലും അലഞൊറിയുന്നുണ്ടവന്റെ ശബ്ദം
കടലിരമ്പംപോലെയീ മണ്ണിൽ..
കഴിവേറികാറ്റിന്റെ ആരവംപോലെ..
ഈണത്തിൽ, താളത്തിൽ..
തലയാട്ടി..
കൈത്താളം മികവേറി..
കുറത്തിയാടാൻ പാടുന്നു…
പടുപട്ടിണി ചാഞ്ഞമരും ചെറുചായ്പിനിറത്തുണ്ടിൽ.. ”
ഒരു കാറ്റ് മെല്ലെ എന്റെ അരികിലൂടെ തഴുകികടന്നുപോയി..
അതിനു കുറത്തിയാടന്റെ പുഞ്ചിരിക്കുന്ന രൂപമുണ്ടായിരുന്നു…
കവിതയുടെ ശീലുണ്ടായിരുന്നു…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6