
കണ്ടതും കേട്ടതും
ചൊല്ലിപ്പെരുപ്പിക്കും
കെട്ടകാലത്തിന്റെ
നാൾവഴിക്കാഴ്ചകൾ
കോട്ടകെട്ടുന്നു
മർത്യന്റെ ഹൃത്തിൽ.
കള്ളത്തരങ്ങൾക്കും
പൊള്ളത്തരങ്ങൾക്കും
കൂട്ടുപിടിക്കുന്നു
ചൂട്ടു കാട്ടുന്നു
കാലഘട്ടത്തിന്റെ
ദുഷ്പ്രമാണിത്വം…
കട്ടവർക്കൊക്കെ
സുഖിപ്പാൻ പലവഴി
കണ്ടുനിൽപ്പോർക്കോ
കഷ്ടത മാത്രം…
കൺമുന്നിൽ കാണും
കാഴ്ചകൾപോലും
കപടതയാലേ
അന്ധതമൂടും…
കർമ്മകാണ്ഡങ്ങളെ
കാറ്റിൽ പരത്തുന്നു
കുടിലത കുലംകുത്തി
വാണിടുന്നു.
കുറ്റങ്ങൾ കുറവുകൾ
കണ്ടുപിടിക്കുവൻ
കുനിഷ്ടും കുന്നായ്മയും
മുന്നിലല്ലോ…
കാടത്തമേറും പ്രവർത്തികൾകൊണ്ട്
കരുണതൻ വഴികളും
കണ്ണടയ്ക്കുന്നു.
കന്മഷംകൊണ്ടു
വിളമ്പുന്നതെല്ലാം
കണ്ണീരുമാത്രമേ
നൽകയുള്ളൂ…
കരുതലില്ലാത്തൊരാ
ജീവിതംകൊണ്ട്
കർത്തവ്യമൊക്കെ
മറന്നുപോകാം.

No Comment.