ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് ഇനിയ (യഥാർത്ഥ നാമം: ശ്രുതി ശ്രാവന്ത്) (ജനനം:1988 ജനുവരി 21). ഇവർ മലയാളത്തിലും തമിഴിലുമായി ഇരുപത്തിയഞ്ചിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ആദ്യകാലജീവിതം
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ഇനിയ ജനിച്ചത്. എസ്. സലാഹുദ്ദീനും സാവിത്രിയുമാണ് മാതാപിതാക്കൾ. മലയാള ടെലിവിഷൻ രംഗത്തെ അഭിനേത്രിയായ സ്വാതി, ശ്രാവൺ എന്നിവർ സഹോദരങ്ങളാണ്. അമൃത വിദ്യാലയയിലെയും മണക്കാട് കാർത്തിക തിരുനാൾ ഹൈസ്കൂളിലെയും പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബി.ബി.എ. കറസ്പോണ്ടൻസ് കോഴ്സ് പൂർത്തിയാക്കി.
ചലച്ചിത്രജീവിതം
നിരവധി മലയാള പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്കു കടന്നുവന്നത്. വയലാർ മാധവൻകുട്ടിയുടെ ഓർമ്മ, ശ്രീഗുരുവായൂരപ്പൻ എന്നീ പരമ്പരകളിലെ അഭിനയത്തിനുശേഷം കൂട്ടിലേക്ക് എന്ന ടെലിഫിലിമിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു. പിന്നീട് ഡോ. ബിജുവിന്റെ സൈറ (2006), വിജയകൃഷ്ണന്റെ ദലമർമ്മരങ്ങൾ (2009), ഉമ്മ (2011) എന്നീ ചലച്ചിത്രങ്ങളിലും ചില പരസ്യചിത്രങ്ങളിലും അഭിനയിച്ചു. 2005-ൽ മോഡലിങ് രംഗത്തു സജീവമായിരുന്നപ്പോൾ മിസ് ട്രിവാൻഡ്രമായി തെരഞ്ഞെടുക്കപ്പെട്ടു.
കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ പ്രമേയമാക്കിയ സേക്രെഡ് ഫേസ് എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇനിയ 2010-ൽ പാഠകശാലൈ എന്ന തമിഴ് ചലച്ചിത്രത്തിലും അഭിനയിച്ചു. അതോടൊപ്പം നാലു ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അവയൊന്നും പുറത്തിറങ്ങിയില്ല. അതിനുശേഷം യുദ്ധം സെയ് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു. വാകൈ സൂടാ വാ (2011) എന്ന ചിത്രത്തിലെ അഭിനയത്തിനുശേഷമാണ് ‘ഇനിയ’ എന്ന പേര് സ്വീകരിച്ചത്. ‘മധുരമായ’, ‘മനോഹരമായ’ എന്നൊക്കെയാണ് ‘ഇനിയ’ എന്ന വാക്കിന്റെ അർത്ഥം.
ഇനിയ അഭിനയിച്ച പ്രധാന മലയാളചലച്ചിത്രങ്ങളാണ് അയാൾ, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളിവെളിച്ചത്തിൽ എന്നിവ. മലയാളചലച്ചിത്രമായ ചാപ്പാ കുരിശിന്റെ തമിഴ് റീമേക്കായ പുലിവാൽ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചു. നിനൈത്തത് യാരോ എന്ന ചിത്രത്തിൽ ഇനിയയായി തന്നെ വേഷമിട്ടു.
No Comment.