
മനുഷ്യജീവിതം ഏറെ പ്രാധാന്യമുള്ളതാണ്. ജീവിതം അഭ്യാസമായി കാണുന്നിടത്ത് വിജയം വന്നുചേരുന്നു. വിജയിക്കുന്നിടത്ത് ആസ്വാദിക്കാനാകുന്നു. ജീവിതം ആസ്വദിക്കുമ്പോളാണ് ആനന്ദം ഉളവാകുന്നത്. ആനന്ദം തികഞ്ഞ സംതൃപ്തിയത്രെ. ഇത്തരം സംതൃപ്തിയെ നാം ധന്യതയെന്നു വിളിക്കുന്നു. ഈ നിലവാരത്തിലേയ്ക്ക് ഒരുവൻ എത്തിച്ചേരണമെങ്കിൽ സ്ഥിരോത്സാഹവും കഠിന പ്രയത്നങ്ങളും ഉണ്ടായിരിക്കണം. കയ്യും കെട്ടി വെറുതെ ഇരുന്നാൽ ജീവിതം ഭദ്രമാകില്ല. മനസ്സുകൊണ്ട് ചിന്തിക്കുകയും ചിന്ത കൊണ്ട് കർമ്മങ്ങളെ ഉണർത്തകയും കർമ്മങ്ങളിൽ സത്യസന്ധത ഊട്ടി വളർത്തുകയും ചെയ്യുമ്പോഴത്രെ നമുക്ക് നേട്ടങ്ങൾ കൊയ്യാനാകുന്നത്. തിന്നുക, കുടിക്കുക, മദിക്കുക, രമിക്കുക, ഉറങ്ങുക. തോന്നിവാസം പോലെ പ്രവർത്തിക്കുക അല്ല ജീവിതം. ജീവിതത്തെ സത്യത്തിൽ അർത്ഥപൂർണ്ണമാക്കെണമെങ്കിൽ നമ്മുടെ കർത്തവ്യങ്ങളിൽ ബോധവാന്മാരായിരിക്കണം. അതിനായിട്ട് വേണ്ട അഭ്യാസങ്ങൾ സ്വീകരിക്കണം. നിർമ്മലമായ മനസ്സിൽ അടിസ്ഥാനപരമായ ചിന്തകൾ കൊണ്ട് നിറയ്ക്കുക. അവിടെ ഈശ്വര ചിന്തയ്ക്കു പ്രാധാന്യം വേണം. കാരണം ഈശ്വരൻ സത്യമാണ്. സത്യമേ വിജയിക്കൂ. സത്യത്തിനു മാത്രമേ സന്തോഷം പ്രദാനം ചെയ്യാനാകൂ. സത്യം തന്നെ ശക്തിയും ശക്തിയ്ക്കു അധിപനായ ഈശ്വരനും. സത്യമായ ജീവിതം ഏറെ മനോഹരതയും ശുപാപ്തി വിശ്വാസവും നൽകും. ഇതു രണ്ടും ഉള്ളിടത്ത് വിജയമെത്തുന്നു. ജനനവും മരണവും ഒരു നാണയത്തിൻ്റെ ഇരുവശമത്രെ. ജനിക്കു തിനോടൊപ്പം വളരുന്നതിനോടൊപ്പം മരണവും കൂടെയുണ്ടെന്നു മനസ്സിലാക്കുക. അതിനായിട്ട് ഇന്ന ദിനമെന്നില്ല. എപ്പോൾ വേണമെങ്കിലും മരണം നമ്മളെ കീഴടക്കാം. അതിനാൽ മരണത്തെ ഭയത്തോടെ കാണാതെ ഉള്ള കാലത്തോളം നാം സത്യമായ ഈശ്വരനെ സേവിക്കുക. യഥാർത്ഥ ഈശ്വരസേവ മാനവ സേവയത്രെ. മാനവ സേവ ചെയ്യുന്നിടത്ത് ഈശ്വര ചൈതന്യം വർദ്ധിക്കുന്നു. ഈശ്വരചൈതന്യം മനസ്സിൻ്റെ അന്ധകാരത്തെ അകറ്റി ജ്ഞാനത്തിൻ്റെ ബോധത്തിൻ്റെ അറിവിൻ്റെ പ്രകാശം പരത്തുന്നു. അവിടെ കാണാൻ കഴിയുന്ന ശോഭ നയനാനന്ദം മാത്രമല്ല ശരീരത്തിനും മനസ്സിനും ആത്മസംതൃപ്തി കൂടി നൽകുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.