
മനുഷ്യനെ ഭയം പലപ്പോഴും നിയന്ത്രിക്കാറുണ്ട്. ഭയം മൂലം കൈവന്ന പല നല്ല അവസരങ്ങളും നഷ്ടപ്പെടുത്തിയവരുണ്ട്. നമ്മളാൽ കഴിയുന്നവ ഭയം കൊണ്ട് പ്രവൃത്തിക്കാതിരിക്കുന്ന അവസ്ഥ ദയനീയമത്രെ. എടുത്തു ചാടി ഒന്നും ചെയ്യരുത് എന്നു പറയാറുണ്ട്. അത് ഭയത്തെ മുൻ നിർത്തിയല്ല. തിടുക്കം ഒന്നിനും പാടില്ല, ഏതു കാര്യത്തിലും ചിന്തിച്ചു ചെയ്യുക എന്നതേ അതിനർത്ഥമുള്ളു. ജീവിതം സാക്ഷാത്കരിക്കണമെങ്കിൽ നമ്മളുടെ ചിന്തകളും കർമ്മങ്ങളും നന്മ നിറഞ്ഞവയായിരിക്കണം. നാം പുലർത്തുന്ന സ്വഭാവവും പെരുമാറ്റവും സമീപനവും ഉൽകൃഷ്ടമായിരിക്കണം. നമ്മളാൽ എന്തെങ്കിലും സഹായം നൽകുക എന്നല്ലാതെ നമ്മുടെ പ്രവർത്തനങ്ങളിലൂടെ മറ്റാർക്കും ദോഷം വന്നു ഭവിക്കരുത്. ഭയം മൂലം ഉണ്ടാകുന്ന തെറ്റുകുറ്റങ്ങളെ ശരിക്കും പഠിക്കുകയും ഭയം വന്ന വഴികളേയും ഭയത്തേയും ഒരു പോലെ തുടച്ചു നീക്കി മുന്നോട്ടു പോകുക. ഭയമില്ലാത്ത അവസ്ഥ സൃഷ്ടിക്കുവാൻ ഏറെ ക്ലേശിക്കേണ്ടി വരും. കാരണം ഭയം ശിശു പ്രായത്തിലെ നമ്മുടെ സിരകളിൽ അടിച്ചേൽപ്പിക്കുന്നു. മറ്റെല്ലാ വിശ്വാസങ്ങളും പോലെ ഭയവും വിശ്വാസമത്രെ. ഇതിൽ നിന്നും മോചിതരാകുക അവനവൻ നേടിയ അറിവും ബോധവും ജ്ഞാനവും ആശ്രയിച്ചിരിക്കും. ഏതൊരവസ്ഥയിലും നമ്മുടെ ഈശ്വരവിശ്വാസം തുണയായി വരാറുണ്ട്. ഒരീശ്വരവിശ്വാസിക്ക് അവൻ്റെ മനസ്സിനെ നിർമ്മലാവസ്ഥയിൽ കൊണ്ടു വരാനാകുന്നു. കാരണം നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും സങ്കീർത്തനങ്ങളും മനസ്സിൻ്റെ ചൈതന്യ ശ്രേഷ്ഠതയ്ക്ക് വഴി തുറന്നിട്ടിരിക്കുന്നു. അവ വായിച്ചും ചൊല്ലിയും പഠിക്കുന്നവന് തത്ത്വമസിയുടേയും അഹം ബ്രഹ്മാസ്മിയുടേയും പൊരുളറിയാനാകുന്നു. അങ്ങനെ അറിയുന്നവർക്ക് ഏതു കാര്യങ്ങളിലും എടുത്തു ചാട്ടമുണ്ടായാൽ തന്നെ ഭയം സ്പർശിക്കില്ല. അത് മനസ്സിൻ്റെ പ്രൗഢതയായി പരിണമിക്കുകയും അവൻ്റെ അവളുടെ ചെയ്തികളിൽ മഹത്വം നിലവിളക്കു പോലെ ജ്വലിച്ചു ശോഭിച്ചു നിൽക്കും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.