കൊല്ലം: വീട്ടിൽ പ്രസവിച്ച യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ ആംബുലൻസ് ഡ്രൈവർ നടത്തിയ ഇടപെടൽ ശ്രദ്ധേയമാകുന്നു. വാളത്തുംഗൽ അമ്പുവടക്കതിൽ രാഹുൽ ഭവനിൽ ആർ. രാഹുലാണ് (28), ഇരവിപുരം കുന്നത്തുകാവ് സ്വദേശിനി അഞ്ജുവിനും കുഞ്ഞിനും രക്ഷകനായത്. കഴിഞ്ഞ ജനുവരി 22-ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
പ്രസവവേദന അനുഭവപ്പെട്ട അഞ്ജുവിനെ ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് ഉടൻ തന്നെ രാഹുലിനെ വിളിക്കുകയായിരുന്നു. വാളത്തുംഗൽ ക്ഷേത്രത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ആംബുലൻസുമായി രാഹുൽ എത്തിയപ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു. തുടർന്ന് കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ്, കഴുത്തിൽ പൊക്കിൾക്കൊടി മൂന്ന് ചുറ്റായി മുറുകിക്കിടക്കുന്നത് കണ്ടത്. ഈ അവസ്ഥയിൽ ഇരുവരെയും വാഹനത്തിലേക്ക് മാറ്റുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ രാഹുൽ, അതീവ ജാഗ്രതയോടെ കുഞ്ഞിന്റെ കഴുത്തിലെ ചുറ്റുകൾ അഴിച്ചുമാറ്റി.
തുടർന്ന് ഒട്ടും സമയം കളയാതെ അമ്മയെയും കുഞ്ഞിനെയും കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചു. അവിടെ വെച്ച് ഡോക്ടർമാർ പൊക്കിൾക്കൊടി വേർപെടുത്തിയതോടെ ഇരുവരും പൂർണ്ണ സുരക്ഷിതരായി.
‘ആരാധ്യൻ’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മുൻപും സമാനമായ സാഹചര്യങ്ങളിൽ രക്ഷകനായിട്ടുള്ള രാഹുലിന്, മോട്ടർ വാഹന വകുപ്പും വിവിധ ആശുപത്രികളും നൽകുന്ന പ്രഥമശുശ്രൂഷാ ക്ലാസുകളാണ് ഇത്തരമൊരു ഘട്ടത്തിൽ തുണയായത്.
രാഹുലിന്റെ മാതൃകാപരമായ പ്രവർത്തനത്തെ ജില്ലാ ശിശുക്ഷേമ സമിതി അഭിനന്ദിച്ചു. ജില്ലാ കളക്ടർ എൻ. ദേവിദാസ് പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും രാഹുലിനെ ആദരിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി. ഷൈൻ ദേവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ. മനോജ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.
ട്രാക്കിന്റെ ട്രോമ കെയർ അംഗം കൂടിയാണ് രാഹുൽ.

മകന്റെ വിയോഗം കാറോടിച്ച യുവാവിനോട് ക്ഷമിച്ച് പ്രവാസി ദമ്പതികൾ
No Comment.