കരിയറും കുടുംബജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുകയാണ് നടി അമല പോൾ. ഭർത്താവ് ജഗത് ദേശായിക്കും മകനുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന അമലയുടെ ജീവിതത്തിലെ പ്രണയവും മാതൃത്വവും നിറഞ്ഞ അനുഭവങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ജഗത് ദേശായിയെ പരിചയപ്പെട്ട് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഗർഭിണിയായെന്നും കുഞ്ഞിന്റെ വരവോടെയാണ് ജീവിതത്തിന് പുതിയൊരു ദിശ ലഭിച്ചതെന്നും അമല പോൾ തുറന്നുപറഞ്ഞു.
ഗോവയിൽ വെച്ചാണ് അമലയും ജഗത് ദേശായിയും ആദ്യമായി പരിചയപ്പെടുന്നത്. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനായി ഗോവയിലെത്തിയതായിരുന്നു അമല. കുടുംബാംഗങ്ങൾ മടങ്ങിയെങ്കിലും സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാനായി അമലയും സുഹൃത്തും അവിടെ തുടരുകയായിരുന്നു. ഇതിനിടെ അമല ബുക്ക് ചെയ്ത വില്ല ജഗത് ദേശായിയുടേതായിരുന്നു. അങ്ങനെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.
ആദ്യ കാഴ്ചയിൽ തന്നെ പ്രണയമായിരുന്നുവെന്ന് പറയാനാകില്ലെങ്കിലും ഇരുവർക്കുമിടയിൽ പ്രത്യേകമായൊരു അടുപ്പം തോന്നിയിരുന്നുവെന്നാണ് അമല പറയുന്നത്. ഒരേ സമയത്ത് കാറിൽ പരസ്പരം കണ്ടുമുട്ടിയ ആ നിമിഷം ഇപ്പോഴും മനസ്സിലുണ്ടെന്നും എവിടെയോ വെച്ച് കണ്ടിട്ടുള്ളതുപോലെയുള്ളൊരു തോന്നൽ ഉണ്ടായെന്നും താരം ഓർത്തെടുത്തു.

ജഗത്തിനെ പരിചയപ്പെട്ട് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ താൻ ഗർഭിണിയായെന്നും പിന്നീട് വിവാഹം കഴിക്കുകയായിരുന്നുവെന്നും അമല വെളിപ്പെടുത്തി. കുഞ്ഞിന്റെ വരവ് തങ്ങളുടെ ജീവിതത്തിലും ബന്ധത്തിലും വലിയ മാറ്റമാണ് കൊണ്ടുവന്നത്.
”കുഞ്ഞിനെ ഞങ്ങൾക്ക് ദൈവം അയച്ചതാണ്. ഏത് ദിശയിലേക്ക് പോകണമെന്ന് അറിയാതെ നിൽക്കുന്ന സമയത്ത് കുഞ്ഞാണ് ശരിയായ വഴി കാണിച്ചുതന്നത്. കുഞ്ഞില്ലായിരുന്നെങ്കിൽ ഞങ്ങളുടെ ബന്ധം ഏത് വഴിക്ക് പോകുമായിരുന്നുവെന്ന് അറിയില്ല” എന്നായിരുന്നു അമലയുടെ വാക്കുകളുടെ സാരം.
കുഞ്ഞിന്റെ വരവോടെ പരസ്പരമുള്ള ഈഗോ മാറ്റിവെച്ച് മാതാപിതാക്കളെന്ന നിലയിൽ കുഞ്ഞിന് മുൻഗണന നൽകാൻ ഇരുവരും പഠിച്ചുവെന്നും അതാണ് ബന്ധം കൂടുതൽ ആരോഗ്യകരമാക്കിയതെന്നും അമല പറഞ്ഞു.
മുൻപ് ക്ഷമയില്ലാത്ത വ്യക്തിയായിരുന്നു താനെന്നും അതുകൊണ്ട് പല തെറ്റുകളും സംഭവിച്ചിട്ടുണ്ടെന്നും അമല തുറന്നുപറഞ്ഞു. എന്നാൽ അമ്മയായതോടെ ക്ഷമയും ഉത്തരവാദിത്തബോധവും ജീവിതത്തോടുള്ള കാഴ്ചപ്പാടും മാറി. മാതൃത്വം അനുഭവിച്ചറിയേണ്ട ഒന്നാണെന്നും വാക്കുകൾകൊണ്ട് പൂർണമായി വിവരിക്കാനാകില്ലെന്നും താരം പറയുന്നു.
ജീവിതത്തിലെ പ്രതിസന്ധികൾക്കിടെ മാനസികമായി തകർന്നുപോയ ഒരു കാലഘട്ടം തനിക്കുണ്ടായിരുന്നുവെന്നും അമല ഓർത്തെടുത്തു. ചിരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അന്ന്. എന്നാൽ അതിൽനിന്ന് പതിയെ തിരിച്ചുവന്ന് ജീവിതത്തിലെ സന്തോഷങ്ങൾ വീണ്ടും ആസ്വദിക്കാൻ തുടങ്ങി.
തായ്ലൻഡിൽ സ്കൂട്ടിയിൽ ചുറ്റിനടന്നതും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ആസ്വദിച്ചതുമെല്ലാം ആ കാലഘട്ടത്തിലെ ഓർമകളാണ്. ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ സമയത്താണ് ജഗത്തിനെ കണ്ടുമുട്ടിയതെന്നും അമല പറയുന്നു.
അമല പോളിന്റെ രണ്ടാം വിവാഹമാണിത്. സംവിധായകൻ എ.എൽ. വിജയ് ആയിരുന്നു ആദ്യ ഭർത്താവ്. 2014-ൽ വിവാഹിതരായ ഇരുവരും 2017-ൽ വേർപിരിഞ്ഞു. പിന്നീട് ജഗത് ദേശായിയെ പരിചയപ്പെട്ട അമല പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.
ഇന്ന് ഭർത്താവിനും മകനുമൊപ്പം കുടുംബജീവിതം ആസ്വദിക്കുന്നതിനൊപ്പം അഭിനയരംഗത്തും സജീവമാണ് താരം. സംവിധായകൻ പത്മകുമാറിന്റെ ചിത്രത്തിലുൾപ്പെടെ മലയാള സിനിമകളിലാണ് ഇപ്പോൾ അമല കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തമിഴ് സിനിമകളിലൂടെയാണ് അമല താരപദവിയിലേക്ക് ഉയർന്നതെങ്കിലും അടുത്തകാലത്തായി മലയാള സിനിമകളിലാണ് കൂടുതൽ സാന്നിധ്യം.
പ്രണയം, മാതൃത്വം, ജീവിതത്തിലെ പ്രതിസന്ധികൾ, തിരിച്ചുവരവ്… തന്റെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളെക്കുറിച്ച് അമല പോൾ നടത്തിയ തുറന്നുപറച്ചിൽ ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. കുഞ്ഞിന്റെ വരവാണ് തങ്ങളുടെ ബന്ധത്തെ കൂടുതൽ മനോഹരമാക്കിയതെന്ന താരത്തിന്റെ വാക്കുകളും ചർച്ചയാകുന്നു.
No Comment.