
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന പഴമൊഴിക്ക് വളരെ പ്രസദ്ധിയേറുന്നു. ഉപജീവനത്തിന് പണം ആവിശ്യമാണ്. അതിനായിട്ട് നാം ജോലി ചെയ്യുന്നു, ബിസിനസ്സ് ചെയ്യുന്നു, തൊഴിലിൽ ഏർപ്പെടുന്നു. നിത്യവൃത്തിക്കും വീട്ടാവാശ്യത്തിനും ഭക്ഷണത്തിനും വസ്ത്രങ്ങൾക്കും പാർപ്പിടത്തിനുമൊക്കെയായി പണം വേണ്ടിവരുന്നു. നമുക്കുള്ള വരുമാനം വർദ്ധിച്ചെങ്കിലേ ഇന്നത്തെ കാലത്തു ജീവിക്കാനാവു. ഒരു കുടുംബം നേരാം വണ്ണം പുലർത്തുക ഇത്തിരി പ്രയാസമേറിയ കാര്യമത്രെ. പണം പ്രാധാന്യമാണെങ്കിൽ കൂടി അതിന് അമിത പ്രാധാന്യം ആകരുത്. അമിത പണത്തിന് കൂടുതൽ പ്രാധാന്യമേറിയാൽ മോഹം പിടികൂടുന്നു. അമിത മോഹം വിനകൾ സൃഷ്ടിക്കുന്നു. മോഹം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ തീർപ്പു കൽപ്പിക്കാനാവില്ല. മോഹം വളർന്നു ദുരാഗ്രഹമായി മാറുന്നു. എങ്ങനെ വീണാലും പണവും കൊണ്ടേ എഴുന്നേൽക്കു എന്ന ശാഠ്യം നല്ലതല്ല. പണത്തോടുള്ള അമിത മോഹം കൊണ്ട് ഉണ്ടാക്കുന്ന ഭവിഷത്തുകൾ നമ്മുടെ മുന്നിലുണ്ട്. ചതി, വഞ്ചന, കബളിപ്പിക്കൽ, കുതികാൽ വെട്ട്, മുതലായ ദുഷിച്ച പ്രവണതകൾ വന്നു ചേരും. ഇവയൊക്കെ തീവ്രമാകുന്ന മനസ്സിൽ കൊലപാതകം പോലും വന്നു കയറാം. പിടിച്ചുപറി പോലെ, മോഷണം പോലെ, കഴുത്തറക്കുന്ന സ്വഭാവം പോലെ മനുഷ്യർ അധ:പതിക്കുന്നു. അവിടെ സ്നേഹവും, വാത്സല്യവും, ദയയും, കരുണയും, ത്യാഗവും, സഹനവും കാണാനാവില്ല. അറുത്ത കൈയ്ക്കു് ഉപ്പു തേയ്ക്കാത്തവർ എന്ന നിലയിലേയ്ക്ക് മാറുന്നു. അത്തരം ആൾക്കാരിൽ മനുഷ്യത്വം മരിക്കുന്നു. മനുഷ്യത്വം ഇല്ലെങ്കിൽ എന്തു മനുഷ്യൻ. നീ നിൻ്റെ അയൽക്കാരേക്കൂടി സ്നേഹിക്കു, ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കൂ, ദാനധർമ്മങ്ങളിൽ മോക്ഷമിരിപ്പൂ എന്നൊക്കെയുള്ള മഹത് വചനങ്ങളിൽ മനുഷ്യത്വം ഒളിച്ചിരിക്കുന്നു. നീ വാരിക്കൂട്ടി ഉണ്ടാക്കിയവയൊന്നും നീ മടങ്ങുമ്പോൾ നിനക്കു കൊണ്ടു പോകാനാകില്ല എന്ന് സർവ്വ മതങ്ങളും അനുശാസിക്കുന്നു. നാം എത്ര പണം വേണമെങ്കിലും വിനോദത്തിനും ഭക്ഷണത്തിനും അനാവിശ്യമായി ധൂർത്തടിക്കുന്നു. ഒരിക്കൽ പോലും അന്നം കിട്ടാതെ എത്രയോ ജനങ്ങൾ പട്ടിണിയിൽ നട്ടം തിരിയുന്നു. ഒന്നാലോചിച്ചു നോക്കു നിങ്ങൾ സുഖ സൂക്ഷിപ്തിയിൽ ജീവിക്കുമ്പോൾ അയൽവക്കത്ത് അടുക്കളയിൽ തീ പുക യാത്ത അവസ്ഥ ദയനീയമല്ലേ. പാത്രം അറിഞ്ഞു ദാനം ചെയ്യൂ. പേരും പ്രശസ്തിക്കും വേണ്ടിയാകരുത് ദാന കർമ്മങ്ങൾ. പണത്തിന് അമിത പ്രാധാന്യം നൽകാതെ മനുഷ്യത്വം കുടികൊള്ളുന്ന മനുഷ്യനായി ജീവിക്കു.അതായിരിക്കും ആഭികാമ്യം. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.