
മനുഷ്യർ സ്വഭാവത്തിലും പെരുമാറ്റങ്ങളിലും ചിന്തകളിലും വ്യത്യസ്ഥതകൾ പുലർത്തുന്നു. അവൻ്റെ കർമ്മപഥങ്ങളിൽ നിന്നും അവൻ്റെ വ്യക്തിത്വം രൂപം കൊള്ളുന്നു. അവൻ്റെ ജ്ഞാനവും ബോധവും ബുദ്ധിയും അവൻ്റെ മനസ്സിൻ്റെ താക്കോലുകളാണെന്നു പറയാം. അവ ഉപയോഗിച്ച് എങ്ങനെ മനസ്സിനെ തുറക്കണമെന്നുള്ളതും ഒരുവനിൽതന്നെ നിക്ഷിപ്തമത്രെ. അതായത് നന്മാധിഷ്ഠിതമായ ചിന്തകളും പ്രവൃത്തികളും ഒരുവനു മികവു നൽകുമ്പോൾ അതേ തുല്യതയിൽ തന്നെ തിന്മകളും മനുഷ്യ മനസ്സിൻ്റെ താക്കോലാകാനുണ്ടെന്ന ബോധം ഉണ്ടായിരിക്കണം. തിന്മാധിഷ്ഠിതമായ ചിന്തകൾ ഒരിക്കലും ഭൂഷണമാകില്ല. അവ മനസ്സിൽ വ്രണം സൃഷ്ടിക്കും. വ്രണം ദുർഗന്ധം പരത്തുന്നതുപോലെ കർമ്മങ്ങൾ നീചമായിരിക്കും. അതുകൊണ്ടു തന്നെ നിങ്ങളുടെ കയ്യിലാണ് താക്കോൽ എന്ന പ്രയോഗത്തിൻ്റെ പ്രസക്തി. നിങ്ങൾ എന്താകണമെന്നു ആഗ്രഹിക്കുന്നുവോ അതു നിങ്ങൾക്ക് ആകാനാവും. നന്മ വേണോ തിന്മ വേണോ അത് തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്. ഇന്നത്തെ യുവതലമുറ വഴിതെറ്റുന്നുവെങ്കിൽ അതിനു കാരണം അവരുടെ അഭിരുചികൾ തിന്മയിലായതു കൊണ്ടാണ്. തിരിച്ചറവിൻ്റെ അഭാവം അവരെ തിന്മയുടെ പടുകുഴിയിലേയ്ക്ക് തള്ളി വിടുന്നു. ഏതു മനുഷ്യൻ്റെയും മാഹാത്മ്യം മനസ്സിൻ്റെ മാഹാത്മ്യം തന്നെയാണ്. നന്മകൾ ജീവിതത്തിൽ പകർത്തിയെങ്കിലേ മനസ്സിൻ്റെ മാഹാത്മ്യം പ്രകടമാകൂ. മനസ്സിൻ്റെ മാഹാത്മ്യം പ്രകടമാകണമെങ്കിൽ സത്യനിഷ്ഠ നാം പരിപാലിക്ക വേണം. സത്യനിഷ്ഠകൾക്ക് ആവിശ്യമായ അറിവും ബോധവും നമ്മളിൽ വളർത്തണം. അതിനുള്ള ജ്ഞാനം നാം സമ്പാദിക്കണം. അതിനുള്ള മേഖല യത്രെ വിദ്യാഭ്യാസം. വിദ്യ ലഭിക്കുന്നതിലൂടെ മനസ്സിൽ രൂപപ്പെടുത്തുന്നവയ്ക്ക് പ്രാധാന്യമേറുകയും ആ പ്രാധാന്യം സത്യാധിഷ്ഠിതവും നന്മാധിഷ്ഠിതവും ആണെങ്കിൽ മനുഷ്യ മാഹാത്മ്യം പ്രകാശിക്കുന്നതു കാണാനാകും. ഒരു ശിശുവിനെ ഏതു രൂപത്തിലും ഒരുവനു വാർത്തെടുക്കാമെന്നു സാരം. തിന്നുക, കുടിക്കുക, രമിക്കുക. ഉറങ്ങുക എന്നതാണ് ജീവിതമെന്ന് ധരിച്ചു വച്ചിരിക്കുന്ന തലമുറയെ ഉണർത്തിയേ മതിയാവൂ. ലക്ഷ്യബോധം എന്തെന്ന് അറിയാത്തവർക്ക് ബോധവൽക്കരണം ചികത്സ തന്നെയാണ്. അത് മുതിർന്നവർ പകർന്നു കൊടുക്കണം. നമ്മുടെ ഭാരത സംസ്ക്കാരം എന്തെന്നു പഠിപ്പിക്കണം. നമ്മുടെ ഉൽകൃഷ്ടമായ ചിന്തകൾ അവരിൽ വളർത്തിയെടുക്കണം. സ്നേഹം സഹനം വാത്സല്യം ത്യാഗം കരുണ ഇത്യാദികളുടെ സവിശേക്ഷതകൾ ഇടനെഞ്ചിൽ സൂക്ഷിപ്പിക്കണം. അപ്പോൾ മാത്രമേ സേവനത്തിനുള്ള മനസ്സ് വന്നു ചേരൂ. ദുഷ്ടരായി ജീവിക്കുന്നതിനു പകരം നന്മയുടെ പ്രതീകമായ മനുഷ്യനായി, മനുഷ്യ സ്നേഹിയായി ജീവിക്കുക ഏറെ ഉത്തമമായിരിക്കും. അതാകട്ടെ നിങ്ങളുടെ കയ്യിലെ താക്കോൽ. അതുകൊണ്ടു തുറക്കപ്പെടുന്ന മനസ്സിൽ ഈശ്വരൻ കുടിയിരിക്കും. ഈശ്വര ഭാവം ജീവിതത്തെ പ്രകാശപൂരിതമാക്കും. ഏവർക്കും സുപ്രഭാതവും ആയൂരാരോഗ്യവും നേർന്നു കൊണ്ട്, നന്ദി നമസ്ക്കാരം.

രചന: –
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob . 9867242601
No Comment.