Skip to content

chithrodayamflashnews.com

October 22, 2026 1:02 pm

അച്ചായന്റെ സ്വന്തം ശ്രീദേവി( ഹാസ്യ ഭാവന)

 

സന്ധ്യാ ജയേഷ് പുളിമാത്ത്
സന്ധ്യാ ജയേഷ് പുളിമാത്ത്

 

പ്രിയപ്പെട്ട അച്ചായന്,

ഇന്ന് തിയതി “പന്ത്രണ്ട്”.ഇന്നാണ് എന്റെ പ്രസവത്തിന്റെ ദിവസം.അച്ചായൻ വന്നിട്ടേ ഞാൻ പ്രസവിക്കൂ എന്ന് വാശിപിടിച്ചതാ.അപ്പച്ചൻ പുളിങ്കമ്പ് ഒടിച്ച് എന്നെ ഭീഷണിപ്പെടുത്തി
അമ്മച്ചിയമ്മയ്ക്ക് പഴയതുപോലെ ഓടാനും ചാടാനുമൊന്നും വയ്യ.ഇല്ലെങ്കിൽ കാണാമായിരുന്നു അപ്പച്ചന്റെ ചന്തിക്കിട്ട് നല്ല പെടകൊടുത്തേനെ.നാളെ നാണിത്തള്ളയ്ക്ക് കോട്ടയത്ത് “പ്രസവിപ്പിക്കൽ”‘ചടങ്ങുണ്ട്.ഈ മാസം ഇന്നല്ലാതെ ഒഴിവില്ലത്രേ.അതുകൊണ്ട് ഇന്ന് രാത്രിയോടെ പ്രസവിക്കാനാണ് പ്ലാൻചെയ്തിരിക്കുന്നത്. “പത്തുപക്ക നെല്ലും,അഞ്ച് തേങ്ങയും,ഒരുചാക്ക് ഉണക്ക കപ്പയും,രണ്ട് രൂപയും” നാണിത്തള്ളയ്ക്ക് കൊടുക്കണം എന്നാണ്
അമ്മച്ചിയമ്മ പറഞ്ഞത്. രാഘവൻമാമന്റെ മോള് രമണിയുടെ പ്രസവത്തിന്.കൂലികൊടുത്തത് കുറഞ്ഞുപോയതിന് പൊക്കിൾവള്ളി മുറിക്കാതെ പിണങ്ങിപ്പോയ ആളാ നാണിതള്ള. പിണക്കാൻ പറ്റില്ല. ചിലപ്പോൾ കൊച്ചിന്റെ പകുതി പുറത്താക്കിയിട്ട് പോയാൽ എന്ത് ചെയ്യും.എന്തായാലും കരുതലോടെ തന്നെയാണ് അമ്മച്ചിയമ്മയിരിക്കുന്നത്. ചന്തയിൽ പോയി നല്ല മൂർച്ചയുള്ള “പിച്ചാത്തി” മേടിച്ചിട്ടുണ്ട്.ആവശ്യം വന്നാൽ എടുക്കാല്ലോ.

പ്രസവം എന്നുപറയുന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല കേട്ടോ. വൈകിട്ട് ആറു മണിക്ക് നാണിത്തള്ള വന്നു. നമ്മുടെ കിഴക്കേ പെരയ്ക്കകത്ത് കയറ്റി. കിഴക്കേ പെരയാണ് പ്രസവത്തിന് നല്ലതെന്നും, അച്ചായനെ മറിയാമ്മച്ചി പെറ്റത് ആ പെരയിലാണെന്നും അമ്മച്ചിയമ്മ പറഞ്ഞു.കുട്ടി കിഴക്കോട്ട് തിരിഞ്ഞ് തൊഴുതാണ് പുറത്തുവരിക എന്നും, ചില പിള്ളര് ധൃതിപിടിച്ച് പുറത്ത്ചാടുമെന്നും, അങ്ങനെ വന്നാൽ കുട്ടിക്ക് പകരം തള്ള തൊഴുതാൽ മതിയെന്നും നാണിതള്ള പറഞ്ഞു.എന്തായാലുംകിഴക്കേ പുരയിൽ പായ വിരിച്ച് കിഴക്ക് നോക്കി കിടന്നു. നാണിത്തള്ളയുംഅമ്മച്ചിയമ്മയും ഞാനും മാത്രം. സമയം പോകുന്നതനുസരിച്ച് നാണിത്തള്ള എന്റെ വയറ് തടവിക്കൊണ്ടിരുന്നു. ഒൻപത് മണികഴിഞ്ഞപ്പോൾ പ്രസവവേദന തുടങ്ങി. അമ്മാവൻ പൂജിച്ചുകൊണ്ടുതന്നചരടുണ്ട് കൈയ്യിൽ.എന്നിട്ടും ഞാൻ ഉച്ചത്തിൽ കാറിവിളിച്ചു.പുറത്ത് അപ്പച്ചന്റെ തെറികേട്ടതും പേടിച്ച് ഞാൻ പ്രസവിക്കാൻ തുടങ്ങി.സമയം അപ്പോഴേയ്ക്കും പത്ത് കഴിഞ്ഞു. ചിമ്മിനി വിളക്കിന് തെളിച്ചവുമില്ല. അതുകാരണം നാണിതള്ളയ്ക്ക് കാണാനും വയ്യ എന്നിട്ടും നാണിത്തള്ള ഞെക്കാൻ തുടങ്ങി.അമ്മച്ചിയമ്മ കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ചു .ഈ സമയത്ത് തന്നെ എങ്ങനെയോ അറിഞ്ഞ് അമ്മാവനും വീട്ടിലെത്തി.അമ്മാവൻ അയ്യപ്പഭക്തനാണല്ലോ.പുറത്ത് ശരണം വിളികേൾക്കാൻ തുടങ്ങി.അപ്പച്ചന്റെ പൂരപ്പാട്ടും…അടുത്തനിമിഷം പ്രസവം നടന്നു.കൊച്ച് തല മാത്രം പുറത്തേക്കിട്ടു.അമ്മച്ചിയമ്മയും നാണിത്തള്ളയും കഴുത്തിൽ പിടിച്ച് വലിച്ചെടുത്തു. പുറത്തു വന്നതും കുഞ്ഞ് ചീവീടിനെപ്പോലെ കരയാൻ തുടങ്ങി.കരച്ചിൽകേട്ടതും പുറത്ത് തർക്കം മൂത്തു.അമ്മാവന് ആദ്യം കുട്ടിയെ എടുക്കണമെന്ന് അമ്മാവൻ. ഞാൻ പറയുന്നതെ നടക്കു ഞാനാണ് വീട്ടുകാരണവർ എന്ന് അപ്പച്ചൻ.തർക്കം ശണ്ഠയിലെത്തും മുൻപ് അമ്മച്ചിയമ്മകുഞ്ഞിനെ വാങ്ങി പുറത്തിറങ്ങി. “എന്നാടാ. ഏലിയസേ ഇവിടെ ?.തലയിരിക്കുമ്പം വാലാടണോ”? എന്ന അമ്മച്ചിയമ്മയുടെ വിരട്ടലിൽ അപ്പച്ചൻ……പോയ അണ്ണാനെ പോലെ നിന്നു അമ്മച്ചിയമ്മ.ഓരോരുത്തർക്കും കൊച്ചിനെ കാണിച്ചുകൊടുക്കുന്ന ബഹളത്തിൽ പെറ്റുകിടക്കുന്ന എന്നെ ഓർത്തില്ല.നാണിത്തള്ള എന്തൊക്കെയോ ഊരി എടുത്ത് പാളയിൽ പൊതിഞ്ഞുകെട്ടി മാറ്റിവെച്ചു. കുറേനേരം കഴിഞ്ഞപ്പോൾ അമ്മച്ചിയമ്മയും,മറിയാമ്മച്ചിയും,നാണിത്തള്ളയുംകൂടി എന്നെ പൊക്കി വടക്കേ പെരേലേയ്ക്ക് കൊണ്ടുപോയി.ഇടക്കുവെച്ചു ഞാൻ താഴെവീഴുമോ എന്നുപേടിച്ചു കാരണം ചോറും മത്തിക്കറിയും വയറുകാണൽ അപ്പങ്ങളും തിന്ന് എരുമപോലെ ഞാൻ വീർത്തല്ലോ.എന്നെ ചുമക്കുക അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ.

അവിടെച്ചെന്നപ്പോഴാണ് നമ്മുടെ മോനെ കാണാൻപറ്റിയത്.അച്ചായനെ പോലെ തന്നെയുണ്ട് ആ “കുരങ്ങുമോന്തയിൽ ഉടല് വാർത്തു വെച്ചതുപോലെ “.

കുഞ്ഞിനെ “തോമ്മാച്ചൻ” എന്ന് അപ്പച്ചനും,”വാസുദേവൻ”
എന്ന് അമ്മാവനും വിളിച്ചു. മാമോദീസ മുക്കണം എന്ന് അപ്പച്ചനും,നൂലുകെട്ട് ആദ്യം നടത്താമെന്ന് അമ്മാവനും ഉറച്ചുനിന്നു. തോമസ് വരട്ടെ എന്നിട്ട് തീരുമാനിക്കാം” എന്ന് മറിയാമ്മച്ചി പറഞ്ഞു. “ഞാൻ തോമസിന്റെ അപ്പനാണ് ഞാൻ തീരുമാനിക്കും” എന്ന് അപ്പച്ചൻ.എന്തായാലും വന്നപ്പോഴുള്ള ശരണം വിളിക്ക് പകരം തെറിപ്പാട്ടും പാടിയാണ് അമ്മാവൻ തിരിച്ചു പോയത്.

വടകരേന്ന് കൊച്ചമ്മായി വന്നിരുന്നു. മോന് ഉടുപ്പും,കുട്ടിക്യൂറ പൗഡറും,ലൈഫ്ബോയ് സോപ്പും എനിക്ക് ലേഹ്യവും, പൂവൻ പഴവും കൊണ്ടുവന്നു.അച്ചായൻ വാങ്ങിക്കൊണ്ടുവന്ന ആ നീളൻ കുപ്പായമില്ലേ, അതുകണ്ടപ്പോൾ ലീലക്ക് പൂതി.ലീലേടമോള് ഭവാനിക്ക് അടുത്തതാ മാസം. പെറ്റുകിടക്കാൻ നീളൻ കുപ്പായമില്ലത്രേ.എവിടുന്നാമേടിച്ചതെന്ന് തിരക്കി. ഉടനെ അമ്മച്ചിയമ്മ ചാടിക്കേറി പറഞ്ഞു .”തോമസ് മോൻ
തിരോന്തോരത്തിന്ന് കൊണ്ടുവന്നതാണെന്ന്.” ഭവാനിക്കും ഒരെണ്ണം തരോന്നു ചോദിച്ചു.അമ്മച്ചിയമ്മ..
ആ ദുഷ്ട..പറയുവാ ഭവാനി പെറട്ടെ അപ്പോ ഇതീന്ന് ഒന്ന് തരാന്ന്. എന്റെ അച്ചായാ, ചിലനേരം ഈ അമ്മച്ചിയമ്മ അഴുക്കസാധനമാ.കൊടുക്കാന്ന് പറയും മുൻപേ ഏന്റടുത്ത് ചോദിക്കണ്ടേ?അമ്മച്ചിയമ്മ ഇങ്ങനെപോയാ കൊച്ചിന്റെ
കുട്ടിക്യൂറ പൗഡറും ഭവാനിയുടെ കൊച്ചിന് കൊടുക്കും.

പിന്നെ എന്റെ അച്ചായാ, പ്രസവിച്ചു കിടപ്പ് നല്ല സുഖമാ കേട്ടോ.എപ്പോഴും തിന്നാൻ കിട്ടും.വീട്ടുപണി ചെയ്യണ്ട.ഒറ്റ കിടപ്പ് കിടക്കാം.പിന്നെ ഉള്ള വിഷമം അമ്മച്ചിയമ്മ രാവിലെ ഒരുകഷായം തരും. എന്ത് കയ്പ്പാ അതിന്.പിന്നെ ഇടങ്ങഴിപാല്,രണ്ട് കോഴിമുട്ട.അതുകഴിഞ്ഞാൽ കഞ്ഞിയുംകപ്പപുഴുങ്ങിയതും മുളകുമ്മന്തിയും. കുറച്ചുകഴിയുമ്പോ ചോറും,മത്തിക്കറിയും,കപ്പവേവിച്ചതും, പപ്പായ തോരനും,ആട്ടിൻ കരള്
വറുത്തതും.അതും തിന്ന് ഒന്നുറങ്ങിക്കഴിയുമ്പോ..വേതിട്ടുകുളി..അപ്പച്ചൻ കാളകളെ കുളിപ്പിക്കും പോലെ അമ്മച്ചിയമ്മയുടെ പുറം തേയ്പ്പാണ് സഹിക്കാൻ പറ്റാത്തത്.
അതുകഴിഞ്ഞാൽ ലേഹ്യം, പൂവൻപഴം, കാച്ചില് പുഴുങ്ങിയത്.രാത്രി മത്തൻകറിയും,ചോറും, മുരിങ്ങയില തോരനും.തലയൻചാള കറിവെച്ചതും.എല്ലാകൂടി തിന്ന് ഞാൻ തടിവെച്ചു.

ഇനി മോന്റെ വിശേഷങ്ങളറിയണ്ടേ?അവൻ അച്ചായനെപ്പോലെ തന്നെയാണ് . ആണുങ്ങളെ കണ്ടാൽ കാറിവിളിക്കും. പെണ്ണുങ്ങളെ കണ്ടാൽ ചിരിക്കും.ചെക്കനെ എപ്പോഴും റജിമോള് എടുത്തോണ്ട് നടക്കും. അപ്പച്ചൻ “തോമ്മച്ചാ “എന്ന് വിളിച്ചാൽ അപ്പോൾ കരച്ചില് നിർത്തും. അപ്പച്ചൻ അവനെ ചട്ടം പഠിപ്പിച്ചുതുടങ്ങി. പിണങ്ങിപ്പോയ അമ്മാവൻ ഇന്നലെ വലിഞ്ഞുകേറി വന്നു. മറിയാമ്മച്ചി കൊടുത്ത”ചക്കപ്പുഴുക്ക്” തിന്ന്.സന്തോഷിച്ചാ പോയത്.പോകാൻനേരം കൊച്ചിനെ മാമോദീസാ മുക്കും മുൻപ് ചോറ് കൊടുക്കണമെന്നും ആറാം മാസം കൊച്ചിനേയും കൊണ്ട് മലയ്ക്ക് പോകണം എന്നും പറഞ്ഞു.”ആറുമാസമായ കൊച്ച് മലകയറാൻ പറ്റില്ലല്ലോ “എന്ന് സ്റ്റീഫൻ പറഞ്ഞപ്പോൾ അമ്മാവൻ പറയുന്നത് ഇരുമുടിക്കെട്ട് ചുമക്കുന്നില്ലേ.വേറൊരുകെട്ടിൽ കൊച്ചിനേയും കൊണ്ടുപോകാമെന്ന്.അമ്മാവന്റെ ഓരോരോ ആഗ്രഹങ്ങൾ.അപ്പച്ചൻ സമ്മതിച്ചാൽ മതിയായിരുന്നു.

പിന്നെ അച്ചായാ നമ്മുടെ ജോൺസണ് കോട്ടയത്തെ ചാച്ചന്റെ വീടിനടുത്തുള്ള മോളിക്കുട്ടിയുമായി ഇഷ്ടത്തിലാണ്.അമ്മച്ചിയമ്മയോട് മോളിക്കുട്ടിയുടെ അമ്മച്ചി ആലോചനയുമായി വന്നു.റജിമോളെ കെട്ടിക്കാതെ ജോൺസണെ കെട്ടിക്കില്ലെന്ന് അമ്മച്ചിയമ്മ പറഞ്ഞു. ജോൺസൺ പിണങ്ങി നടപ്പാ.അച്ചായൻ ഇനിവരുമ്പോ..അവനെ ഒന്ന് ഉപദേശിക്കണം കേട്ടോ.എത്ര വിളിച്ചാലും കുർബാനയ്ക്കു പള്ളിയിൽ പോവൂല. മോളിക്കുട്ടിയെ കെട്ടാൻ മാത്രമേ പള്ളി കാണൂ എന്നാ പറയുന്നത്……

 

സ്നേഹപൂർവ്വം, അച്ചായന്റെ സ്വന്തം ശ്രീദേവി.

0 Comments

No Comment.