Skip to content

chithrodayamflashnews.com

തീവ്രതയുടെ അളവുകോൽ…

സാംസ്കാരിക കേരളത്തിന്റെപേര്”അസംസ്കാരിക “കേരളമെന്ന്മാറിക്കൊണ്ടിരിക്കുകയാണ്. ഏറെ ലജ്ജാകരമായ രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളിൽ ഒരു മഹതിയുടെ “തീവ്രതാ താരതമ്യ പഠനം” ശ്രദ്ധയിൽപ്പെട്ടു. സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന നാട്ടിൽ ഉന്നതമായ ഒരു സ്ഥാനത്തിരിക്കുന്ന ഈ വ്യക്തിയുടെ “തീവ്രത”കണക്കവതരണം.

മുൻപ് പീഡനക്കേസിൽപെട്ട കൊല്ലം എം. എൽ. എ മുകേഷിന്റേയും, രാഹുൽ മാങ്കൂട്ടത്തിന്റേയും പേരിൽ ആരോപിക്കപ്പെട്ട പീഡനങ്ങളിൽ കുറ്റവാളികളാണെങ്കിൽ ഒരുപോലെ കേസെടുക്കേണ്ടതല്ലേയെന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഈ മഹതി നൽകിയ മറുപടി “മുകേഷിന്റെ പീഡനം തീവ്രത കുറഞ്ഞതും രാഹുൽ മാങ്കൂട്ടത്തിന്റെ അതി തീവ്ര”മാണെന്നുമാണ്.. ഇതെന്താ ചുഴലിക്കാറ്റാണോ തീവ്രത കൂടിയും കുറഞ്ഞു വരാൻ..?
അതോ മുകേഷിന്റേയും മാങ്കൂട്ടത്തിന്റേയും പ്രായം തമ്മിലുള്ള അന്തരം നോക്കിയാണോ പീഡനം നിർണ്ണയിക്കുന്നത്?
ഈ മഹതി നിർവഹിക്കുന്ന സ്ഥാനത്തെയെങ്കിലും ഉൾക്കൊണ്ടുവേണ്ടേ തീവ്രതാ മീറ്റർ കണക്കെടുക്കാൻ.

രാഷ്ട്രീയ നിലപാടുകളില്ലാതെ മാറ്റങ്ങൾക്ക് വിധേയപ്പെട്ട രാഷ്ട്രീയ പാർട്ടികൾ പരസ്പരം പാരവയ്പ്പിന്റെ മാതൃകകളായ് മാറിയിരിക്കുന്നുവെന്ന്

വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തികളാണ് അവരിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
അധികാരങ്ങൾക്കും, സ്വാർത്ഥമോഹങ്ങൾക്കും വേണ്ടി സ്വന്തം പിതാവിനെ വരെ ഒറ്റുകൊടുത്ത, തരം കിട്ടിയാൽ മുന്നിൽനിന്നും പിന്നിൽ നിന്നും കുത്താൻ മടിക്കാത്ത രാഷ്ട്രീയ പ്രവർത്തകരായ മക്കൾ തന്നെയുണ്ട്.
ഒരു പീഡനമാന്യന്റെ പിതാവുതന്നെ മുൻപ് ചാനലുകാർക്കുമുന്നിൽ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. അധികാരസ്ഥാനങ്ങൾ കിട്ടിയപ്പോൾ തങ്ങൾ ചെയ്ത പ്രവർത്തികളൊക്കെ മറന്നുകൊണ്ട് രക്തദാഹികളായി മാറിയിരിക്കുന്നു പഴയ പീഡകർ.
രാഹുൽ മാങ്കൂട്ടത്തെ ഒരു കാരണവശാലും ന്യായീകരിക്കേണ്ട ആവശ്യം എനിക്കില്ല. ഒരു രാഷ്ട്രീയത്തിലും പ്രത്യേക താല്പര്യവുമില്ല. എല്ലാ രാഷ്ട്രീയ പാർട്ടിയിലുമുണ്ട് രാഹുലിനെപ്പോലെ ആരോപണവിധേയരായിട്ടുള്ളവർ, അല്ലെങ്കിൽ പീഡനം നടത്തിയിട്ടുള്ളവർ. ഇപ്പോൾ അവരെല്ലാം മാന്യരും ഇയാൾ മാത്രം പീഡനക്കാരനുമായതുമാണ് അതിശയം.

ഒളിസേവയ്ക്കു ഫോണിൽ വിളിച്ചു സംസാരിക്കുന്നതും, പോകുന്നതും, പോയതുമായ കാര്യങ്ങൾ വ്യക്തമായ രീതിയിൽ വോയ്‌സ് റെക്കോർഡ് സഹിതം നവമാധ്യമങ്ങളിൽ വന്നിട്ട് അവർക്കെതിരെ എന്തു നടപടി എടുത്തു..?
ഇവിടെ രാഹുൽ മാങ്കൂട്ടവും പീഡനത്തിനു വിധേയയായി എന്ന് ആരോപിക്കുന്ന യുവതി മാങ്കൂട്ടവുമായി നടത്തിയ വാട്സാപ്പ് മെസേജ്, വോയ്‌സ് മെസ്സേജ് ഇതൊക്കെയാണ് ഇപ്പോൾ കൂടുതൽ തെളിവുകൾ എന്ന തരത്തിൽ വാർത്തകളിലും മറ്റും ആഘോഷിക്കപ്പെടുന്നത്.
അതിൻ പ്രകാരം രാഹുൽ മാങ്കൂട്ടത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി ശക്തമായ നടപടി എടുത്തിരിക്കുന്നുവെന്ന് വീമ്പിളക്കുന്ന കോൺഗ്രസ്.
ഇനി അറസ്റ്റും, എം.എൽ.എ. സ്ഥാനവും രാജിവയ്ക്കണമെന്ന് മുറവിളി കൂട്ടുന്ന കോൺഗ്രസ്.!!അതിനു വേണ്ടി ശക്തിമത്തായി നിലകൊള്ളുന്നത് പ്രതീക്ഷനേതാവും അനുചരമാരും. അതായത് ഭരണപക്ഷത്തിരിക്കുന്ന ഇടതുപക്ഷത്തെക്കാളും, സർക്കാരിനെക്കാളും രാഹുൽ മാങ്കൂട്ടത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി,അറസ്റ്റ് ചെയ്യിച്ച് എം. എൽ. എ സ്ഥാനം രാജിവയ്പ്പിച്ച് ആ വ്യക്തിയെ പരമാവധി ഒതുക്കുക
എന്നത് കോൺഗ്രസിലെ ഉന്നതന്മാരുടെ ലക്ഷ്യമായിമാറി.

രാഷ്ട്രീയത്തിലെ വലിയൊരു നാണംകെട്ട കളിയാണിത്. തങ്ങൾക്ക് ഭീഷണിയാകുന്നവരെ, തങ്ങളെക്കാൾ നാളെ മുകളിലെത്തുകയോ, അധികാരസ്ഥാനം കയ്യടക്കുകയോ ചെയ്യുമെന്ന് പേടി തോന്നിയാൽ, തങ്ങളുടെ സ്ഥാനമാനങ്ങൾ നഷ്ടമാകുമെന്ന് തോന്നിയാൽ എന്തു “തറ”പ്പണിയും ചെയ്ത് അവരെ ഒതുക്കാൻ നോക്കും.ഇവിടെ അതിനുള്ള വഴി ഒരുപക്ഷെ രാഹുൽ സ്വയം കുഴിച്ചതുമാവാം.
ഇങ്ങനെയുള്ള ഒതുക്കൽ പണികൾക്കുവേണ്ടി പെണ്ണെങ്കിൽ പെണ്ണ്, പണമെങ്കിൽ പണം. അത് കൈകാര്യം ചെയ്യാനുള്ള ശിങ്കിടികളും ധാരാളം.
“ശത്രുവിന്റെ ശത്രു മിത്രം “എന്ന തന്ത്രം വച്ച് മറ്റു രാഷ്ട്രീയ പാർട്ടികളും ഇങ്ങനെയുള്ള ചതിവിന് കൂട്ടുനിൽക്കും.

ഇവിടെ രാഹുൽ മാങ്കൂട്ടത്തെ മുളയിലേ നുള്ളിമാറ്റുകയെന്നുള്ളത് ചിലരുടെ ആവശ്യംതന്നെയായിരുന്നു.
അതിനായി അവർ കാത്തിരുന്ന സമയം വന്നു. പണി കൊടുക്കുകയും ചെയ്തു.
അല്ലെങ്കിൽ നിലവിൽ കോടതിയിൽ കേസ് നടക്കുമ്പോൾ, ആരോപണ വിധേയനായ വ്യക്തി കുറ്റവാളിയാണോ അല്ലയോ എന്നു വിധി വരുന്നതിനു മുൻപ് തീരുമാനമെടുക്കാൻ ആർക്കാണ് ഇത്ര തിടുക്കം?
ഇത്തരം സംഭവങ്ങളിൽ സ്ത്രീയും പുരുഷനും തുല്യതെറ്റുകാരാണ്. അതുകൊണ്ടുതന്നെ ഇരുകൂട്ടർക്കും പറയുവാനുള്ള കാര്യങ്ങൾ കോടതി കേൾക്കുകയും തീർപ്പു കല്പിക്കപ്പെടുകയുംചെയ്യുമ്പോൾ മാത്രമാണ് പീഡനത്തിന്റെ “തീവ്രത” മനസിലാകൂ.

ഇനി മറ്റൊരു വസ്തുത ഇടതു പക്ഷത്തിന്റെ നേതാക്കളിൽ പി. ശശി, മുകേഷ്, ഗണേഷ്കുമാർ, ശശീന്ദ്രൻ ഉൾപ്പെടെ പലരും സമാനമായ രീതിയിൽ ആരോപണവിധേയരായിട്ടുള്ളവരാണ്.
അവരിൽ ചിലർ മന്ത്രിമാർ, എം. എൽ. എ മാർ തുടങ്ങിയ ജനസേവകരായി തുടരുന്നു. ഇവരെയൊന്നും അറസ്റ്റ് ചെയ്യണ്ടേ..? അധികാരസ്ഥാനങ്ങൾ രാജിവയ്ക്കണ്ടേ..?
നീതിയുടെ പക്ഷം നിൽക്കുന്ന പ്രതിപക്ഷനേതാവിനും തന്റെ രാഷ്ട്രീയ എതിർപക്ഷത്തുള്ളവർക്ക് പീഡന കിരീടം കിട്ടിയതിൽ സന്തോഷം മാത്രം. യാതൊരു പരാതിയുമില്ല. പക്ഷേ തന്റെ രാഷ്ട്രീയ പക്ഷത്ത് ആരോപണവിധേയനായ വ്യക്തിയെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ എന്തൊരു വ്യഗ്രത.

രാഹുൽ മാങ്കൂട്ടം കുറ്റവിമുക്തനായി വന്ന് മറ്റൊരു പാർട്ടി രൂപീകരിച്ചാൽ,ഒരു പക്ഷേ നാളെയത് ശക്തമായ രാഷ്ട്രീയ പാർട്ടിയായിക്കൂടായെന്നില്ല.

ഇടതു പക്ഷത്തിന്റെ എത്രയോ വ്യക്തികൾ ഇതുപോലെ ആരോപണ വിധേയരായി, എന്നിട്ട് അവർ എത്ര പേരെ പുറത്താക്കി…?
കോടതി കുറ്റവാളിയെന്നു കണ്ടെത്തുന്നതുവരെ ആരോപണവിധേയൻ മാത്രമാണ്.

കോൺഗ്രസ് കാത്തിരുന്ന സമയം. അത് വേണ്ടപോലെ പ്രയോഗിച്ചു. അത്രതന്നെ.
കൂടെയുള്ള ഘടക കക്ഷിയിൽ പെട്ട മലപ്പുറത്തുള്ള ഒരു “വലിയ ‘കുട്ടിയുണ്ടല്ലോ പേരിന്റെ കൂടെ കുഞ്ഞുള്ളത്. ഒരു യുവതി പരസ്യമായി തന്റെ കുഞ്ഞിന്റെ പിതൃത്വംപോലും ആ വ്യക്തിയാണെന്ന് പറഞ്ഞ സംഭവങ്ങൾ. അതൊന്നും കോൺഗ്രസിന് പ്രശ്നമില്ല. ആ നേതാവ് ഇപ്പോഴും കൂടെയുണ്ട്.
ഇതുപോലെ പലരുടെയും മക്കൾ പലയിടത്തും ഇപ്പോഴുമുണ്ട്.

വലിയൊരു സത്യമാണ് മനസ്സിലാക്കേണ്ടത്. ഏതൊരു രാഷ്ട്രീയത്തിലെയും “തല മൂത്ത”നേതാക്കന്മാർക്ക് താല്പര്യമില്ലാത്ത നേതാക്കളെ /അണികളെ ഒതുക്കുവാൻ ആരെ കൂട്ടുപിടിച്ചും, എന്തു തറ പ്പണിയും ചെയ്യും. ഇവിടെയും അങ്ങനെ സംഭവിച്ചിട്ടുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

മനുഷ്യനുണ്ടായ കാലഘട്ടം മുതലുള്ള വസ്തുതയാണ് ഇണയുണ്ടെങ്കിലും മറ്റൊരു സ്ത്രീയോടൊ, പുരുഷനോടൊ ആകർഷണീയത തോന്നുന്നത് സ്വാഭാവികമാണ്. അങ്ങനെയുണ്ടാവുന്ന സൗഹൃദങ്ങൾ പലതരം ബന്ധങ്ങളായി മാറുന്നു.
കാലഘട്ടത്തിനനുസരിച്ചു വന്ന മാറ്റങ്ങളിൽ ഈ പുരോഗമന കാലഘട്ടങ്ങളിൽ മനുഷ്യന്റെ ജീവിതസാഹചര്യങ്ങൾ മാത്രമല്ല വികാരവിചാരങ്ങൾ, ചിന്തകൾ ഒക്കെ മാറ്റങ്ങൾ സംഭവിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധങ്ങൾക്ക് നിയമങ്ങൾ തടസമല്ല. ലിവിഗ് ടുഗെതറായി ഒരുമിച്ചു താമസിപോകുന്നവരുടെ എണ്ണം കൂടി.
ഇങ്ങനെ ജീവിക്കുന്നവരും നാളെഏതെങ്കിലും വിഷയത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായാൽ, ഒരുമിച്ചു മുന്നോട്ടു പോകാൻ കഴിഞ്ഞില്ലയെങ്കിൽ കൂടെ താമസിച്ചിരുന്നവൻ പീഡകനും സ്ത്രീ അതിജീവതയുമാകും.
ഇവിടെ കോടതിപോലും പുരുഷന്റെ ഭാഗത്താണ് ശരിയെങ്കിൽപോലും സ്ത്രീയുടെ വാക്കുകൾക്കെ കൂടുതൽ പ്രാധാന്യം കൊടുക്കൂ.
അതുകൊണ്ടുതന്നെ പലർക്കും നീതി നിഷേധിക്കപ്പെടുന്നുണ്ട്.അതിന്റെ തുടർച്ചകൾ തൊഴിലിടങ്ങളുൾപ്പടെ വിവിധ മേഖലകളിൽ നടക്കുന്നുണ്ട്.

ഇപ്പോൾ കുറേ വർഷങ്ങളായ് ടെലിവിഷൻ ചാനലുകളിൽ നടക്കുന്ന മെഗാപരമ്പരകൾപോലെ പീഡനപരമ്പരകളുടെ ആഘോഷമാണ് എവിടെയും കൊണ്ടാടുന്നത്
അത് ഏറ്റവും കൂടുതൽ രാഷ്ട്രീയ രംഗത്തും സിനിമാരംഗത്തുമാണെന്നുള്ളതാണ് മറ്റൊരു സത്യം. അടുത്ത കാലത്താണ് ഹേമാ കമ്മീഷൻ റിപ്പോർട്ടിലൂടെ സിനിമാ മേഖലയിലെ പീഡനകഥകൾ പുറത്തു വന്നത്. മനസ്സിൽ നിറഞ്ഞുനിന്നുരുന്ന പല ബിംബങ്ങളുടെ തനി രൂപം വെളിച്ചത്തുവന്നു.
കുറച്ചു നാളത്തെ കോലാഹലങ്ങൾക്കുശേഷം അവർ സിനിമാക്കാർ തന്നെ അതൊക്കെ പരസ്പരം പറഞ്ഞൊതിക്കിയതുപോലെയായി.’കൊക്കെത്ര കുളം കണ്ടതാ” എന്ന തരത്തിൽ സിനിമ മേഖല വീണ്ടും പൂർവാധികം ഭംഗിയായി, ഊർജ്ജിതമായ്, സജീവമായ് പ്രവർത്തനങ്ങൾ നടക്കുന്നു. എങ്കിലും ആ മേഖലയിലും ചില പീഡന സംഭവങ്ങളുടെ കേസുകൾ നടക്കുന്നുണ്ട്.

കേരളരാഷ്ട്രീയത്തിൽ പലപ്പോഴും ഇലക്ഷൻ കാലത്താണ് പീഡനകഥകൾ പ്രചരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ തോല്പിക്കാൻ പെണ്ണും, പീഡനവും, അഴിമതി ആരോപണവും
കാലകാലങ്ങളായി തുടരുന്ന രാഷ്ട്രീയ കളികൾ…. കൈകൊട്ടുന്നവനും മുഖം കുനിക്കുന്നവരും ഒരേ സ്കൂളിളെ വിദ്യാർത്ഥികൾ തന്നെ.
മനസ്സിലായില്ലേ..?

തൃതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിനേക്കാൾ ശക്തമാണ് രാഹുൽ മാങ്കൂട്ടവുമായ് ബന്ധപ്പെട്ടുള്ള പീഡനകഥകൾ.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിന്റെ പീഡന കഥയുമായി ഒരു യുവതി രംഗത്തുവരികളും ചാനലുകളിലും നവമാധ്യമങ്ങളിലുമൊക്കെ ചർച്ചകളും വാർത്തകളുമൊക്കെയായി മാറുകയും ചെയ്തു.
എന്നാൽ കുറച്ചു നാൾ കഴിഞ്ഞപ്പോൾ അതിന്റെ “തീവ്രത”കുറഞ്ഞു.
ആ തീവ്രതയുടെ കാര്യം പറഞ്ഞപ്പോഴാണ് മുകളിൽ ഒരു മഹതിയുടെ “തീവ്രതാ താരതമ്യപഠനത്തിന്റെ കാര്യം ഓർമ്മയിലെത്തുന്നത്.
ഏറ്റവും അതിശയം തോന്നിയ ഒരു കാര്യം കുറച്ചു മാസങ്ങൾക്കു മുൻപ് ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ആത്മഹത്യയിലേക്ക് നയിച്ച പ്രസംഗം നടത്തിയ മഹതി ഈ കാര്യത്തിൽ മാങ്കൂട്ടത്തിന്റെ രാജി ആവശ്യപ്പെട്ടുവന്നിട്ടുണ്ട് എന്നുള്ളതാണ്.
ആ കുടുംബത്തിന്റെ കണ്ണീരും,ശാപവും കൂടെയുള്ളപ്പോൾ ഒരു ഉളുപ്പുമില്ലാതെ ഈ മഹതി പ്രസ്ഥാവനയുമായി എത്തിയിരിക്കുന്നു.
ഇങ്ങനെയും ചില ജന്മങ്ങൾ.. ഇവർക്കൊക്കെ എന്തു മറുപടിയാണ് കൊടുക്കേണ്ടത് ഭരണപക്ഷത്ത് വ്യക്തമായ തെളിവുകൾ,
ഫോൺ കോളുകൾ സഹിതമുള്ള തെളിവുകൾ ഉണ്ടായിട്ടും നീതിന്യായ വ്യവസ്ഥകൾപോലും തങ്ങൾക്കൊന്നുമല്ല എന്ന തരത്തിൽ ചിലർ മന്ത്രിസ്ഥാനത്തും എം. എൽ. എ. സ്ഥാനത്തും ഇപ്പോഴും തുടരുന്നത് വിരോധാഭാസം മാത്രം.
ഇപ്പോഴും ആ ഫോൺ കോളുകളുടെ റെക്കോർഡുകൾ/ തെളിവുകൾ സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ട്.
ഇവിടെ രാഹുൽ മാങ്കൂട്ടത്തിന്റെ പക്ഷം പറയുകയല്ല. ആരോപണങ്ങളിൽ വ്യക്തമായ കഴമ്പുണ്ടെങ്കിൽ നടപടിവേണം. പക്ഷേ അയാളെക്കാൾ വേന്ദ്രമാർ ഭരണകൂടരാഷ്ട്രീയപാർട്ടിയിൽ ഉള്ളപ്പോൾ അവർക്ക് രക്ഷാകവചം ഒരുക്കിക്കൊണ്ട് ഈ വ്യക്തിയെ മാത്രം ഒതുക്കുവാനുള്ള തന്ത്രം ഉചിതമല്ല.അവർക്കെതിരെ പരാതി ലഭിച്ചില്ല എന്ന് വേണമെങ്കിൽ അവകാശപ്പെടാം. പക്ഷേ, പൊതുജനം എന്നും കഴുതകളാകരുത്.

ഇതിൽനിന്ന് രാഹുൽ മാങ്കൂട്ടം മനസ്സിലാക്കേണ്ട ഒരു വസ്തുത, പുറത്തുനിന്നുമുള്ള കുത്തിനെകാൾ അകത്തുനിന്നും പടപാളയത്തുനിന്നും തന്ത്രപൂർവ്വം നീക്കങ്ങൾ നടക്കുന്നുണ്ട്.
മുൻ മുഖ്യമന്ത്രി ശ്രീ.കെ. കരുണാകരൻ പറഞ്ഞതുപോലെ പിന്നിൽനിന്നുള്ള കുത്ത്. അന്ന് അദ്ദേഹത്തിനോടു പകപോക്കൽ കാണിച്ച “മഹത്”വ്യക്തികൾ ചിലർ രാഹുലിനെതിരെയും തിരിഞ്ഞിട്ടുണ്ട്.
രാഹുലിനെ തടയിടേണ്ടത് കോൺഗ്രസിലെ ചിലർക്ക് ആവശ്യമാണ്/ അനിവാര്യമാണ്. അതുകൊണ്ടുതന്നെയാണ്, ഒരു ആരോപണം വന്നപ്പോൾ, അതിന്റെ യഥാർത്ഥ്യമോ, കോടതി നിർദ്ദേശങ്ങൾക്കോ കാത്തുനിൽക്കാതെ ആ വ്യക്തിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഭരണ പക്ഷത്തുനിന്ന് മാങ്കൂട്ടത്തിന്റെ എം. എൽ. എ സ്ഥാനം രാജി വയ്ക്കാൻ മുറവിളികൂട്ടുന്നവരിൽ പലരും പീഡനക്കേസിൽ കുറ്റാരോപിതരായി നിയമനടപടികളുമായ് നടക്കുന്നവരെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചു
സംരക്ഷണം കൊടുക്കുന്നവരാണ്.

കോൺഗ്രെസ്സ്, കേരളാ കോൺഗ്രസ് രാഷ്ട്രീയ ചരിത്രങ്ങളിൽ ഇതുപോലെ സ്ത്രീവിഷയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ മുൻപും ധാരാളം ഉണ്ടായിട്ടുണ്ട്. മിക്കവാറും ഇലക്ഷൻ സമയങ്ങളിലാണ് ഇതിന്റെ അന്തർനാടകങ്ങൾ നടക്കുന്നത്.
ഇവിടെ രാഹുൽ കുറ്റവാളിയാണോ നിരപരാധിയാണോ ഈ വക കാര്യങ്ങൾക്കൊന്നും തർക്കം പറയുന്നില്ല. അതൊക്കെ നിയമത്തിന്റെ വഴിയേ കണ്ടെത്തട്ടെ.
പക്ഷേ.. അതെ കുറ്റാരോപിതരെ, അല്ലെങ്കിൽ അതിനേക്കാൾ ഉപരിയായ പീഡനവീരൻമാരെ ഒപ്പം നിർത്തിക്കൊണ്ട് ഈ വ്യക്തിയെ ക്രൂശിക്കണമെന്നു പറയുന്നവർ ഓർമ്മകൾ അയവിറക്കിയാൽ നന്നായിരിക്കും.തീവ്രത മാനദണ്ഡം അകന്ന മഹതിയിലേക്ക്എത്തുമ്പോൾ ഒരു പ്രാസമൊപ്പിച്ചു പറഞ്ഞതാണെന്ന് തോന്നുന്നു.ജീവിത-അതിജീവിത, ദാരിദ്യം -അതിദാരിദ്ര്യം, പീഡനം -തീവ്രപീഡനം.എന്തൊക്കെ പുതിയ അറിവുകൾ…

കർത്താവ് പറഞ്ഞു “നിങ്ങളിൽ പാപം ചെയ്യാത്തവർ അവളെ കല്ലെറിയട്ടെയെന്ന് ” ഇവിടെ രാഹുൽ മാങ്കൂട്ടത്തെ കല്ലെറിയാൻ മുൻനിരയിൽ നിൽക്കുന്നത് മഹാപീഡനക്കാരാണെന്നുള്ളത് മറ്റൊരു സത്യം.
ഒരു ജനാധിപത്യരാജ്യത്ത്, സംസ്ഥാനത്ത് ജാതിമതരാഷ്ട്രീയ ചിന്തകൾക്കപ്പുറം നീതിന്യായ വ്യവസ്ഥകളും, പൗരാവകാശങ്ങളും ഒരുപോലെയാവണം. അതല്ലാതെ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയിലെ ഉന്നതന്മാർ എന്നു നടിക്കുന്നവർ പീഡനവും അമ്പലക്കൊള്ളയുമൊക്കെ നടത്തുമ്പോൾ ഒത്താശ നൽകി സംരക്ഷിക്കുകയും
എതിർ രാഷ്ട്രീയത്തിലുള്ളവരുടെ പേരിൽ ഇത്തരം ആരോപണങ്ങൾ വരുമ്പോൾ, അല്ലെങ്കിൽ അങ്ങനെയുള്ള ആരോപണങ്ങൾ സൃഷ്ടിച്ചുകൊണ്ട് അവരെ രാഷ്ട്രീയത്തിൽനിന്നുതന്നെ ഉന്മൂലനം ചെയ്യുന്ന തരത്തിലേയ്‌ക്കെത്തിക്കുന്നതുമായ പ്രവണത അംഗീകരിക്കാൻ സാമാന്യ ബുദ്ധിയുള്ള ജനങ്ങൾക്ക് കഴിയില്ല.

0 Comments

No Comment.