Skip to content

chithrodayamflashnews.com

May 6, 2026 11:45 pm

ശുഭചിന്തകൾ

 2024| മാർച്ച്-02|ശനിയാഴ്ച|

1199 | കുംഭമാസം18|വിശാഖം

സാ”ച്ച”രതയും ദേശീയഗാനവും

ഭാരതത്തിൽ സാക്ഷരതയിൽ ഒന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. എന്നാൽ നിരക്ഷരർ കൂടുതൽ ഉള്ള സംസ്ഥാനങ്ങൾ എന്ന് നിരന്തരം അതിക്ഷേപിക്കപ്പെടുന്ന മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിവരക്കേടിന്റെ വിളനിലമായ്ക്കൊണ്ടിരിക്കുകയാണ് കേരളം. അതിന് ഉത്തമ ഉദാഹരണങ്ങളാണ് ചാനലുകളിലും,മറ്റു നവമാധ്യമങ്ങളിലും, പ്രസംഗ വേദികളിലും ഇവിടെത്തെ ഭരണകർത്താക്കളുൾപ്പടെയുള്ള “പ്രമുഖ”രുടെ പ്രസംഗങ്ങൾ.

മലയാളികളായിട്ടും മലയാളംപോലും നന്നായി സംസാരിക്കാൻ അറിയാത്ത, ഉന്നതാധികാരസ്ഥാനങ്ങൾ അലങ്കരിക്കുന്നവരുടെ യാതൊരു വിവരവുമില്ലാത്ത ഇംഗ്ലീഷ് പ്രസംഗം കേട്ടാൽ സത്യത്തിൽ അവരോട് സഹതാപം തോന്നും. മാസതോറും ശമ്പളമുൾപ്പടെ ലക്ഷങ്ങൾ കൈപ്പറ്റുന്നവരാണ് ആവശ്യമില്ലാത്ത തസ്തികകളിൽ കയറിയിരുന്ന് സർക്കാരിന്റെ പണം കൈപ്പറ്റി വായിൽ വന്നത് കോതയ്ക്ക് പാട്ടായ് വിളിച്ചുകൂവുന്നത്. എല്ലാം സഹിക്കാൻ പാവം ജനങ്ങളും.

ഭാരതത്തിലെ നിരക്ഷരരായ ജനങ്ങൾക്കുവരെ നമ്മുടെ “ദേശീയഗാനം” തെറ്റുകൂടാതെ ആലപിക്കുവാൻ അറിയാം. അക്ഷരം പഠിച്ചുവരുന്ന നേഴ്സറി കുട്ടികൾ വരെ ദേശീയഗാനം നന്നായി ആലപിക്കും.
അപ്പോഴാണ് ഒരു പ്രസ്ഥാനത്തിന്റെ സമ്മേളനത്തിൽ, ഒട്ടേറെ പ്രമുഖർ ഉൾപ്പെടെയുള്ള വേദിയിൽ ദേശീയഗാനം തെറ്റായി ആലപിച്ചത്. അവിടെ പങ്കെടുത്ത ഒരാൾക്ക് പോലും ദേശീയഗാനം ആലപിക്കാൻ അറിയില്ലയെന്നു തെളിയിക്കുന്നതായിരുന്നു മാധ്യമങ്ങളിലൂടെ പുറത്തുവന്ന വീഡിയോയിൽനിന്നും മനസ്സിലാകുന്നത്.

നാളെ നാടിന്റെ ഭരണരംഗത്തുവരെ വരാൻ സാധ്യതയുള്ള പ്രമുഖർഉൾപ്പെടെയുള്ളവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നത് ലജ്ജാകരം തന്നെയാണ് .

ഇനിയെങ്കിലും ദേശീയഗാനത്തെ ഇത്തരത്തിൽ ആലപിച്ച് അപമാനിക്കരുത്.വ്യക്തമായി അറിയില്ലെങ്കിൽ ആ പണി ചെയ്യാതിരിക്കുക. അതല്ലയെങ്കിൽ അറിയാവുന്ന കുട്ടികളെ കൊണ്ട് ആലപിപ്പിക്കുക.

എന്തായാലും നമ്മുടെ ഭരണസിരാകേന്ദ്രങ്ങളിലും പ്രതിപക്ഷത്തുമിരിക്കുന്ന ജനപ്രതിനിധികൾക്ക് സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിൽ പത്തുരൂപയുടെ ഓരോ എഞ്ചുവടി പുസ്തകം കൊടുക്കുന്നത് നന്നായിരിക്കും. വാക്കുകൾ നന്നായി ഉപയോഗിക്കാൻ അറിയാത്തവർക്കും,കണക്ക് കൈകാര്യം ചെയ്യാൻ എളുപ്പമാകുന്ന ഗുണന പട്ടികയും പ്രാർത്ഥനയും, ദേശീയഗാനവും തെറ്റുകൂടാതെ പഠിച്ചെടുക്കട്ടെ….

0 Comments

No Comment.