Skip to content

chithrodayamflashnews.com

May 6, 2026 11:46 pm

ശുഭചിന്തകൾ

2024 | മാർച്ച്-07|വ്യാഴാഴ്ച..|

1199 | കുംഭമാസം23|ഉത്രാടം|

അവഗണിക്കപ്പെടുന്ന പട്ടാളക്കാർ

നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ആരുടെ കൈകളിലാണെന്നു ചോദിച്ചാൽ ഏതൊരു ഭാരതീയനും അഭിമാനത്തോടെ പറയാം നമ്മുടെ പട്ടാളക്കാരുടെ കൈകളിലാണെന്ന്.
നമ്മൾ ഉറങ്ങുമ്പോഴും നാടിനുവേണ്ടി അതിർത്തിയിൽ ഉറക്കമിളച്ച് ജാഗ്രതയോടെ സുരക്ഷയൊരുക്കുന്ന ദേശാഭിമാനികൾ. അവർക്ക് ജാതിയോ, മതമോ,രാഷ്ട്രീയമോ, സംഘടനകളോ ഇല്ല. ഒറ്റ ലക്ഷ്യം മാത്രം. അത് നാടിന്റെ സുരക്ഷ മാത്രമാണ്. സ്വന്തം ജീവിതവും ജീവനും മാറ്റിനിർത്തികൊണ്ട് മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കുംവേണ്ടി കാവൽനില്ക്കുന്നവർ. സത്യത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടേണ്ടവർ ഇവരല്ലേ…?പക്ഷേ.. വേണ്ടത്ര പരിഗണന അവർക്ക് നൽകപ്പെടുന്നുണ്ടോ..? പ്രത്യേകിച്ച് പട്ടാളത്തിൽ സ്തുത്യർഹമായ സേവനം പൂർത്തിയാക്കി സ്വന്തം നാട്ടിലെത്തുന്ന പട്ടാളക്കാരെ പലർക്കും പുശ്ചമാണ്.
ബഹുമാനിക്കുന്നില്ലെന്നതു മാത്രമല്ല ജവാൻമാർ പല സ്ഥലങ്ങളിലും അവഹേളിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് നമ്മുടെ നിയമപാലകരായ പോലീസുകാരുടെ ഭാഗത്തുനിന്നുപോലും മോശം അനുഭവം ഉണ്ടാകാറുണ്ട്. പത്രങ്ങളിലൂടെയും ദൃശ്യ,നവമാധ്യമങ്ങളിലൂടെയും വരുന്ന വാർത്തകൾ, വീഡിയോസ് ഇവ ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നു.

ഈ അടുത്ത കാലത്ത് ഒരു “മാന്യൻ”ഒരു ചാനലിൽ നടന്ന അഭിമുഖത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന കൂട്ടത്തിൽ പറയുന്നതുകേട്ടു. “ശമ്പളം കിട്ടുന്നതുകൊണ്ടാണ് പട്ടാളത്തിൽ ജോലിക്കുപോകുന്നത്.അല്ലാതെ രാജ്യസ്നേഹം മാത്രം നോക്കിയല്ലെന്ന്.” ഇത് പറഞ്ഞത് ആ വ്യക്തിയുടെ ഇടുങ്ങിയ ചിന്താഗതിയാണെന്നു മാത്രം പറയാം.
ഇവിടെ രാഷ്ട്രപതി മുതൽ മന്ത്രിമാർ, എം. പി മാർ, എം. എൽ. എ മാർ തുടങ്ങി പഞ്ചായത്ത് മെമ്പർവരെ ചെയ്യുന്നത് സേവനമാണ്.ഇവർ ശമ്പളം വാങ്ങുന്നില്ലേ..?
ആരോഗ്യമേഖലയും വിദ്യാഭ്യാസമേഖലയും
പോലീസ് സംവിധാനവുമൊക്കെ സേവനമാണ്. ഇവരും ശമ്പളം വാങ്ങുന്നില്ലേ…മേൽ പറഞ്ഞ വ്യക്തിയും “സേവന”മാണോ ചെയ്യുന്നത്?

പട്ടാളക്കാരെ സംബന്ധിച്ചു നോക്കിയാൽ അവരുടെ ജീവിതത്തിലും, സേവനത്തിലും, ഉത്തരവാദിത്വവും കൃത്യനിഷ്ഠയും പാലിക്കുന്നവരാണ്.
നമ്മുടെ ഒട്ടനവധി ഗവണ്മെന്റ് സ്ഥാപനങ്ങൾ ഉൾപ്പെടെ നോക്കിയാൽ എത്ര ഓഫീസുകളിൽ എട്ടുമണിക്കൂർ ജോലി ചെയ്യുന്നവരുണ്ട്.?
എന്നാൽ പട്ടാളക്കാർക്ക് സമയത്തേക്കാൾ ഉപരി അവരുടെ ഉത്തരവാദിത്വത്തിനും സമർപ്പണത്തിനുമാണ് മുൻതൂക്കം കൊടുക്കുന്നത്.എന്നാൽ സമൂഹം വേണ്ടത്ര പരിഗണന കൊടുക്കാത്തതും ഈ വിഭാഗത്തിനാണെന്നത് നിർഭാഗ്യകരമാണ്.

ഓരോ പട്ടാളകാരനും നാടിന്റെ അഭിമാനമാണ്.
നമ്മുടെ പ്രാർത്ഥനകൾ അവർക്കുകൂടി വേണ്ടിയാവട്ടെ. രാജ്യസേവനം കഴിഞ്ഞുവരുന്നവരോട് നമുക്കുള്ള സ്നേഹവും നന്ദിയും ഒരു ചിരിയിലൂടെയെങ്കിലും പ്രകടിപ്പിക്കാം…
നാടുണ്ടെങ്കിലേ നമ്മളുള്ളു എന്ന സത്യം ഹൃദയത്തിൽ സൂക്ഷിക്കാം…

0 Comments

No Comment.