
ഒരിക്കലെങ്കിലും നിങ്ങൾ സ്വയം ചിന്തിച്ചിട്ടുണ്ടോ…?
സ്വന്തം പ്രതിബിംബം കണ്ണാടിയിലൂടെ, തെളിഞ്ഞ ജലത്തിലൂടെ…. കാണാൻ പറ്റും.
അല്ലാതെ ആർക്കും സ്വന്തം രൂപത്തെ മറ്റൊരാളിന്റെ കണ്ണിലൂടെ മാറിനിന്ന് വീക്ഷിക്കാൻ കഴിയില്ല.
എത്ര പ്രാവശ്യം കണ്ണാടി നോക്കി ആത്മവിശ്വാസം നേടുന്നോ ഒക്കെയും ഏതെങ്കിലും ഒരു വ്യക്തിയുടെ നെഗറ്റീവ് കമന്റിൽ നഷ്ടപ്പെടുന്നുണ്ടോ..?
സ്വന്തം രൂപം, സ്വഭാവം, പ്രവർത്തനം, അറിവ്, വിദ്യാഭ്യാസം,… തുടങ്ങി
എല്ലാത്തിനെ കുറിച്ചും നല്ല അവബോധമുണ്ട് എന്ന ധാരണയുള്ളപ്പോഴും വിമർശനങ്ങൾ ഉൾക്കൊള്ളാൻ സാധിക്കാറുണ്ടോ…?
അതുകൊണ്ടുതന്നെ മറ്റൊരാൾ ചൂണ്ടി കാണിക്കുന്ന ന്യൂനത ഉൾക്കൊള്ളാൻ പലരും തയാറാകില്ല.
കാരണം വർഷങ്ങളായി നാം ഇങ്ങനെയാണ്. ഏറ്റവും വേണ്ടപ്പെട്ടവർ പോലും കണ്ടെത്താത്ത പോരായ്മ ഇത്രയും കാലം സ്വഭാവത്തിന്റെ/ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടന്ന ശീലങ്ങൾ സമ്മതിച്ചുകൊടുക്കാൻ മനസ് അനുവദിക്കാറില്ല.
സന്ദർഭത്തിനനുസരിച്ച് ഭാവമാറ്റം സംഭവിച്ചുക്കൊണ്ടിരിക്കും..ആത്മാർത്ഥമായും, അഭിനയിച്ചും നിൽക്കാം. “
“ചിലർ ഓന്തിനെ പോലെ നിറം മാറുന്നു “
ഈ സ്വഭാവം ചിലർക്ക് ഗുണകരമാണ്. ശരിയായ വ്യക്തിത്വം / സ്വഭാവഗുണം മറച്ചു പിടിച്ച് ചിരിച്ചും ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, ഉപദേശിച്ചും മികച്ച ക്യാരക്റ്റർ റോൾ അവസാനം വരെ ഇവർ നിലനിർത്തും.
ഏറ്റവും അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ ഇവർ ആളിന്റെ അഭിനയമികവിനെ പ്രോത്സാഹിപ്പിച്ച് മഹത്വവത്ക്കരിക്കുകയും ചെയ്യും.
അതുകൊണ്ട് തന്നെ “ഞാൻ ആരാണ്..? എന്ന് പലരും തിരിച്ചറിയാറില്ല.
ഇടയ്ക്കിടെ നാം സ്വയം ചിന്തിക്കണം. ഞാൻ ആരാണ്…?
കുറെ ഉത്തരങ്ങൾ നമുക്ക് കിട്ടും. പക്ഷേ പൂർണ്ണമല്ല….
അടുത്ത നിമിഷം നാം എന്ത് ചെയ്യും എന്ന് മുൻകൂട്ടി നിശ്ചയിക്കാൻ കഴിയില്ല.
ചെയ്തതൊക്കെയും ശരിയായിരുന്നു എന്ന് മനഃസാക്ഷി സത്യസന്ധമായി സമ്മതിച്ചു തരില്ല.
ഇതുവരെ ജീവിത്തിൽ സംഭവിച്ചത് സ്വയം വിലയിരുത്തിയാൽ പലതും നമ്മുടെ നിയന്ത്രണത്തിലായിരുന്നില്ല എന്നു മനസിലാക്കാൻ കഴിയും.
ചില സന്ദർഭങ്ങളിൽ നമുക്ക് നമ്മെ തന്നെ മനസിലാക്കാൻ കഴിയുന്നില്ല. പിന്നെ മറ്റുള്ളവർ എങ്ങനെ നമ്മെ മനസിലാക്കും..?
അപ്പോഴും ബാക്കിയാവുന്നു “ഞാൻ ആരാണ്…?”

No Comment.