
പ്രിയപ്പെട്ട അച്ചായന്,
അച്ചായാ, സ്റ്റീഫന് ഇന്ന് ശമ്പളംകിട്ടി. “ലൂക്കോസ്പലവ്യഞ്ജനക്കട”യിലെകണക്കെഴുത്താണെങ്കിലും ഒരുമാസത്തെ കൂലി ഒരുമിച്ചുകിട്ടുമ്പോൾ ശമ്പളംതന്നെയല്ലേ.
കിട്ടിയതിൽ പാതി അപ്പച്ചനുകൊടുത്തു.അപ്പച്ചന് അടുത്ത കൃഷിക്കുള്ള നല്ല വിത്ത് മേടിക്കണം.
വെള്ളം കയറി കൃഷി നശിച്ചില്ലേ. ഇപ്പോൾ ഒരുവിധം കാര്യങ്ങൾ നടന്നത് സർക്കാരിൽ നിന്ന് ഇരുപത്തഞ്ച് രൂപ കിട്ടിയതുകൊണ്ടാണ്. സ്റ്റീഫൻ അപ്പച്ചന് കാശുകൊടുത്തത് പൊടിയമ്മയ്ക്ക് അത്രയിഷ്ടമായില്ലെന്നുതോന്നുന്നു.
സ്റ്റീഫൻ ചെക്കന് നെയ്യപ്പം മേടിച്ചോണ്ടുകൊടുത്തു.എന്നിട്ടും കൊച്ചുങ്ങളുടെ ബിസ്ക്കറ്റിന്റെ ഒരു പങ്കുകൂടി മേടിച്ചിട്ടേ ചെക്കൻ അടങ്ങിയുള്ളു.
അച്ചായാ, പിള്ളേർക്ക് രണ്ടിനും പേരിട്ടു. ജോൺസന്റെ മോൾക്ക് “റിൻസി എന്നും, സ്റ്റീഫന്റെ മോന് “ജിൻജോ” എന്നും. ഈ പേരിൽ അമ്മച്ചിയമ്മയ്ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. കൊച്ചിന്റെ അപ്പൻമ്മാർ പേര് കണ്ടുപിടിച്ചു..ഇട്ടു.
നമ്മുടെ ചെക്കന് മാത്രം പേരിടാൻ എന്തൊരു തർക്കമായിരുന്നു. പള്ളിക്കൂടത്തിൽ ചേർക്കാൻ നേരം ചെക്കന്റെ പേരുമാറ്റി “സുദർശനൻ” എന്നിടുന്നതിൽ ആരെങ്കിലും തർക്കിച്ചാൽ അച്ചായാ.. എന്റെ സ്വഭാവം മാറും പറഞ്ഞേയ്ക്കാം
കോങ്കണ്ണി പാത്തുവിന്റെ പുതിയാപ്ല കുഞ്ഞിക്കണ്ണിന് മമ്മദ്കാക്കാന്റെ കടേല് പണിയായി.പ്രളയത്തിൽ മമ്മദിന്റെ മുട്ടക്കട ഒലിച്ചു പോയപ്പോൾ വീണ്ടും കടയിടാൻ കോങ്കണ്ണിപ്പാത്തു “കുണുക്ക് “വിറ്റല്ലേ കാശ് കൊടുത്തത്. ആ നിലയ്ക്ക് ജോലിയും, കൂലിയും ഇല്ലാതെ വീട്ടിൽ കുത്തിയിരിക്കുന്ന പാത്തൂന്റെ പുത്യാപ്ലയെ മമ്മദ് പണിക്ക് നിർത്താതിരിക്കോ.
.എന്തായാലും മുട്ടപൊട്ടാതെ സൂക്ഷിക്കാൻ ഒരാൾ കൂടി മമ്മദിന് കിട്ടി..
അപ്പുറത്തെ കടയിൽ അപ്പുണ്ണിയും,സുശീലാമ്മാളും മത്സരിച്ച് പുട്ടുകുത്തുന്നുണ്ട്.സു ശീലകൂടി സഹായത്തിനെത്തിയപ്പോൾ രാഘവൻമാമന് ഒരിടത്തിരിക്കാമെന്നായി. അതുകാരണം വൈകുന്നേരം അപ്പച്ചൻ രാഘവൻമാമന്റെ കടയിൽപോയിരിക്കും. അതുകൊണ്ട് പിള്ളേർക്ക് എന്നും കടയപ്പം കിട്ടുന്നുണ്ട്.
നമ്മുടെ ഗംഗധാരൻ വെളിച്ചപ്പാട് തുള്ളുന്നതിനിടയിൽ ആണി കാലിൽ കൊണ്ടു.പപ്പനാഭൻ ഡോക്ടറുടെ ആശുപത്രിയിൽ കൊണ്ടു പോയി കാലു കീറിയാ ആണി പുറത്തെടുത്തത്. ദേവിക്ക് നരബലിവേണമെന്നും അതിനുപകരം രക്തം ഒഴുക്കിയതാണെന്നും നാട്ടുകാര് പറയുന്നു. അമ്പലത്തിലെ ഊട്ടുപുരയുടെ
വാതില് പണിത ആശാരിമാര് എടുക്കാൻ മറന്ന ആണിയാണ് ഗംഗാധരൻ വെളിച്ചപ്പാട് തുള്ളിയപ്പോൾ കാലിൽ തറച്ചതെന്ന് ചിലര് പറയുന്നു.കാര്യമെന്തായാലും അടുത്താഴ്ചപ്രശ്നം വെയ്പ്പാണ്.അമ്മാവനും ചിറ്റപ്പനും ഇപ്പോൾ അതിന്റെ പുറകെ നടപ്പാണ്.അതിനിടയിലാണ് ശ്രീരാമൻചേട്ടന്റെ രണ്ടാംകെട്ട് ആലോചനയും നടക്കുന്നത്. ആലോചന ഒരെണ്ണം ഏതാണ്ട് ഉറച്ചതായിരുന്നു.അപ്പോഴാണ് ശ്രീരാമൻ ചേട്ടന്റെ കുളിസീൻകാണൽ ആരോ ചെന്നുപെണ്ണുവീട്ടുകാരോട് പറഞ്ഞത്.കെട്ടാൻ ഉദ്ദേശിച്ചപെണ്ണിന്റെ ആദ്യകെട്ട്യോനും കുളിക്കാൻ പോയി കുളത്തിന്റെ അടിത്തട്ടിൽ മറ്റൊരുത്തന്റെ കെട്ട്യോളുമായി ഹൃദയം കൈമാറിയതിന് പഞ്ചായത്ത്കുളത്തിൽ അടികൊണ്ട് ചത്തവനാണ്.അടുത്തകെട്ട്യോനാകാൻ പോകുന്നവനും ആരുടെയെങ്കിലും അടികൊണ്ട് ചത്താൽ വീണ്ടും വിധവയാവില്ലേ. അങ്ങനെ ആ ആലോചനയും മുടങ്ങി. എങ്കിലും ശ്രീരാമൻചേട്ടനേയും ഏതെങ്കിലും പെണ്ണ് ഇഷ്ടപ്പെടും.
ഇപ്പോൾ “സത്യൻ ബസിലെ” “കിളിയാ “ശ്രീരാമൻ ചേട്ടൻ.ലേശം പൊക്കക്കുറവുണ്ട് അതൊരുകുറവല്ലല്ലോ.
എന്നാൽ കൂടുതൽ ഒരുപാടുണ്ട് ശ്രീരാമൻചേട്ടന്… വയറ്കൂടുതലുണ്ട്,പല്ല് മൂന്നെണ്ണംപൊങ്ങിയതുകാരണം ചുണ്ടിന് പൊക്കകൂടുതലുണ്ട്,കഷണ്ടിയുണ്ട്, പെണ്ണുങ്ങളോട് സ്നേഹവുമുണ്ട്. ഇത്രയും ഉള്ളപ്പോൾ പൊക്കക്കുറവ് ഒരു കുറവാണോ അച്ചായാ?

No Comment.