
എന്റെ അച്ചായന്,
അച്ചായാ..ഒരുമരണവും,ഒരു ജനനവും ഇന്നത്തെ കത്തിലൂടെ പങ്കുവെയ്ക്കുകയാണ്. നമ്മുടെ നാടിന്റെ സ്പന്ദനമായിരുന്ന, “പതിച്ചി “എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന എല്ലാവരുടേയും അമ്മ”നാണിത്തള്ള മരിച്ചു.”
നാടിന് തീരാനഷ്ടമാണ് നാണിത്തള്ളയുടെ വേർപാട്. തൊണ്ണൂറ്റി എട്ട് വയസായെങ്കിലും ഇന്നും ഖദീജയുടെ കുട്ടിയെ കൈയ്യിലേറ്റുവാങ്ങി മടങ്ങും വഴിയാണ് മരണം. ഈ പ്രായത്തിലും ചുറുചുറുക്കോടെ പേറെടുത്തിരുന്ന നാട്ടുകാരുടെ “ഡോക്ടർ” ഇനി ഓർമ്മകളിൽമാത്രം…
കുറച്ചു നാളുകളായി നാണിത്തള്ള വിഷമത്തിലായിരുന്നു. കെട്ട്യോൻ ഉപേക്ഷിച്ചുപോയ ആസ്മാരോഗിയായ മോള് പങ്കജാക്ഷിയേയും അവരുടെ മക്കൾ പാക്കരനും, തങ്കപ്പനും. അവൻമ്മാരുടെ കെട്ട്യോളുമാരെയും മക്കളേയും തീറ്റിപോറ്റുന്നത് പതിച്ചി സ്ഥാനമുള്ളതുകൊണ്ടായിരുന്നു. പാരമ്പര്യമായി തുടർന്നു വന്ന കുലത്തൊഴിൽ നാണിത്തള്ള മകളുടേയും കൊച്ചുമക്കളുടേയും ക്ഷേമത്തിനായി വിനിയോഗിച്ചു.എന്നും ഒന്നോ രണ്ടോ പ്രസവമെടുപ്പ് നാണിത്തള്ളയ്ക്ക് കാണും. കൂലിതർക്കിച്ചുമേടിക്കാനും തള്ളക്കറിയാം. നാണിത്തള്ളയുടെ ചിലവിൽ മൂന്നുകുടുംബങ്ങൾ യാതൊരു പണിയുമെടുക്കാതെ കഴിഞ്ഞുകൂടി. പപ്പനാഭൻഡോക്ടറുടെ ആശുപത്രിവന്നതിന്ശേഷം നാണിതള്ളയ്ക്ക് പേറെടുപ്പ് കുറഞ്ഞു. അതോടെ വീട്ടുകാര്യങ്ങളും അവതാളത്തിലായി.മുൻപ് പേറെടുപ്പിന് നാണിത്തള്ളയുടെ ഊഴംകാത്തു ഗർഭിണികൾഉണ്ടായിരുന്നു.ഇപ്പോൾ കുറച്ചുനാളായി എവിടെയെങ്കിലും കെട്ട് കഴിഞ്ഞാൽ വിശേഷം തിരക്കാൻ നാണിത്തള്ള എത്തും.ഗർഭമുള്ളവീട്ടിൽ ഇടയ്ക്കിടെ സന്ദർശിക്കും.എന്നാൽ പ്രസവസമയമാകുമ്പോൾ പപ്പനാഭൻഡോക്ടർ പേറെടുക്കുകയും ചെയ്യും. വല്ലപ്പോഴും കിട്ടുന്ന പേറെടുപ്പും പ്രായത്തിന്റെ അവശതമൂലം പോകാൻ പറ്റാതായി.പപ്പനാഭൻഡോക്ടർക്ക് ആശുപത്രിയുണ്ട്, സ്വന്തമായികാറുണ്ട്. നാണിത്തള്ളയെ കൊണ്ടുവരണമെങ്കിൽ വറീത് മൂപ്പീന്നിന്റെ ചക്കടാവണ്ടി വേണം. അതും മൂപ്പീന്ന് ചരക്കെടുക്കാൻ പോയാൽ അന്ന് നാണിതള്ളയെ കൊണ്ടുവരാനുംപറ്റില്ല. അങ്ങനെ എത്ര പ്രസവങ്ങൾ പപ്പനാഭൻഡോക്ടർ അടിച്ചുമാറ്റി. ഖദീജയ്ക്ക് പേറ്റുനോവ് തുടങ്ങും മുൻപേ നാണിത്തള്ളയെ കൊണ്ടുവന്നു. കോങ്കണ്ണിപാത്തൂനെ ഖദീജ പ്രസവിച്ചപ്പോഴും പേറെടുത്തത് നാണിത്തള്ളയായിരുന്നു.മുപ്പത് വർഷത്തിനുശേഷം വീണ്ടും ഖദീജയുടെ പേറെടുക്കാനും നാണിത്തള്ളയ്ക്ക് കഴിഞ്ഞു. ഖദീജയ്ക്ക് പേറ്റുനോവ് തുടങ്ങിയപ്പോൾത്തന്നെ ലീലയും, കൗസല്യയും ചെന്നു. കോങ്കണ്ണിപാത്തുവിന് പള്ളേലുള്ളതല്ലേ.പിന്നെയുള്ളത് കോങ്കണ്ണിയുടെപുത്യാപ്ലയും. അമ്മായിക്ക് പ്രസവവേദനതുടങ്ങിയപ്പോൾ തന്നെ മരുമോൻ വെരുകിനെപ്പോലെ ഓടാൻ തുടങ്ങി.കുഞ്ഞിക്കണ്ണിന്റെ വെപ്രാളം കണ്ടാൽ തോന്നും പെറുന്നത് കോങ്കണ്ണിപാത്തുവാണെന്ന്. എന്തായാലും പ്രായം കടന്നുള്ള പ്രസവമല്ലേ. പതിച്ചിക്കും പ്രായമായി ഗർഭിണിക്കും പ്രായം അൻപത്
കഴിഞ്ഞു.എങ്കിലും പ്രായത്തിന്റെ അവശതമറന്ന് രണ്ടുപേരും ഉത്സാഹിച്ചു പേറും കഴിഞ്ഞു. നാണിത്തള്ള കുഞ്ഞിനെ ലീലയ്ക്ക് കൈമാറി.ലീലയും, കൗസല്യയും കുഞ്ഞിന്റെ മുഖത്തേയ്ക്ക് ഉറ്റുനോക്കി. “ഇസ്മായിലിന്റെ മുട്ടപോലെ ഒരുകുഞ്ഞ്” കുഞ്ഞിക്കണ്ണ്
“അളിയൻ കൊച്ചിനെ കണ്ട് സന്തോഷിച്ചു. കോങ്കണ്ണിപാത്തു തന്റെ വയറിൽ തടവി ഗർഭസ്ഥശിശുവിനോട് പറഞ്ഞു
“ദേ.. നിന്റെ മാമ(അമ്മാവൻ) ജനിച്ചിരിക്കുന്നു. നിനക്ക് കളിക്കാൻ കൂട്ടായി..”
ഖദീജ മുഖമുയർത്തി കുഞ്ഞിനെനോക്കി.ലീലകൊച്ചിനെ ഖദീജയുടെ അരികിൽകിടത്തി. ഖദീജാഉമ്മാച്ചി തന്റെ കുഞ്ഞിനെ മാറോട്ചേർത്തു.അതുവരെ കുനിച്ചുപിടിച്ചിരുന്ന മുഖംഉയർത്തി
എല്ലാവരോടും പുഞ്ചിരിച്ചു.അഭിമാനത്തോടെ….
എത്രപെട്ടന്നാണ് “അപമാനം അഭിമാനമായത്”. പിഴച്ചുപെറ്റാലും കുഞ്ഞിലൂടെ പെണ്ണ് അമ്മയാവുന്നു.അമ്മയ്ക്ക് തന്റെ ശരീരത്തിന്റെ ഭാഗമാണ് കുഞ്ഞ്.അവനിൽ അവൾ അഭിമാനിക്കുന്നു.അതാണ് ഖദീജയിലും കണ്ടമാറ്റം. പേറുകഴിഞ്ഞ് നാണിത്തള്ളയെ തേങ്ങയും അരിയും പുത്തൻമുണ്ടും കൊടുത്ത് വറീത് മൂപ്പീന്നിന്റെ ചക്കടാവണ്ടിയിൽ കൊണ്ടുപോയി വീട്ടിലെത്തിച്ചു..പക്ഷെ, ഒന്ന് നടുനിവർക്കാൻ വണ്ടിയിൽ കിടന്ന നാണിത്തള്ള പിന്നെ എണീറ്റിട്ടില്ല. വീട്ടുകാർ താങ്ങിയെടുത്ത് വാരാന്തയിൽകിടത്തി.. പക്ഷെ.. യാത്രയിലെപ്പോഴോ നാണിത്തള്ള മരിച്ചിരുന്നു.തന്റെതൊഴിലിന്റെ ഭാഗമായ കർമ്മം ചെയ്ത് കിട്ടിയ കൂലിയുമായി നാണിത്തള്ള മടങ്ങിപ്പോയിരിക്കുന്നു.
നാടിളകി,ജനം ഒഴുകിയെത്തി നാണിത്തള്ളയുടെ കൈകളിൽ പിറന്നുവീണവർ നിരവധി.ഓരോരുത്തരും അവസാനമായി തങ്ങളെ ഭൂമിയിൽ ഏറ്റുവാങ്ങിയ കൈകളുടെ ഉടമയെ
കണ്ടുമടങ്ങി..
നാണിതള്ളയിലൂടെ ഒരു കുലത്തൊഴിൽ അവസാനിച്ചു.ഇനി നമ്മുടെ നാട്ടിൽ പതിച്ചിയില്ല.പ്രസവിക്കാൻ ആശുപത്രികളിൽ പോകേണ്ടിവരും. . ഞാനും പോയിരുന്നു അച്ചായാ..പുരുഷനെയും കൊണ്ടുപോയി.നാണിതള്ളയുടെ എല്ലുന്തിയ,അനക്കമറ്റശരീരം കണ്ട് മടങ്ങുമ്പോൾ പുരുഷൻ ചോദിച്ചു.”അമ്മച്ചീ…നാനി ..അമ്മുമ്മ ഇനി നമ്മടെ..വീട്ടിൽ വരില്ലേ..?
“നാണി..അമ്മുമ്മമരിച്ചു
മോനെ. ഇനിവരത്തില്ല.”
എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു.
“കശ്ട്ടം അമ്മുമ്മ മരിച്ചണ്ടായിരുന്നു..”
പുരുഷനും വിഷമമായി.
എല്ലാവരുടെ മനസിലും സങ്കടത്തിന്റെ അലകൾതീർത്ത് നാണിതള്ള കാലയവനികക്കുള്ളിൽ മറഞ്ഞു….ഇനി വരും തലമുറയോട് നമുക്ക് പറയാം പണ്ട് ഇവിടെയൊരു പതിച്ചിഉണ്ടായിരുന്നു എന്ന്…
അച്ചായാ, ഇന്ന് നാണിത്തള്ള മരിച്ചദിവസം.അച്ചായനുൾപ്പെടെ എത്രയോ കുഞ്ഞുങ്ങളെ കണ്ട സ്ത്രീ.പ്രസവം എന്ന ജീവൻമരണപോരാട്ടത്തെ ധീരതയോടെ നേരിട്ട സ്ത്രീ, പുരുഷനെ പ്രസവിക്കാൻ കിടന്നകിഴക്കേമുറിയും ഇരുണ്ടമുറിയിലെ അരണ്ടപ്രകാശത്തിൽ
ശ്രദ്ധയോടെ അവർ പുരുഷനെ പുറത്തെടുത്തതും തിരിഞ്ഞുപോയ അവന്റെ തല കുഴമ്പിട്ട് തടവിശരിപ്പെടുത്തിയതും,കൂലികൊടുത്തതിന് തർക്കിച്ചപ്പോൾ അഞ്ചുതേങ്ങയും,കപ്പയുംകൂടുതൽകൊടുത്തതും,മായാത്തൊരോർമ്മയാണ്. എല്ലാവർക്കും പറയാൻ ഇതൊക്കെയാണുള്ളത്. അമ്മച്ചിയമ്മയും വിഷമിച്ചിരിക്കുകയാണ്. നാളിത്തള്ള വന്നാൽവിശേഷങ്ങൾ പറയുന്നത് അമ്മച്ചിയമ്മയോടായിരുന്നു.അപ്പച്ചനും,സ്റ്റീഫനും, ജോൺസണും ഇതുവരെ
മരണവീട്ടിൽ നിന്ന് മടങ്ങിവന്നിട്ടില്ല. പൊടിയമ്മയും,മോളിക്കുട്ടിയും പോയില്ല. കൊച്ചുങ്ങളെയും കൊണ്ട് മരണവീട്ടിൽ നിൽക്കാൻപറ്റില്ലല്ലോ. മറിയാമ്മച്ചി താടിക്ക് കൈയ്യുംകൊടുത്ത് ഇവിടെ ഇരിപ്പുണ്ട്.പുരുഷൻസ്ളേറ്റിൽഎന്തൊക്കെയൊ
വരച്ചുകൊണ്ടിരിക്കുന്നു..

No Comment.