
പ്രിയപ്പെട്ട അച്ചായന്,
അങ്ങനെ രാജേന്ദ്രനും അച്ഛനായി. മെനിങ്ങാന്നു വെളുപ്പിന് 4:45 ന് രാധാമണി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു.കൊച്ചിനെ വാങ്ങാൻ തുണിയുമായി കാത്തിരുന്ന് അമ്മായി ഉറക്കമായി.പിന്നെ നാത്തൂൻ സത്യവതി കൊച്ചിനെ വാങ്ങി.കയ്യിൽ കിട്ടിയ ഉടനെ ‘മുത്തേ,പൊന്നിൻകുടമേ” എന്നുവിളിച്ച് സത്യവതി കൊച്ചിന് പേരുമിട്ടു. രാധാമണി പെറ്റതറിഞ്ഞ് നാട്ടിൽ ഉണ്ടായിരുന്ന മറ്റ് ബന്ധുക്കൾ കൂടി ആശുപത്രിയിലെത്തി. ആദ്യമായാണ്‌പപ്പനാഭൻഡോക്ടറുടെ ആശുപതി ബന്ധുക്കളെകൊണ്ട് നിറയുന്നത്.
അതോടെ പപ്പനാഭൻ ഡോക്ടർ രാധാമണിയെ വീട്ടിലേയ്ക്ക് അയച്ചു. ഇപ്പോൾ അറിഞ്ഞും കേട്ടും ബന്ധുക്കൾ വന്നുംപോയുമിരിക്കുന്നു.
തൽക്കാലികമായി കെട്ടിയ ചായ്പ്‌പിൽ കിടക്കാൻ ആള് കൂടുതലായതിനാൽ ഖദീജാഉമ്മാച്ചിയുടെ വീട്ടിലാണ് ചിലർ രാത്രി ഉറങ്ങാൻ പോകുന്നത്.
“എന്തിനാ..ന്റെ.. ലീലേ നീയീ ആളുകളെ പിടിച്ചിട്ടേക്കണേ.ഓടിച്ചു ബിട്ടൂടെ?
എന്ന് ഖദീജ ചോദിച്ചു.
“എന്തു ചെയ്യാൻ ഖദീജാ.. മരുമോന്റെ ആളുകളല്ലേ.
ഇറങ്ങിപ്പോകാൻ പറയാൻ പറ്റുവോ?”
എന്ന് ലീല മറുപടിയും പറഞ്ഞു.എന്തായാലും അച്ചായാ, നമ്മുടെ കുംബക്കാരൊന്നും തിരോന്തോരത്ത് പോയി കെട്ടാതിരുന്നത് ഭാഗ്യം. കെട്ടിയിരുന്നെങ്കിൽ എന്നും വിരുന്നുകാരെകൊണ്ടു പൊറുതിമുട്ടിയേനെ.അടുത്തവർഷം ഞാനും അങ്ങോട്ട് വരേണ്ടതല്ലേ.രാധാമണിയുടെബന്ധുക്കളുടെ അടുത്തുപോയി തിരോന്തോരംഭാഷ പഠിച്ചാലോ ?പോരെങ്കിൽ എന്തെങ്കിലും ഒരു ജോലികിട്ടിയാൽ പോകണ്ടേ?എട്ടാംക്ലാസുവരെ പഠിച്ചഞാൻ വെറുതെയിരിക്കുന്നത് ശരിയാണോ?.
അങ്ങനെ ഞാനും അമ്മച്ചിയമ്മയും രാധാമണിയുടെ കൊച്ചിനെ കാണാൻ പോയി.തിരോന്തോരുത്തുകാരോട് സംസാരിച്ചു ഭാഷ പഠിക്കാൻ ഇതിലും കൂടുതൽ മറ്റൊരവസരമുണ്ടോ?രാധാമണിയുടെ കൊച്ചിനുവേണ്ടി സ്റ്റീഫൻ ഒരു കുട്ടിക്യൂറ പൗഡറും, ചന്ദ്രികാസോപ്പും, രാധാമണിക്ക് ദശമൂലാരിഷ്ടവും മേടിച്ചുതന്നു. പഴയ ഇഷ്ടക്കാരിയോടുള്ള താൽപര്യം ഇപ്പോഴും മാറിയിട്ടില്ല.പൊടിയമ്മ പെറ്റുകിടന്നപ്പോൾ പോലും ദശമൂലാരിഷ്ടം മേടിച്ചുകൊടുത്തിട്ടില്ല. എന്തായാലും ഞങ്ങൾ ചെന്നപ്പോൾ ബന്ധുക്കളെല്ലാംഅടുത്തുകൂടി.കൊച്ചിനെക്കണ്ടു.രാധാമണിയുടെ തനിപ്പകർപ്പ്.
നൂല് കെട്ട് കഴിഞ്ഞു കൊച്ചിനേയും, തള്ളയേയും കൊണ്ട രാജേന്ദ്രനും കുടുംബക്കാരും തിരികെപോകുന്നുള്ളത്രേ.
രാധാമണിയുടെ നാത്തൂൻ സത്യവതി നല്ല അടുപ്പംകാണിച്ചു.
“എവിടെ ഒള്ളത്? ഇവിടെ അടുത്തൊള്ളത് തന്നെ?”
തിരുവന്തോരത്തുകാരെങ്കിലും സ്നേഹത്തിനൊട്ടും കുറവില്ല.വിശേഷങ്ങളൊക്കെ പരസ്പരംപങ്കുവെച്ച് മടങ്ങാൻ നേരം സത്യവതി പറഞ്ഞു.
” നമ്മള് ഒരുമാസം ഇവിടെക്കാണും. ഇള്ളൂളം സമയം കിട്ടുമ്പം അങ്ങോട്ടൊക്കെ വരാം.”. കേട്ടപ്പോൾ എനിക്ക് സന്തോഷമായച്ചായാ, സത്യവതി വന്നാൽ എനിക്ക് സംസാരിച്ചു ഭാഷ പഠിക്കാല്ലോ.
” അമ്മാ ഇങ്ങോട്ട് വരീന്നേ.. ഈ തള്ള ഇങ്ങനേണ് ആരേങ്കിലും കിട്ടിയാ കൊണുകൊണാന്ന് മിണ്ടീപറഞ്ഞും നിക്കും. “
സത്യവതിയുടെ മോൻ തവളക്കണ്ണൻ ചെക്കന് ഞങ്ങൾ സംസാരിച്ചുനിന്നത് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു.
“എന്തേരെടാ ചെറുക്കാ. നീ എന്തിന് കെടന്നു പൊളക്കണ്.”
ചെക്കനെ വഴക്ക് പറയുന്നതിനോടൊപ്പം ഞങ്ങളെ സമാധാനിപ്പിച്ചു.
“മൂത്ത മോനാണ് സനല് കുമാറ്.പിള്ളകള് വലുതാവുമ്പം പറഞ്ഞാലൊന്നും കേക്കൂലാ. അച്ഛൻ ചത്ത ചെറുക്കനാണ്.നമ്മള് പറഞ്ഞാലൊന്നും കേക്കൂല.”
“എങ്ങനെയാ സത്യവതി കെട്ടോൻ മരിച്ചത്..?
അറിയാനുള്ള ആഗ്രഹം കൊണ്ട് ഞാൻ ചോദിച്ചു.
“പാറമലേല് പണിക്ക് പോയതാണ്.കെണ്ടൻ പാറ തലേ വീണാ ചത്തത്.”
സത്യവതി ആ ഓർമ്മയിൽ മൂക്ക് പിഴിഞ്ഞു.
“സാരമില്ല കർത്താവ് അനുഗ്രഹിക്കട്ടെ എല്ലാം വിധിപോലെയെ നടക്കൂ.”
അമ്മച്ചിയമ്മ സത്യവതിയെ ആശ്വസിപ്പിച്ചു തിരികെ വീട്ടിലെത്തിയതും ഇതുവരെ കിട്ടിയ വാക്കുകൾ എഴുതിവെച്ചു ഞാൻ പഠിച്ചു തുടങ്ങി.
അച്ചായാ, ഇസ്മായിൽ ഉസ്മാനെകാണാൻ ഖദീജാ ഉമ്മാച്ചിയുടെ വീട്ടിലെത്തി.ഖദീജ കൊച്ചിനെ കാണിച്ചില്ലെന്നുമാത്രമല്ല കണക്കിന് കൊടുത്തു. ദേഷ്യംവന്ന് ഇസ്മായിൽ പറഞ്ഞു.
” നീ ചെവിയേൽ നുള്ളിക്കോ കതീജാ.. ഒരീസം കരഞ്ഞോണ്ട് ഞമ്മളെ കാണാൻ ബരും നീയ്…”
“പിന്നേ ഞമ്മന്റ് പട്ടി ബരും.ഒന്ന് പോ.ഹമുക്കേ. ‘ഖദീജയുംവിട്ടുകൊടുത്തില്ല.”
“നിങ്ങള് മുണ്ടാണ്ടിരിക്കീൻ..”
കോങ്കണ്ണി പാത്തു ഖദീജയെ പിന്തിരിപ്പിക്കാൻ നോക്കി.
“കള്ള ഹിമാറ്, പള്ളലുണ്ടാക്കി. ഞമ്മളെ പൊറംകാലിന് തൊയിച്ചതുംപോരാ ഇപ്പംകൊച്ചിനെ തെരക്കി വന്നേക്കന്. വാപ്പായാണ് പോലും, ന്റെ…ഉസ്മാന് വാപ്പാ ഇല്ല.ഓൻ പടച്ചോന്റെ കുട്ട്യാ. ഓടിക്കോ ശെയിത്താനേ… “
ഖദീജയുടെ കലി അടങ്ങിയില്ല.വെടികൊണ്ടപന്നിയെപ്പോലെ ഇസ്മായിൽ ഓടിഒളിച്ചു..
വൈകിട്ട് കുഞ്ഞിക്കണ്ണ് വന്നപ്പോൾ കോങ്കണ്ണിപാത്തു ഇസ്മായിൽ വന്നകാര്യം പറഞ്ഞു. .
.”മാമി ചെയ്തതാ..സെരി. ‘
കുഞ്ഞിക്കണ്ണ്
ഖദീജയുടെ പക്ഷം ചേർന്നു…
അച്ചായാ,അപ്പച്ചന് നടുവിന് ചെറിയ വേദന,മുൻപ് കന്നുപൂട്ടിനിടയിൽ കാലുതെന്നിവീണത് ഞാൻ എഴുതിയിരുന്നല്ലോ.വർഷംമൂന്നുകഴിഞ്ഞു.അതിന് ശേഷം പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.ഇന്നലെമുതൽ നടുവേദനതുടങ്ങി.വൈദ്യനെ കാണാനൊന്നുംപോയില്ല കൊട്ടൻചുക്കാദി എണ്ണ ചൂടാക്കി പുരട്ടി പുരുഷനെ കൊണ്ട് ചവിട്ടി തിരുമിക്കും.ചെക്കൻ അപ്പച്ചന്റെപുറത്തുകയറി നിരങ്ങികളിക്കുകയാണ്.ഓരോ തിരുമ് കഴിയുമ്പോഴും വേദനയ്ക്ക് മാറ്റമുണ്ടാകുന്നുണ്ട്.അല്ലെങ്കിലും എന്റെ വല്യമ്മാവന്റെ (മരിച്ചുപോയ വല്യമ്മാനെ കുറിച്ചുഞാൻ പറഞ്ഞിട്ടില്ലേ..?)അച്ഛൻ വൈദ്യനായിരുന്നു പാരമ്പര്യതിരിമുകാരായിരുന്നുഅമ്മാവന്റെ കുടുംബക്കാർ.ആ ഗുണമാണ് പുരുഷന് കിട്ടിയിരിക്കുന്നത് ഒരുപണിയും കിട്ടിയില്ലെങ്കിലും ചെക്കൻ തിരുമിജീവിച്ചോളും. അമ്മച്ചിയമ്മയുടെ മുട്ടുവേദന ചെക്കൻ തിരുമ്മിയാണ് മാറ്റുന്നത്. വെറുതെ തിരുമാറില്ല.ബിസ്ക്‌കറ്റ് റസ്ക്‌ക്,ബന്ന്, പഴം അല്ലെകിൽ രാഘവൻമാമന്റെ കടേലെ പുട്ടും കടലേം മേടിച്ചുകൊടുക്കണം.തീറ്റിയുടെ ഗുണം തിരുമിൽ പ കാണിക്കും.എന്തുകിട്ടിയാലും ജോണിന്റെ മോൾക്ക് കൊടുക്കും.സ്റ്റീഫന്റെ ചെക്കന് അമ്മച്ചിയമ്മ ഇടപെട്ട് മേടിച്ചുകൊടുക്കണം.ബാലവാടിയിൽ
ടുട്ടുമോനാണ് ചെക്കന്റെ പ്രധാന ശത്രു…
ബാലവാടിയിലെ പെൺപിള്ളേരൊന്നും ടുട്ടുമോനോട് മിണ്ടാൻ പാടില്ല. അതുകാരണം എന്നും പഠിക്കാൻ പോകും.ഇപ്പോൾ കാണാതെ പത്തുവരെ
എഴുതും.തറ,പറ, പന,തല,വല,മല ഇത്രയുമറിയാം ബാലപാഠത്തിലെ പടം നോക്കി വായിക്കും. നല്ല ബുദ്ധിയാ…ബുദ്ധിയുടെകാര്യത്തിൽ ഞാനും മിടുക്കിയാ ഏത് ഇരുട്ടത്തും ഞാൻ എന്തും തപ്പി കണ്ടുപിടിക്കും.അച്ചായന് ഓർമ്മയില്ലേ ഞാൻ തപ്പി കണ്ടുപിടിച്ചത്..?
അച്ചായാ സുഖമല്ലേ?അവിടെ മഴയുണ്ടോ?ഇവിടെ മഴയാണ്. ഓലമേഞ്ഞ നമ്മുടെവീട്ചെറുതായി ഓട്ടവീണു എങ്കിലും പ്രളയത്തെ അതിജീവിച്ചവീടല്ലേ ഒന്നും സംഭവിക്കില്ല. ചോർച്ചതടയാൻ അപ്പച്ചൻപുത്തൻ ഓല വെച്ചുകെട്ടി… ഇവിടെ ഞങ്ങളെല്ലാം സുഖമായിരിക്കുന്നു…

No Comment.