
മാറ്റം അനിവാര്യം പക്ഷേ….
ഓരോ വർഷവും തീരുമാനങ്ങളെടുക്കുന്നവരാണ് ഭൂരിഭാഗം വ്യക്തികളും. ഡിസംബറിന്റെ അവസാനം ദൃഢപ്രതിജ്ഞ എടുക്കുന്നവരും വിരളമല്ല. എന്നാൽ ചിലർ ഇതൊന്നും തന്നെ ബാധിക്കുന്നതേയല്ല എന്ന മട്ടിൽ ജീവിക്കുന്നവരുമുണ്ട്. വരും വർഷത്തിൽ നടപ്പിലാക്കേണ്ട കാര്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാകേണ്ടത് നല്ലതാണ്. പ്രതീക്ഷയും നല്ലത്. പക്ഷേ, അതിനൊത്ത് പ്രവർത്തിക്കാനുള്ള ഊർജ്ജം നിലനിർത്തി പോകാൻ കുറച്ചു ബുദ്ധിമുട്ടാണ്.അപ്രതീക്ഷിതമായി ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധിയിൽ അതുവരെ എടുത്ത തീരുമാനങ്ങൾ തിരുത്തിക്കുറിക്കുന്നവരാണ് പലരും. പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കാൻ കഴിയാത്ത ഇത്തരം നെഗറ്റീവ് ചിന്താഗതിക്കാർ എന്തിനും ഏതിനും വിമർശനവുമായി മറ്റുള്ളവരുടെ പോസിറ്റീവ് ചിന്തകളെ / പ്രവർത്തനങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കും.
പൊതുവെ ജനുവരിയുടെ ആദ്യദിനങ്ങളിൽ കാണുന്ന ആവേശം മെല്ലെ തണുത്തുറഞ്ഞ് മഞ്ഞു മലയായി രൂപാന്തരപ്പെടുന്നു. വീണ്ടും അടുത്ത ഡിസംബറിൽ മഞ്ഞുരുക്കം സംഭവിക്കുന്നു.
പുതുവർഷത്തിൽ പുതിയ തീരുമാനപ്രകാരം മാറ്റം ആഗ്രഹിക്കുന്നവരാണ് നമ്മൾ. അപ്പോഴും ചുറ്റുമുള്ളതൊന്നുംമാറുന്നില്ല.
നമ്മുടെ തൊഴിലിടം ഒന്നുതന്നെയാകാം, കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ, നാട്ടുകാർ… എല്ലാം പഴയതുതന്നെയാണ്.
കഴിഞ്ഞുപോയ വർഷം ജീവിതത്തിൽ സംഭവിച്ച നന്മയും തിന്മയും തിരിച്ചറിയാൻ ശ്രമിക്കുകയാണ് വേണ്ടത്. പോയവർഷം മികച്ച നേട്ടങ്ങൾ കൈവരിച്ചവരും, പരിക്കില്ലാതെ കഷ്ടിച്ച് രക്ഷപ്പെട്ടവരും ഏറെ വേദനകൾ സഹിക്കേണ്ടിവന്നവരുമുണ്ടാകാം.
എല്ലാസമയവും സന്തോഷത്തിന്റേതല്ല. എന്നാൽ ദുഃഖത്തിന്റേതുമല്ല.
തിരുത്തേണ്ടവതിരുത്തിയും, മെച്ചപ്പെടേണ്ടത് മെച്ചപ്പെടുത്തിയും ജീവിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോകാനുള്ള മനോധൈര്യമാണ് പ്രധാനം.ആരോഗ്യം മറ്റൊരു പ്രധാനഘടകമാണ്.ആരേയും ദ്രോഹിക്കാതെ ജീവിക്കാൻ സാധിച്ചാൽ മനഃസമാധാനമുണ്ടാകും. അതിലൂടെ ടെൻഷൻ ഒരു പരിധിവരെ ഒഴിവാക്കാം.
സ്വപ്നം കാണാം/ ആഗ്രഹിക്കാം പക്ഷേ,പലതും മനുഷ്യന്റെ മാത്രം നിയന്ത്രണത്തിലല്ല. ജീവിതം നാം പ്രതീക്ഷിക്കുന്നതുപോലെ ആയിരിക്കണമെന്നില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ സാധിച്ചാൽ
‘ ലൈഫ് ഈസ് ബുട്ടിഫുൾ…’

No Comment.