Skip to content

chithrodayamflashnews.com

May 7, 2026 12:32 am

ശുഭചിന്തകൾ

ആരാണ് സുഹൃത്ത്? ആരായിരിക്കണം സുഹൃത്ത്?

സൗഹൃദങ്ങൾക്ക് /സുഹൃത്തുക്കൾക്ക് വലിയൊരു സ്ഥാനമുണ്ട്. ഒരു വ്യക്തിയെ വളർത്താനും തളർത്താനും സുഹൃത്തിന് /സുഹൃത്തുക്കൾക്ക് കഴിയും. ചിലർ കുടുംബത്തേക്കാൾ പ്രാധാന്യം സുഹൃത്തുക്കൾക്ക് നൽകുന്നു. കുടുംബകാര്യങ്ങൾ, സ്വകാര്യനിമിഷങ്ങൾ വരെ സുഹൃത്തുക്കളുമായി ചർച്ച ചെയ്യുന്നവരാണ് 60% പേരും. ഭാര്യയുടെ മുന്നിലെ നിഷേധിയും സുഹൃത്തിന്റെ മുന്നിൽ സമാധാനപ്രിയനാണ്.ഭർത്താവിനെ /ഭാര്യയെ ഉപദേശിച്ചു നന്നാക്കാനും നിയോഗിക്കപ്പെടുന്നത് പലപ്പോഴും സുഹൃത്തുക്കളെയാണ്.
“എന്നേക്കാൾ വലുത് സുഹൃത്തുക്കളാണോ?” എന്ന ഭാര്യയുടെ/മാതാപിതാക്കളുടെ ചോദ്യത്തിന് “അതെ, അവരെന്റെ ചങ്കാണ് “എന്ന് പറയുന്നവരും കുറവല്ല. പക്ഷേ ഈ ചങ്കും പറിച്ചുകൊണ്ട് പോകുന്നതും ചില സുഹൃത്തുക്കളാണ്.

ഹൃദയരഹസ്യങ്ങൾ കൈമാറുന്നതും ഏത് തരികിടപ്പണിക്കും ചങ്ക് സുഹൃത്ത്/സുഹൃത്തുക്കൾ കൂടെ ഉണ്ടാവും. ലഹരി ഉപയോഗിക്കാത്തവനെ ലഹരിയുടെ ഗുണമേന്മകൾ വർണ്ണിച്ച് ലഹരികേറ്റുന്നതും സുഹൃത്താണ്….
ഒപ്പം നിന്നിട്ട് ഒറ്റിക്കൊടുക്കുന്നവന്റെ പേരും സുഹൃത്ത് തന്നെ….
തോളത്ത് കയ്യിട്ട് ചേർത്തു പിടിച്ചതും തോളൊപ്പം നിന്നവളെ തട്ടിയെടുത്തതും സുഹൃത്ത്….
മടിശീല കനത്താൽ മണം പിടിച്ചെത്തുന്നതും സുഹൃത്ത്‌ തന്നെ……

സമൂഹ ജീവി എന്നനിലയിൽ സൗഹൃദങ്ങൾ ഉണ്ടാകേണ്ടത് ഏതൊരു വ്യക്തിയുടേയും മാനസിക /ശാരീരിക ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ശത്രുത /വൈരാഗ്യം, ഇല്ലാതെ വലുപ്പചെറുപ്പം നോക്കാതെ, ലിംഗവ്യത്യാസം നോക്കാതെ സുഹൃത്തുക്കൾ ഉണ്ടായിരിക്കുക എന്നത് മാനസികാരോഗ്യം നിലനിർത്തുന്നു. അതുപോലെ വ്യക്തിയുടെ ശാരീരികമായ ഊർജ്ജം നിലനിർത്തുകയും ചെയ്യുന്നു.

സൗഹൃദങ്ങളുടെ നീണ്ട പട്ടിക തന്നെയുണ്ടെങ്കിലും “ഒറ്റപ്പെടൽ ” അനുഭവിക്കുന്നവരുമുണ്ട്.വിശ്വസ്തരിൽ നിന്ന് ചതി പറ്റിയവരും , എല്ലാവരേയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നവരും ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ട മനസുമായി നിൽക്കേണ്ടിവരുന്നു.
ഒരു നല്ല സുഹൃത്തിന് വേണ്ടി കാത്തിരിക്കുന്നവർക്ക് മനസിനെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരാളെ പോലും കണ്ടെത്താൻ സാധിക്കില്ല.

“എങ്ങനെ ആയിരിക്കണം സുഹൃത്ത്…”

നമ്മുടെ വീഴ്ചയിൽ താങ്ങി നിർത്തുകയും ഉയർച്ചയിൽ സന്തോഷിക്കുന്നവരുമായിരിക്കണം. തെറ്റുകൾക്ക് പച്ചക്കൊടി കാണിച്ച് ഒപ്പം നിൽക്കാതെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരാകണം, സ്വന്തം പ്രണയത്തിലേക്ക് /ദാമ്പത്യത്തിലേക്ക് കടന്നു കയറാൻ സുഹൃത്തുക്കളെ അനുവദിക്കാതിരിക്കുക.സുഹൃത്തിന്റെ ഉപദേശം കേൾക്കാം പക്ഷേ തീരുമാനം /ഉറച്ച നിലപാട് നമ്മുടേത് മാത്രമായിരിക്കണം. ഏതൊരു വ്യക്തിക്കും മറ്റൊരാൾക്ക്‌ കൊടുക്കാൻ കഴിയുന്ന ഗിഫ്റ്റാണ് “സമയം “. ഏത് തിരക്കിനിടയിലും നമുക്കായി സമയം കണ്ടെത്തുന്നവരായിരിക്കണം സുഹൃത്തുക്കൾ. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ നമ്മെ ചേത്തുപിടിക്കുന്ന, കേൾക്കാൻ ശ്രമിക്കുന്ന, തെറ്റുകണ്ടാൽ വഴക്കിടുന്ന,നമ്മുടെ പോരായ്മകളെ വിമർശിക്കുന്ന,വീഴ്ചയിൽ സാന്ത്വനിപ്പിക്കുന്ന,നമ്മുടെ ഉയർച്ചയിൽ സന്തോഷിക്കുന്നവർ ആരാണോ അതാണ് യഥാർത്ഥ സുഹൃത്തുക്കൾ. അതായിരിക്കണം സുഹൃത്ത്…..

0 Comments

No Comment.