Skip to content

chithrodayamflashnews.com

Asnap 1409

ആലപ്പുഴയിൽ വീട്ടമ്മയുടെ വയറ്റിൽ 5 വർഷമായി കത്രിക;

ആലപ്പുഴ: പുന്നപ്രയിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തി. പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റിലാണ് അഞ്ച് വർഷമായി കത്രികയുള്ള നിലയിൽ കണ്ടെത്തിയത്. 2021ൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഉഷയ്ക്ക് ശസ്ത്രക്രിയ നടന്നിരുന്നു. ഇതിനിടെ കുടുങ്ങിയ കത്രികയാണ് ഇത് എന്നാണ് പരാതി.

എംആർഐ സ്കാനിങ്ങിലാണ് ഉഷയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്. 2021ൽ വയറ്റിലെ മുഴ നീക്കാനാണ് ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. ഓപ്പറേഷന് ശേഷം ഉഷയ്ക്ക് തുടർച്ചയായി വേദന അനുഭവപ്പെട്ടിരുന്നുവെന്നും ആശുപത്രിയിൽ ഇക്കാര്യം പറഞ്ഞപ്പോൾ കാര്യമാക്കിയില്ല എന്നും ഉഷയുടെ ഭർതൃ സഹോദരൻ ജോമോൻ പറഞ്ഞു.

സ്കാൻ ചെയ്ത് നോക്കാൻ പോലും ഡോക്ടർമാർ പറഞ്ഞിരുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. പിന്നാലെ ബ്ലീഡിങിനെതുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പോയപ്പോഴാണ് ഉഷയ്ക്ക് എക്സ്റേയും സ്കാനും നിർദേശിച്ചത്. ഈ പരിശോധനയിലാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്.

വിഷയത്തിൽ നാളെ മുതൽ സമരം ആരംഭിക്കുമെന്ന് പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോബിയാസ് റിപ്പോർട്ടറിനോട് പറഞ്ഞു. അഞ്ച് വർഷമായി ജോലി ചെയ്യാൻ പോലും കഴിയാതെ ഉഷ വേദന അനുഭവിക്കുകയാണ്. അവർ തൊഴിലുറപ്പ് തൊഴിലാളിയാണ്. ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും തോബിയാസ് പറഞ്ഞു. നാളെ മുതൽ മെഡിക്കൽ കോളജിന് മുന്നിൽ സമരം തുടങ്ങുമെന്നും ആരോഗ്യ മന്ത്രിക്ക് പരാതി നൽകുമെന്നും തോബിയാസ് പറഞ്ഞു. ലളിതാംബിക എന്ന ഡോക്ടറാണ് ഓപ്പറേഷൻ നടത്തിയത്. വിഷയം ആശുപത്രിയെ അറിയിച്ചപ്പോൾ നാസർ എന്ന ഡോക്ടർ എല്ലാം ഒതുക്കിത്തീർക്കാം എന്ന് പറഞ്ഞുവെന്ന ഗുരുതര ആരോപണവും തോബിയാസ് ഉന്നയിച്ചു.

2021 മെയ് അഞ്ചിനാണ് ശസ്ത്രക്രിയ നടന്നതെന്നും പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടുവെന്നും ഉഷ ജോസഫ് പറഞ്ഞു. ആശുപത്രികളിൽ മാറിമാറി പോയി ചികിത്സ തേടി. മൂത്രത്തിലൂടെ രക്തം പോകാൻ തുടങ്ങിയപ്പോഴാണ് താൻ ടെസ്റ്റുകൾ നടത്തിയത്. ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു താൻ. മൂത്രസഞ്ചിയിൽ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്സ്റേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കണ്ടത് എന്നും ഉഷ പറഞ്ഞു.

പിന്നാലെ ന്യൂറോളജിയിലെ ഡോക്ടർ ഇത് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നും ആരോടും പറയേണ്ട, ഓപ്പറേഷൻ നടത്താമെന്ന് പറഞ്ഞതായും ഉഷ വെളിപ്പെടുത്തി. ഒരുപാട് പണം ചികിത്സക്കായി ചെലവായി എന്നും മരുന്ന് വാങ്ങിയതിന് കണക്കില്ല എന്നും ഉഷ പറഞ്ഞു. ഇഷ്ടം പോലെ മരുന്ന് മേടിച്ചുകഴിച്ചിട്ടുണ്ട്. എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ പോലും ഗുളികകൾ കൊണ്ടുപോകണം. തനിക്ക് ഇനി മെഡിക്കൽ കോളേജിലേക്ക് പോകേണ്ട എന്നും പേടിയാണെന്നും ഉഷ പറഞ്ഞു. താൻ ഒരുപാട് വേദന തിന്നുവെന്നും മൂത്രം പോകുമ്പോഴും, ജോലി ചെയ്യുമ്പോഴും കഠിനമായ അസ്വസ്ഥതയാണ് അനുഭവിച്ചത് എന്നും ഉഷ പറഞ്ഞു.

ആലപ്പുഴ എംപി കെ സി വേണുഗോപാൽ ഉഷയുമായി സംസാരിച്ചു. താൻ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയാണെന്നും വലിയ കഷ്ടമാണ് അനുഭവിച്ചതെന്നും കെ സി വേണുഗോപാൽ ഉഷയോട് പറഞ്ഞു. സങ്കടപ്പെടുത്തുന്ന കാര്യമാണ് ഉഷക്ക് സംഭവിച്ചത് എന്നും ഉഷയ്ക്ക് നീതി കിട്ടണമെന്നും കെ സി വേണുഗോപാൽ പിന്നീട് റിപ്പോർട്ടറിനോട് പറഞ്ഞു.കുറ്റകരമായ അനാസ്ഥയിൽ അന്വേഷണം വേണം. ഉഷക്ക് ആവശ്യമായ ചികിത്സാ സഹായം നൽകാൻ തങ്ങൾ തയ്യാറാണ്. ചികിത്സാപ്പിഴവ് ഗൗരവകരമായി കാണണമെന്നും സർക്കാർ അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.

അഞ്ച് വർഷമായി അനുഭവിക്കുന്ന വേദനയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.

മരണത്തിന് മുൻപേ ആൺസുഹൃത്തിനെ വിളിച്ചു ഞാന്‍ ജീവനൊടുക്കാൻ പോവുകയാണെന്ന് അപർണ പറഞ്ഞു, പ്രിയപ്പെട്ടവരുടെ നോവായി പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം…

വീട്ടിൽ പ്രസവിച്ച യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ ആംബുലൻസ് ഡ്രൈവർ നടത്തിയ ഇടപെടൽ ശ്രദ്ധേയമാകുന്നു

16കാരി ഓടിയതും, വീണതും ബാധ ഒഴിപ്പിക്കലിനിടെയെന്ന് മുരാരി തന്ത്രി; രാജൻ ബാബു താന്ത്രിക വിദ്യകള്‍ പഠിച്ചിട്ടില്ലെന്ന് അന്വേഷണസംഘം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6