2024 | മാർച്ച്-01|വെള്ളിയാഴ്ച..|
1199 | കുംഭമാസം 17|ചോതി|


ആരാണ് സമ്പന്നർ..?
പൊതുവെ നാം ഒരു യാത്രപോകുമ്പോൾ അല്ലെങ്കിൽ ഒരു പൊതു പരിപാടി, വിവാഹം, മറ്റ് റിസപ്ഷൻസ്..
പോകുമ്പോൾ കണ്ടുമുട്ടുന്ന എല്ലാ മനുഷ്യരും സന്തോഷത്തിലാണ്. ഇത്തരം പ്രോഗ്രാമിൽ സങ്കടപെടുന്നവരെ കണ്ടുമുട്ടാൻ പൊതുവെ കഴിയാറില്ല. എന്നാൽ ചില ആത്മാർത്ഥ സൗഹൃദങ്ങൾക്കിടയിൽ രഹസ്യമായി കദന കഥകളും പങ്കുവെയ്ക്കുന്നുണ്ടാവാം. എങ്കിലും മറ്റുള്ളവരുടെ മുന്നിൽ അവരും സന്തോഷത്തിന്റെ മേലങ്കി പുതച്ചവരാണ്.
സത്യത്തിൽ ഈ മനുഷ്യരെല്ലാം സന്തോഷത്തിലാണോ..?
അതോ സന്തോഷം അഭിനയിക്കുകയാണോ…?
ഏറ്റവും നല്ല നടീനടന്മാർ വെള്ളിത്തിരയ്ക്ക് പുറത്തുള്ളവരാണ്. “എനിക്ക് അഭിനയിക്കാൻ അറിയില്ല “എന്നു പറയുന്നവരും, ക്യാമറയ്ക്ക് മുന്നിൽ തോൽവി സമ്മതിച്ച് പിൻവാങ്ങുന്നവരും ജീവിതത്തിൽ എത്ര മനോഹരമായിട്ടാണ് അഭിനയിക്കുന്നത്.
മോട്ടിവേഷനിലൂടെ, യോഗയിലൂടെ, സ്വയം ക്രമീകരിച്ച ചിട്ടയായ സ്വഭാവ സവിശേഷതയാൽ.. പലരും സന്തോഷത്തോടെ ജീവിക്കുന്നു എന്ന് അവകാശപ്പെടുന്നു.
മോട്ടിവേഷൻ സ്പീക്കർ മറ്റുള്ളവർക്ക് മോട്ടിവേഷൻ നൽകുന്നു. എന്നാൽ ഇത് സ്വന്തം ജീവിതത്തിൽ ഒരു പരിധിക്കപ്പുറം പ്രാവർത്തികമാക്കാൻ കഴിയില്ല. അവരുടെ എനർജി, പോസിറ്റീവ് മൈന്റ്, പെർഫോമെൻസ് എല്ലാം ഒരു പരിധിവരെ അഭിനയമാണ്.ഏറ്റവും വേണ്ടപ്പെട്ട ബന്ധുവിന്റെ മരണത്തിൽ പങ്കെടുക്കുമ്പോൾ അവർ എല്ലാ മനുഷ്യരേയും പോലെ ദുഃഖിതരാണ്.
ആർക്കും ആരേയും ഉപദേശിക്കാൻ കഴിയും പക്ഷേ, സന്തോഷിക്കാനുള്ള അവസരം നാം സ്വയം ഉണ്ടാക്കി എടുക്കേണ്ടതാണ്.
നമുക്ക് ചുറ്റും ഉള്ളവർ ഓരോരുത്തരും സന്തോഷത്തിലാണ്. “പക്ഷേ, എനിക്ക് മാത്രം എന്താണിങ്ങനെ…?”
പലരും ചിന്തിച്ച് നിരാശപ്പെടുകയും ചിലർ ആത്മഹത്യയിൽ അഭയം കണ്ടെത്തുകയും ചെയ്യുന്നു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സൂയിസൈഡ് ചെയ്തിരുന്നു എങ്കിൽ ലോക ജനസംഖ്യയിൽ കാര്യമായ കുറവ് സംഭവിക്കുമായിരുന്നു.
പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല. നമ്മൾ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ജീവിതത്തിൽ സമാധാനം നിലനിർത്താൻ കഴിയുന്നത്.
കാലുള്ളവൻ വിലകൂടിയ ഷൂസിനായി തെരയുമ്പോൾ, കാലില്ലാത്തവന് നടക്കാൻ കഴിയാത്തതിന്റെ സങ്കടം…
ഇതേ അവസ്ഥതന്നെയാണ് ഓരോ മനുഷ്യരും അഭിമുഖീകരിക്കുന്നത്. അവിടെ സമ്പന്നരോ, ദരിദ്രനോ എന്നില്ല.
സ്വന്തം ആരോഗ്യം/ജീവൻ നിലനിർത്താൻ പണം കൊണ്ട് കഴിയാതെ ഈ ലോകം വിട്ടുപോയവർ എത്രയോ പേർ..
എന്നാൽ പണമില്ലാത്തതിന്റെ കാരണത്താൽ ജീവൻ നിലനിർത്താൻ കഴിയാതെ പോയവർ അതിലും ഇരട്ടിയാണ്.
ആരാണ് സമ്പന്നർ…?
ആരോഗ്യമുള്ള ശരീരവും മനസും ഉണ്ടെങ്കിൽ… അവരെ സമ്പന്നർ എന്ന് വിശേഷിപ്പിക്കാം….
ഇന്നത്തെ ജീവിത സാഹചര്യത്തിൽ ലഭിക്കാതെ പോകുന്നതും…ആരോഗ്യമുള്ള മനസും ശരീരവുമാണ്…

No Comment.