
ആതുര “സേവനം “
മനുഷ്യൻ, മനുഷ്യനെ ദൈവത്തെപ്പോലെ കാണുന്ന അനുഭവങ്ങൾ… ഡോക്ടർമാർ / ആരോഗ്യ പ്രവർത്തകർ, ആതുര സേവന തല്പരതയോടെ രോഗികളെ പരിചരിക്കുമ്പോൾ അവർക്ക് മാലാഖമാരുടെ മുഖമാണ്. ഡോക്ടർമ്മാരെ ദൈവതുല്യമായി കാണുന്ന നിമിഷങ്ങളുണ്ട്. ഒപ്പം ഭൂമിയിലെ മാലാഖമാരും.
എന്നാൽ മനുഷ്യത്വം തൊട്ടുതീണ്ടാത്തവർ ഈ മേഖലയിലുണ്ട്. ഡോക്ടർമാർ മാത്രമല്ല മറ്റു ജീവനക്കാരും ഈ ഗണത്തിൽപ്പെടും.സാധാരണക്കാരെ സംബന്ധിച്ച് പ്രൈവറ്റ് ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് പോകുവാൻ അവരുടെ സാഹചര്യങ്ങൾ/സാമ്പത്തികം പലപ്പോഴും അനുവദിക്കുകയില്ല.
അപ്പോൾ ഏക രക്ഷാമാർഗ്ഗം സർക്കാർ ഹോസ്പിറ്റൽ /മെഡിക്കൽ കോളേജുകളുമാണ്.
മണിക്കൂറുകൾ ക്യൂ നിന്നിട്ടാണ് ചീട്ടെടുത്ത് ഡോക്ടറെ കാണാൻ അവസരം കിട്ടുന്നത്.രോഗി വിവരങ്ങൾ പറഞ്ഞു തുടങ്ങുമ്പോഴേയ്ക്കും ഡോക്ടർ ആകെ/മൊത്തം ഒന്നു ഉഴിഞ്ഞുനോക്കിയിട്ട് മരുന്നുകൾ നിശ്ചയിച്ച് കുറിച്ചു നൽകി.ഏതാണ്ട് റേഷൻ സമ്പ്രദായം പോലെ.
രോഗികൾക്ക് ഒരു വിധം എല്ലാ ചികിത്സകളും ലഭിക്കുന്ന ഇടമാണ് മെഡിക്കൽ കോളേജുകൾ എന്നാണ് പൊതുവേ പറയുന്നത്.എന്നാൽ ഇതു പലപ്പോഴും അനുഭവത്തിന്റെ വെളിച്ചത്തിൽ വാസ്തവവിരുദ്ധമാണ്.
പല ഡോക്ടർമാരുടേയും, ജീവനക്കാരുടേയും സമീപനം തികച്ചും മോശമാണ്.മെഡിക്കൽ കോളേജ് ഏതാണ്ട് കുടുംബസ്വത്തുകിട്ടിയപോലെയാണ് ചില ഡോക്ടർമാരുടെ പെരുമാറ്റം. പ്രായമായ മാതാപിതാക്കന്മാരെയൊ, ബന്ധുക്കളെയൊ
മെഡിക്കൽ കോളേജുകളിൽ കൊണ്ടുപോകേണ്ടിവരുമ്പോൾ യാതൊരു പരിഗണയും കൊടുക്കാറില്ല. 65- 70 വയസ് കഴിഞ്ഞ രോഗികൾക്ക് കൃത്യമായ പരിഗണന ലഭിക്കാറില്ല. മരിക്കാൻ തയാറായിക്കൊള്ളു എന്ന ധ്വനി സംസാരത്തിലും, ശരീര ഭാഷയിലും കാണിക്കും. അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ പല വൃദ്ധരോടും ഇവരുടെ പെരുമാറ്റം നേരിൽ കാണേണ്ടി വന്നിട്ടുണ്ട്.
വൃദ്ധരായ രോഗികൾ പറയുന്ന അസുഖവിവരങ്ങൾ അവഗണിക്കുകയും,രോഗിയോടൊപ്പം വരുന്നവരോട് ഇവർക്ക് വിദ്വേഷമുള്ളതുപോലെയാണ് പെരുമാറ്റവും, വർത്തമാനവും.
70വയസ് പ്രായമായ, വാർദ്ധക്യ സഹജമായ ചിലഅസുഖങ്ങളുമായി അമ്മയേയും കൊണ്ട് ചികിത്സതേടി സർക്കാർ മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ ഒരു മാന്യനായ ഡോക്ടർ പറഞ്ഞത് ഇനിചികിത്സയൊന്നുമില്ല. ഇത്രയും പ്രായമായില്ലേ…
രാമനാമം ജപിച്ചിരിക്കൂ എന്നാണ്. നിസ്സഹായതയോടെ മക്കളെ നോക്കുന്ന അമ്മയെ നേരിടാനാവാതെ മുഖം തിരിക്കുമ്പോൾ നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ പരിശ്രമിക്കുന്ന മക്കളെ കാണാൻ സാധിച്ചിട്ടുണ്.
ഒരാൾ ചികിത്സ തേടി എത്തിയാൽ പരമാവധി ആ വ്യക്തിയുടെ ജീവൻ രക്ഷിക്കുക എന്നുള്ള ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവരാണ് ഡോക്ടർമാർ.
എന്നാൽ മുകളിൽ പറഞ്ഞപോലെയുള്ള ചെകുത്താന്മാരുരുടെ വേഷമണിഞ്ഞ ഡോക്ടർമാരും, മറ്റ്u ജീവനക്കാരുമുണ്ട് .ആതുര സേവനമേഖലയെ കളങ്കപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നവർ….

No Comment.