2023 | ഡിസംബർ 30| ബുധനാഴ്ച|
1199 | ധനു 18|ഉത്രം|


സ്നേഹവും,ആത്മാർത്ഥതയും ആവശ്യകതയും
ധനം, അധികാരം, പ്രശസ്തി ഇവ മൂന്നും ഉള്ളവരെ സ്നേഹത്തോടെ, ആരാധനയോടെ ജനങ്ങൾ അംഗീകരിക്കുന്നു. ഇനി ഇവയിൽ ഒന്നോ അതിലധികമോ ഉണ്ടായാലും സമൂഹം ഇഷ്ടപ്പെടും. ജനങ്ങൾകാണിക്കുന്ന സ്നേഹം കാണുമ്പോൾ നല്ല ഹെഡ് വെയിറ്റ് ചിലർക്ക് കാണും. ചിലർ എളിമ അഭിനയിക്കും.
എന്നാൽ ആത്മാർത്ഥ സ്നേഹം ജനങ്ങൾക്ക് ഇവരോടുണ്ടോ? ധനവാനോട് ധനം ഉള്ളതുകൊണ്ടുള്ള ഇഷ്ടം, പ്രശസ്തരോട് പ്രശസ്തിയിൽ നിൽക്കുന്നതുകൊണ്ടുള്ള ഇഷ്ടം, അധികാരം ഉള്ളവരോട് ആ സ്ഥാനത്തോടുള്ള ഇഷ്ടം.ഇതിൽ എവിടെയാണ് ആത്മാർത്ഥത?
“ജനങ്ങൾ എന്നെ ഇഷ്ടപ്പെടുന്നു” എന്ന് അഹങ്കരിക്കുമ്പോഴും, ജനം നിങ്ങളിലെ വ്യക്തിയെ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട്? അതാത് മേഖലയിൽ വഹിക്കുന്ന സ്ഥാനം/പ്രശസ്തി / പണം ഇല്ലെങ്കിൽ ഈ ആരാധനയും സ്നേഹവും ഉണ്ടാകുമോ?ജനങ്ങൾ ഇത്തരം വ്യക്തികളെ പരമാവധി പ്രയോജനപ്പെടുത്തുന്നു. അതിനുവേണ്ടി അവർ സ്നേഹം അഭിനയിക്കുന്നു. ഇതൊക്ക തനിക്ക് ലഭിക്കുന്ന അംഗീകാരവും, സ്നേഹവുമാണെന്ന് പലരും തെറ്റിദ്ധരിക്കുന്നു / വിശ്വസിക്കുന്നു. എന്നാൽ ഈ സ്ഥാനമാനങ്ങൾ നഷ്ടമായാൽ ആരാധനയും സ്നേഹവും ഉണ്ടാകുന്നില്ല. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നവരും, ധനവാനും എല്ലാം ലയിച്ചു ചേരുന്നത് മണ്ണിൽ തന്നെയാണ്. പിന്നീട് എത്രപേർ ആരാധനയോടെ സ്നേഹത്തോടെ ഇവരെ ഓർക്കും. മൂന്നോ, നാലോ തലമുറ കഴിഞ്ഞാൽ കുടുംബാംഗങ്ങൾ / ബന്ധുക്കൾ പോലും ഓർക്കാറില്ല.തുറക്കപ്പെടാത്ത അധ്യായത്തിലെ ഒരു പേജിൽ കാലക്രമേണ ചിതലരിച്ചു പോകുന്ന ഒരു ചിത്രം മാത്രമാണ് എല്ലാ മനുഷ്യരും….
ഇവിടെ ജീവിക്കാൻ സാധിക്കുന്ന അത്രയും കാലം സന്തോഷത്തോടെ, സമാധാനത്തോടെ നല്ല മനുഷ്യരായ് ജീവിച്ചു മടങ്ങുക…

No Comment.