2024 | ജനുവരി06| ശനിയാഴ്ച|
1199 | ധനു 21|ചോതി|


പെട്ടെന്ന് പൊട്ടി മുളയ്ക്കുന്ന ബന്ധങ്ങൾക്ക് അമിത പ്രാധാന്യം നൽകാതിരിക്കുക.
ചില ബന്ധങ്ങൾ അങ്ങനെയാണ് പെട്ടെന്ന് ഉടലെടുക്കും. പുതുമണ്ണിൽ കിളിർക്കുന്ന പല ചെടികൾക്കും പൂർണ്ണ വളർച്ചയിൽ എത്താൻ കഴിയാറില്ല. വളക്കൂറില്ലാത്ത മണ്ണിൽ അല്പായുസ് മാത്രമേ ഉണ്ടാകാറുള്ളു. പല ബന്ധങ്ങളും ഇങ്ങനെ തന്നെയാണ്.അമിതാവേശത്തോടെ തുടങ്ങും. ചിലർ വന്നതുപോലെ തന്നെ പെട്ടെന്ന് അപ്രത്യക്ഷമാകും. ചിലർ എപ്പോഴും തിരക്ക് അഭിനയിക്കും. സാവകാശം അകന്നുപോകും.മറ്റു ചിലർ ബന്ധം എല്ലാവരോടും സ്ഥാപിക്കും.സീരിയസായി ഒരാളേയും മനസ്സിൽ പ്രതിഷ്ഠിക്കാറില്ല. വീണിടം വിഷ്ണു ലോകമാണ് അവർക്ക്.ഏത് വ്യക്തികളോട് സൗഹൃദം തോന്നിയാലും പൂർണ്ണമായും അവരെ വിശ്വസിക്കാതിരിക്കുക. എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടുന്ന ഇത്തരം ബന്ധങ്ങളിൽ മുൻ കരുതൽ ഇല്ലെങ്കിൽ മനഃസമാധാനം നഷ്ടപ്പെടുന്നു.
വ്യക്തിയെ അറിഞ്ഞു മാത്രം രഹസ്യങ്ങൾ തുറന്നു പറയുക. ഓർക്കുക. നാം നമ്മെ മനസിലാക്കുന്നതുപോലെ/സ്നേഹിക്കുന്നതുപോലെ ഒരാൾക്കും നമ്മെ അറിയാൻ കഴിയില്ല. അതുകൊണ്ടുതന്നെ രഹസ്യങ്ങൾ ആരുമായും പങ്കുവെയ്ക്കാതിരിക്കുക.
“പ്രശ്നങ്ങൾ മറ്റുള്ളവരോട് പങ്കുവെച്ചാൽ / ചർച്ച ചെയ്താൽ പരിഹരിക്കാൻ സാധിക്കും” എന്ന് പൊതുവെ കേൾക്കാറുണ്ട്. പക്ഷേ,ആർക്കാണ് ഇപ്പോൾ മറ്റൊരാളുടെ പ്രശ്നം പരിഹരിക്കാൻ സമയം? കാര്യങ്ങൾ വേണ്ടവിധം മനസിലാക്കാതെ നൽകുന്ന ഉപദേശങ്ങൾ, നിർദ്ദേശങ്ങൾ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കാൻ മാത്രമേ കഴിയൂ. ചിന്തിച്ചു തീരുമാനം എടുക്കാത്തതുകൊണ്ടാകാം പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാകുന്നത്. ചിലത് നമുക്ക് മുൻകൂട്ടി നിശ്ചയിക്കാൻ കഴിയാറുമില്ല. പരിഹാരം സ്വയം കണ്ടെത്തുക. ആവശ്യമെന്ന് തോന്നിയാൽ ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കൾ / കുടുംബാംഗങ്ങൾ അവരോടുമാത്രം തുറന്നു പറയുക. ഏത് പ്രതിസന്ധിയും സ്വയം പ്രതിരോധിക്കാൻ സാധിക്കുന്ന വ്യക്തികൾ കരുത്തുറ്റ വ്യക്തിത്വങ്ങളായിമാറും. “തീയിൽ കുരുത്താൽ വെയിലത്തുവാടുമോ?”

No Comment.