2024 | ജനുവരി17| ബുധനാഴ്ച|
1199 | മകരം 03| രേവതി|

പ്രതികരിക്കാതെ വയ്യ…
എന്തിനും, ഏതിനും പ്രതികരിക്കുന്ന ഒരു കൂട്ടം മനുഷ്യരുണ്ട്. ചിന്തിക്കാതെ പ്രവർത്തിക്കുന്ന ഇത്തരക്കാർ വളരെ വേഗം പിന്മാറുന്നതും കണ്ടിട്ടുണ്ട്.
എന്നാൽ വസ്തുനിഷ്ഠമായി, കാര്യകാരണസഹിതം വിലയിരുത്തി പ്രതികരിക്കാൻ പലരും മുന്നോട്ടു വരേണ്ടത് ഈ കാലഘട്ടത്തിൽ ആവശ്യമാണ്. വേറിട്ട പല പ്രതികരണങ്ങളും കേൾക്കുന്നുണ്ടെങ്കിലും. ദുർബലമാണ്… ചിലത് പേരെടുക്കാനുള്ള ശ്രമമായും, മറ്റുചിലത് പ്രശസ്തരല്ലാത്തതിന്റെ പേരിലും അവഗണിക്കപ്പെടുന്നു.
പ്രശസ്തർ എന്തുപറഞ്ഞാലും വാർത്തയാകുന്നു, ചിലരെ “സന്മാർഗികൾ “എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ കൂട്ടം ചേർന്ന് ആക്രമിക്കുന്നു.അഭിപ്രായ സ്വാതന്ത്ര്യം എല്ലാപേർക്കുമുണ്ട്.അഭ്യർത്ഥിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അത് ചെയ്യണോ, വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കുമുള്ളപ്പോൾ വ്യക്തികളെ തേജോവധം ചെയ്യുന്നത് ശരിയല്ല.ലക്ഷങ്ങൾ പ്രതിഫലം വാങ്ങി യാതൊരു മൂല്യവുമില്ലാത്ത ഉത്പന്നങ്ങൾ വാങ്ങാൻ ജനങ്ങളോട് നിർദ്ദേശിക്കുന്ന എത്രയോ പ്രശസ്ത താരങ്ങളുണ്ട്.
“തന്റെ സൗന്ദര്യത്തിന്റെ രഹസ്യം തന്നെ കുളിക്കാൻ ഉപയോഗിക്കുന്ന… ഈ സോപ്പാണെന്ന് “പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നവർ, മായം ചേർത്ത കറി പൗഡറുകളാണെന്നറിഞ്ഞിട്ടും രുചിയും ഗുണമേന്മയും ഉറപ്പിച്ചു പറയുന്നതും നാം കാണുന്നു. പരസ്യങ്ങളിലൂടെ വന്ന് നമ്മെ കബളിപ്പിക്കുന്ന താരങ്ങൾക്ക് മനസ്സിൽ പത്തര മാറ്റിന്റെ തിളക്കം.
ജനജീവിതം ദുഃസഹമാക്കുന്ന പല പ്രശ്നങ്ങൾക്ക് നേരേയും കണ്ണും, കാതും അടച്ചു പിടിക്കുന്നതിലൂടെ ലഭിക്കുന്ന സ്ഥാനമാനങ്ങൾ /പാരിദോഷികം കൈപ്പറ്റുന്നവർ പോലും നിരുപദ്രവകാരികളായ ചില വ്യക്തിത്വങ്ങളെ അപമാനിക്കാൻ രംഗത്തുണ്ട്.ദൈവീകമായി ലഭിച്ച ചില കഴിവുകൾ അവർക്ക് മാത്രം സ്വന്തമാണ്.ആർക്കും പകരമാവാൻ മറ്റൊരാൾക്ക് കഴിയില്ല. വിമർശനം ഒരുപരിധിവരെ നല്ലതാണ്.സത്യസന്ധമായി, വിശ്വാസി എന്നനിലയിൽ നൽകിയ നിർദ്ദേശം വിശ്വാസികൾ മാത്രം മുഖവിലയ്ക്ക് എടുത്താൽ തീരുന്ന പ്രശ്നത്തെ രാഷ്ട്രീയ വത്ക്കരിക്കുന്നത് ശരിയാണോ?
സമൂഹത്തിൽ ഉന്നതരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലരുടെ മോശം പരാമർശങ്ങൾ സ്വന്തം നിലവാര തകർച്ചയായിമാത്രമേ കാണാൻ സാധിക്കൂ.

No Comment.