

പ്രിയപ്പെട്ട അച്ചായന്,
അച്ചായാ,ലീലയുടെമോള് രാധാമണിയുടെ കല്യാണമാണ്. അടുത്ത ഞായറാഴ്ച പതിനൊന്നുമണിക്ക്. സ്റ്റീഫൻ കുറച്ചുനാൾ വളക്കാൻ നോക്കിയ പെണ്ണാണ് അവള്. വളഞ്ഞില്ലെന്നുമാത്രമല്ല കമ്പിപോലെ നിന്നു. സ്റ്റീഫനും മറ്റൊരുതരത്തിൽ ഇതേ അവസ്ഥയിലായിരുന്നു. അവൻ പോയി പൊടിയമ്മയെ വളച്ചു. വളയാൻ കാത്തുനിന്നപൊടിയമ്മ ഒടിഞ്ഞു കൂടെ പോരുകയുംചെയ്തു.
പയ്യൻ തെക്ക് നിന്നാണ്. പേര് *രായേന്ദ്രൻ” എന്നാണ് ലീല പറഞ്ഞത്.രാധാമണിപറഞ്ഞു “രാജേന്ദ്രൻ “എന്ന്. ഏതായാലും ഒരു ഇന്ദ്രനാണ് കെട്ടാൻപോകുന്നത്. സംഗതി സ്റ്റീഫൻ കെട്ടിയെങ്കിലും രാധാമണിയുടെ കല്യാണം എന്ന് കേട്ടതും സ്റ്റീഫന്റെ മുഖം വാടി.പഴയമോഹം കാണാതിരിക്കുമോ?
ജോൺസൺ എന്തായാലും കെട്ടാൻ മുട്ടി മോളിക്കുട്ടിയെ കെട്ടി.ഒരു പെണ്ണ് വേണം എന്നല്ലാതെ ഏതുപെണ്ണ് എന്നില്ലായിരുന്നു. എന്നിട്ടും മോളിക്കുട്ടിയെ കല്യാണത്തിന് മുൻപേ ജോൺസണ് പരിചയമുണ്ടായിരുന്നു എന്നാണ് നാട്ടുകാര് പറയുന്നത്. മോളിക്കുട്ടിയുടെ സ്വഭാവം കണ്ടിട്ട് ഉറക്കവും തീറ്റയുമല്ലാതെ മറ്റൊന്നിലും താല്പര്യമുള്ളതായിതോന്നുന്നില്ല. ഉറക്കം കാരണം മോളിക്കുട്ടി പെറാൻ മറന്നുപോകുമെന്നാണ് എനിക്ക് തോന്നുന്നത്.
“ഗർഭഭാരംചുമക്കുന്ന ചുമട്ടുകാരിയാണുഞാൻ വീട്ടുകാരെ, ഉറക്കത്തിന് തടസ്സമാകരുതേ.. എന്റെ, ഉറക്കത്തിന് നിങ്ങളാരും..
തെറ്റുപറയരുതേ…”
എന്ന് വാതിലിൽ
എഴുതിവെച്ചു മോളിക്കുട്ടി. ഇത് വായിച്ച് സ്റ്റീഫൻ ചോദിച്ചു ഇതാണോ “കവിത ?മോളിയേട്ടത്തി നന്നായി കവിത എഴുതുന്നുണ്ട്.”
പ്രസവത്തോടെ കവിതഎഴുതി തുടങ്ങുമോഎന്നാണ് സംശയം.
ഉറക്കത്തിൽ ശല്യപ്പെടുത്താതിരിക്കാൻ മോളിക്കുട്ടി എഴുതിയ കുറിപ്പ് മോളിക്കുട്ടിയെ കവിയായി അംഗീകരിക്കപ്പെട്ടു. സത്യത്തിൽ മോളിക്കുട്ടി കവിത എഴുതിയതാണോ?പ്രശസ്ത എഴുത്തുകാരായ രാജമ്മ പരമുവും, വസന്ത ലോറൻസും,സ്മിത സുനിലും എത്ര മനോഹരമായാണ് എഴുതുന്നത്.അതിന്റെ ഏഴയലത്ത് വരുമോ മോളിക്കുട്ടിയുടെ “കവിത”. വസന്ത ലോറൻസ് ആകാശവാണിയിൽ കവിതചൊല്ലിയത്
കേട്ടു. അതാണ് കവിത..
മോളിക്കുട്ടിയുടേത് വെറും “കഴിത”.
അച്ചായൻ വിചാരിക്കും എനിക്ക് മോളിക്കുട്ടിയോട് അസൂയയാണെന്ന്. ലേശം ഇല്ലാതില്ല. മുത്തവൾ ഞാനല്ലേ അച്ചായാ.. എന്നിട്ടും ഉറങ്ങാൻ ബോർഡെഴുതി വെച്ചമോളിക്കുട്ടി കവിയായി. അച്ചായന് കത്തെഴുതുന്ന സമയത്ത് ഞാൻ കഥ എഴുതിയെങ്കിൽ എനിക്കും മോളിക്കുട്ടിക്ക് കിട്ടുന്ന
പരിഗണനകിട്ടിയേനെ.
എത്ര കത്തെഴുതി. എന്നിട്ടും,ഈ ദുഷ്ടൻ അച്ചായന്..എന്നെ..ഒന്ന് കാണണമെന്ന് പോലുമില്ല.ഞാനിവിടെ മൂത്തുനരയ്ക്കട്ടെ.പ്രേമിച്ചു നടന്നപ്പോൾ എന്തൊക്കെയായിരുന്നു. “ചക്കരേ.. മുത്തേ ..തേനേ..പാലേ..ഈ ആണുങ്ങള് എല്ലാം ഇങ്ങനെയാണോ?കെട്ട് കഴിഞ്ഞു അഞ്ചുവർഷമായി. ചെക്കന് 4 വയസും.എന്നിട്ടും എത്ര നാളാ അച്ചായാ നമ്മൾ ഒന്നിച്ചു താമസിച്ചത്? എന്നെകുറിച്ച് എന്തെങ്കിലും വിചാരമുണ്ടോ?
അച്ചായന് വാധ്യാര് പണിയുണ്ടെങ്കിലും കഞ്ഞി കുടിക്കണമെങ്കിൽ ഇപ്പോഴും അപ്പച്ചൻ പാടത്ത്പണിയെടുക്കണം.
അച്ചായാ, പൊടിയമ്മയുടെ അമ്മച്ചി “ത്രേസ്യാമ്മ” ഇന്നലെ പോയി.അപ്പച്ചനോട് ചെറിയ താല്പര്യമായിരുന്നു.പക്ഷെ കൃഷിയെ അല്ലാതെ അപ്പച്ചന് വേറെ എന്ത് പ്രണയം. ത്രേസ്യാമ്മയുടെമോഹങ്ങൾപൂവണിഞ്ഞില്ല. മറിയാമ്മച്ചിയെ പോലും കൃഷിനാശം വന്നതോടെ അപ്പച്ചൻ മറന്നു.കൊയ്യാറായ നെല്ലല്ലേ വെള്ളത്തിലായത്.
കറുമ്പിയും,കൊച്ചുപെണ്ണും പരസ്പരം മത്സരിച്ചു നട്ട ഞാറായിരുന്നു.
രാധാമണിയുടെ കല്യാണത്തിന് ഉടുക്കാൻ എനിക്ക് നല്ല സാരിയില്ല .അമ്മാവൻകൊണ്ടുതന്നെ സാരിക്ക് ഉടുപ്പില്ല.മോളിക്കുട്ടിയുടെ ഒരുസാരി ചോദിച്ചിട്ടുണ്ട്.അച്ചായൻ ഇനി വരുമ്പോ എനിക്ക് നല്ല ഒരുസാരിമേടിച്ച് തരണം.ആളുകളുടെ മുമ്പിൽ പത്രാസ് കാണിക്കണമെങ്കിൽ കൊള്ളാവുന്ന സാരി ഉടുക്കണ്ടേ?
അച്ചായാ, “ജോൺസൺഅപ്പച്ചനായി”. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പതിവുപോലെ മോളിക്കുട്ടി വടക്കേ പുരയിൽ ഉറങ്ങാൻകയറികുറച്ചുകഴിഞ്ഞപ്പോൾ “അമ്മച്ചിയേ “… എന്നൊരുവിളി. മറിയാമ്മച്ചി ആദ്യംഓടി.പുറകെ ഞങ്ങളും.ചെന്നപ്പോഴുണ്ട് മോളിക്കുട്ടിവയറും താങ്ങി നിൽക്കുന്നു.അപ്പോൾ തന്നെ നാണിത്തള്ളയെ വിളിക്കാൻ ആളുപോയി.അവിടെ ചെന്നപ്പോൾ നാണിതള്ളയെ കോട്ടയത്ത് ആരോ കൂട്ടി കൊണ്ടുപോയി. പേറെടുക്കാൻ…
പിന്നെ എന്തുചെയ്യും.
ആശുപത്രിയിൽ കൊണ്ട് പോകാമെന്ന് ജോൺസൺ.
ആശുപത്രിയിൽ പോവില്ലെന്ന് മോളിക്കുട്ടിക്ക് വാശി.അവസാനം ദീനം കലശലായി.മാളിയേയ്ക്കൽ വീട്ടിൽ വണ്ടി
വിളിക്കാനോടി.അവിടെചെന്നപ്പോഴുണ്ട് വണ്ടിയുടെ ടയറ് പഞ്ചർ.
വേഗം വറീത് മൂപ്പീന്നിനെ തിരക്കിപ്പോയി. മൂപ്പീന്ന് ചന്തയിൽ ചരക്കുകൊണ്ട് പോകാൻ തയാറായി നിൽക്കുവായിരുന്നു. എന്തായാലും ആ ചരക്കിന്റെ കൂടെ ഈ ചരക്കിനേയും കയറ്റി “പപ്പനാഭൻ” ഡോക്ടറുടെ ആശുപത്രിയിൽ ചെന്നു.
ആശുപത്രി കണ്ടതും മോളിക്കുട്ടിക്ക് ജിന്ന് കയറി. ” പെറൂല “എന്ന്
വിളിച്ചു കൂവി”.എന്റെ അച്ചായാ,അപ്പോൾ കണ്ടാൽ ഉറക്കം തുങ്ങി മോളിക്കുട്ടിയാണെന്ന് തോന്നില്ല. പിശാചിന്റെ സന്തതിയാണെന്ന് തോന്നും.അമ്മച്ചിയമ്മയും, മറിയാമ്മച്ചിയും,ജോൺസണും പഠിച്ചപണിപതിനെട്ടും നോക്കി. അവസാനം അപ്പച്ചൻ അകത്തേയ്ക്കുകയറി.
“നീ പേറുന്നോ ഇല്ലയോ?പാടത്തുകന്നുപൂട്ടാൻ നിന്ന ഞാനാ ഓടിവന്നത്. പെറ്റില്ലേൽ കണ്ടത്തിൽ ചവിട്ടി താഴ്ത്തും….. മോളേ ”
അപ്പച്ചന്റെ വിരട്ട് ഏറ്റു. അവൾ പേറ് മുറിയിയിലേയ്ക്ക് പോയി. കുറച്ചുകഴിഞ്ഞപ്പോൾ പേറും നടന്നു.കൊച്ച് പെൺകുട്ടിയാണ്.
പ്രസവം കഴിഞ്ഞു പുറത്തുവന്നപ്പോൾ അതുവരെ നടന്നതൊന്നും ഓർമ്മയില്ല എന്നാണ് മോളിക്കുട്ടിപറയുന്നത്.
അവളുടെ തള്ളമേരിക്കുട്ടി പറയുന്നത് അവരുടെ കുടുംബത്ത് പേറ്റു പിശാച് ഉണ്ടത്രേ.ഗർഭിണികളുടെശരീരത്തുകൂടുകയും പ്രസവം തടസപ്പെടുത്തുകയും ചെയ്യുമത്രേ.
ചിലരെ 5-6 മാസം ആകുമ്പോൾ തന്നെ പൂർണ്ണ വളർച്ചയെത്തിയ കുട്ടിയെ പ്രസവിപ്പിച്ചും പിശാച് അത്ഭുതം കാട്ടിയിട്ടുണ്ടന്ന്.
മേരിക്കുട്ടിയുടെകെട്ടോൻകോരപ്പന്റെ പെങ്ങളുടെ മോള് കല്യാണം കഴിഞ്ഞ് ആറാംമാസം പൂർണ്ണ വളർച്ചയെത്തിയ കുട്ടിയെപെറ്റെന്ന്. പിശാചിന്റെ ഉപദ്രവം മനസിലാക്കി ചെക്കൻ വീട്ടുകാര്പെണ്ണിനേയും കൊച്ചിനെയും കൂട്ടിക്കൊണ്ടു പോയി. പിശാച് മറ്റൊരു പണികൂടി കൊടുത്തു.കൊച്ചിന്റെ മുഖച്ചായ മഠത്തിൽ വീട്ടിൽ “ശശി “യെ പോലെ തോന്നിപ്പിച്ചു.
എന്തായാലും ആ ഉപദ്രവം മോളിക്കുട്ടിയോട് കാണിച്ചില്ല.ജോൺസന്റെ തനിപകർപ്പാ കൊച്ച്. അഞ്ചുദിവസത്തെആശുപതി വാസം കഴിഞ്ഞു മോളിക്കുട്ടി വീട്ടിലെത്തി.വടക്കേപുരയിൽ കിടപ്പും തുടങ്ങി.ഇപ്പോൾവടക്കുംതെക്കും പൊടിയമ്മയുംമോളിക്കുട്ടിയും പെറ്റുകിടക്കുന്നു.പുരുഷന് രണ്ട് പുരയിലും എപ്പോഴും പ്രവേശനമുണ്ട്..തീറ്റയും നടക്കുന്നുണ്ട്.
ബാക്കി വിശേഷങ്ങൾ അടുത്ത കത്തിൽ….


നല്ല രസമുള്ള കഥ